മിടുക്കിയായ ഇടുക്കിയിലേക്ക്

"മലമേലെ തിരി വെച്ച് പെരിയാറിൽ തളയിട്ട് ചിരി തൂകും പെണ്ണല്ലേ ഇടുക്കി " ഇടുക്കിയെ വർണിക്കുന്ന റഫീക്ക് അഹമ്മദിന്റെ സുന്ദരമായ വരികൾക്ക് ബിജി ബാലിന്റെ സംഗീതത്തിൽ സുന്ദരമായ ഗാനം. വാക്കുകൾ കൊണ്ടും സംഗീതം കൊണ്ടും വിവരിക്കാനാവാത്ത സൗന്ദര്യത്തിൽ ആറാടി നിൽക്കുന്ന മിടുക്കിയായ ഇടുക്കി. ഇടുക്കിയിലേക്ക് ഒരു യാത്ര, ഇടുക്കിയുടെ സൗന്ദര്യം നുണഞ്ഞ രണ്ട് ദിവസം . യാത്രയ്ക്ക് ഒരു വയസ് തികയുമ്പോളും യാത്രയുടെ ഓർമ്മകളും ഇടുക്കിയുടെ സൗന്ദര്യവും മനസിൽ മായാതെ ഇടുക്കിയുടെ പച്ചപ്പുപോലെ തങ്ങി നിൽക്കുന്നു. യാത്ര ഓഫീസിലെ സുഹൃദ് സംഘത്തിനൊപ്പം ആയിരുന്നു. യാത്രയിലുണ്ടായിരുന്ന പലരും ഇപ്പോൾ ഒരുമിച്ചില്ല എന്നത് ഒരു നൊമ്പരമായി മനസിലെരിയുന്നെങ്കിലും. യാത്രയുടെ ഓർമയോടൊപ്പം ഓരോരുത്തരും യാത്ര ചെയ്യുന്നു. കൂടുതൽ പ്ലാനിങ്ങുകളില്ലാതെ പെട്ടന്നെടുത്ത തീരുമാനം. അധികമാരും ഉണ്ടാവുകയില്ല എന്ന കണക്കു കൂട്ടലിലായിരുന്നു ആദ്യം, എന്നാൽ കണക്കുകൾ തെറ്റിച്ച് പ്രതീക്ഷകൾക്കു വിപരീതമായി ആദ്യം പറഞ്ഞപ്പോൾ തന്നെ എല്ലാവർക്കും സമ്മതം. അങ്ങനെ കാറ് വിളിച്ച് പോകാൻ പ്ലാൻ ചെയ്ത ഞങ്ങൾക്ക് വലിയ വണ്ടി തന്നെ വിളിക്കേണ്ടി വന്നു. പക്ഷെ യാത്രയുടെ ദിവ...