മിടുക്കിയായ ഇടുക്കിയിലേക്ക്


"മലമേലെ തിരി വെച്ച്
പെരിയാറിൽ തളയിട്ട്
ചിരി തൂകും പെണ്ണല്ലേ ഇടുക്കി "
ഇടുക്കിയെ വർണിക്കുന്ന റഫീക്ക് അഹമ്മദിന്റെ സുന്ദരമായ വരികൾക്ക് ബിജി ബാലിന്റെ സംഗീതത്തിൽ സുന്ദരമായ ഗാനം. വാക്കുകൾ കൊണ്ടും സംഗീതം കൊണ്ടും വിവരിക്കാനാവാത്ത സൗന്ദര്യത്തിൽ ആറാടി നിൽക്കുന്ന മിടുക്കിയായ ഇടുക്കി. ഇടുക്കിയിലേക്ക് ഒരു യാത്ര, ഇടുക്കിയുടെ സൗന്ദര്യം നുണഞ്ഞ രണ്ട് ദിവസം. യാത്രയ്ക്ക് ഒരു വയസ് തികയുമ്പോളും യാത്രയുടെ ഓർമ്മകളും ഇടുക്കിയുടെ സൗന്ദര്യവും മനസിൽ മായാതെ ഇടുക്കിയുടെ പച്ചപ്പുപോലെ തങ്ങി നിൽക്കുന്നു. യാത്ര ഓഫീസിലെ സുഹൃദ് സംഘത്തിനൊപ്പം ആയിരുന്നു. യാത്രയിലുണ്ടായിരുന്ന പലരും ഇപ്പോൾ ഒരുമിച്ചില്ല എന്നത് ഒരു നൊമ്പരമായി മനസിലെരിയുന്നെങ്കിലും. യാത്രയുടെ ഓർമയോടൊപ്പം ഓരോരുത്തരും യാത്ര ചെയ്യുന്നു.

കൂടുതൽ പ്ലാനിങ്ങുകളില്ലാതെ പെട്ടന്നെടുത്ത തീരുമാനം. അധികമാരും ഉണ്ടാവുകയില്ല എന്ന കണക്കു കൂട്ടലിലായിരുന്നു ആദ്യം, എന്നാൽ കണക്കുകൾ തെറ്റിച്ച് പ്രതീക്ഷകൾക്കു വിപരീതമായി ആദ്യം പറഞ്ഞപ്പോൾ തന്നെ എല്ലാവർക്കും സമ്മതം. അങ്ങനെ കാറ് വിളിച്ച് പോകാൻ പ്ലാൻ ചെയ്ത ഞങ്ങൾക്ക് വലിയ വണ്ടി തന്നെ വിളിക്കേണ്ടി വന്നു. പക്ഷെ യാത്രയുടെ ദിവസം അടുത്തതോടെ പലരും പല കാരണങ്ങളാൽ യാത്ര ഉപേക്ഷിച്ചതോടെ ഇരുപത്തിയേഴ് സീറ്റ് ബസിൽ യാത്ര ക്കാരുടെ എണ്ണം 18 ലേക്ക് കുറഞ്ഞു.

2016 ജനവരി 23 ശനിയാഴ്ച്ച
ഞങ്ങൾ 18 പേരും നേരത്തെ തന്നെ ഉണർന്നു. എല്ലാവരും രാത്രി ഉറങ്ങിയോ എന്നറിയില്ല. എനിക്ക് ഉറക്കമില്ലാത്ത രാത്രി ആയിരുന്നു കഴിഞ്ഞത്, എല്ലാവരേയും ഒരുമിച്ച് ചേർത്തുള്ള  യാത്രയുടെ പ്രതീക്ഷകളായിരുന്നു മനസിൽ നിറയെ. രാവിലെ അഞ്ച് മണി കഴിഞ്ഞതോടെ എല്ലാവരും റെഡി. വണ്ടി അൽപം വൈകിയാണ് വന്നതെങ്കിലും കിഴക്ക് പൊൻ കിരണങ്ങൾ തൂകുന്നതിനു മുന്നേ ഇൻഫോപാർക്കിന്റെ ഗെയിറ്റിനു മുന്നിൽ നിന്നും തിരുവോണം ( ബസിന്റെ പേരാണ് തിരുവോണം ) യാത്ര ആരംഭിച്ചു. യാത്രയുടെ ആവേശവും ആഹ്ലാദവും എല്ലാവരുടേയും മുഖത്ത് പ്രകാശം പരത്തി. പലതും ഒഴിഞ്ഞ സീറ്റുകൾ, വണ്ടിയിലെ പാട്ടുപെട്ടി ശബ്ദിച്ചതോടെ പാട്ടിന് ചുവടു വയ്ച്ചും കൈകൊട്ടിയും യാത്രയിൽ ആവേശക്കൊടുമുടികയറി ഓരോരുത്തരും. തണ്ണീർമുക്കം ബണ്ടും കടന്ന് വൈക്കത്തെത്തിയതോടെ പലർക്കും വിശപ്പ് ഒരോർമ്മപ്പെടുത്തൽ നടത്തി. യാത്രയിലുടനീളം വണ്ടിക്കാർ തന്നെ ഭക്ഷണം തയ്യാറാക്കി തരികയാണ് ഞങ്ങൾക്ക്. രാവിലത്തേക്കുള്ള ഭക്ഷണം നേരത്തെ തന്നെ തയ്യാറാക്കി വണ്ടിയിൽ കരുതിയിട്ടുണ്ട്. രാവിലെ ഭക്ഷണം തയ്യാറാകാനുണ്ടായ താമസമായിരുന്നു വണ്ടി താമസിക്കുന്നതിനും കാരണമായത്. അല്പസമയം കൂടി കഴിഞ്ഞ് ഭക്ഷണം കഴിക്കാം എന്ന തീരുമാനത്താൽ യാത്ര തുടർന്നു. ഇലഞ്ഞി പഞ്ചായത്തിന്റെ അതിർഥി കടന്നതോടെ എല്ലാവരെയും ഞാൻ എന്റെ സ്വന്തം നാട്ടിലേക്ക് സ്വാഗതം ചെയ്തു. എന്റെ യാത്രകൾക്ക് തുടക്കവും ഒടുക്കവും സമ്മാനിക്കുന്ന കൂത്താട്ടുകുളം എന്റെ ഈ യാത്രയിൽ ഒരിടത്താവളമായി മാറുന്നു. വൈക്കം -തൊടുപുഴ റൂട്ടിൽ നിന്നും റബ്ബർ മരങ്ങൾ പന്തൽ വിരിക്കുന്ന ഇടുങ്ങിയ റോഡിലൂടെ എന്റെ വീട് ലക്ഷ്യമാക്കി വണ്ടി മെല്ലെ മുന്നോട്ട് നീങ്ങി. വീട്ടിൽ അധികം താമസിച്ചില്ല, വീട്ടിൽ വയ്ച്ച് രാവിലത്തെ ഭക്ഷണവും കഴിച്ച്  യാത്ര തുടർന്നു

തൊടുപുഴയും മൂലമറ്റവും പിന്നിട്ടതോടെ വഴിയുടെയും യാത്രയുടേയും ഭാവം മാറി. ഇടുക്കിയുടെ മലമുകളിലേക്ക് വളഞ്ഞു പുളഞ്ഞു കയറുന്ന വഴിയേ ബസ് പതിയെ നിരങ്ങി കയറുന്നതിനിടയിൽ മേഘത്തിന്റെ പഞ്ഞിക്കെട്ടുകൾ നിറച്ച ആകാശത്തിനു കീഴെ വിദൂരതയിലേക്ക് നീളുന്ന ഹരിതഭംഗി വശം മാറി മാറി കാഴ്ച്ചക്ക് ചന്തം ചാർത്തുന്നു. ഇളം കാറ്റിലാടി വള്ളിപടർപ്പുകളും പുൽ തലപ്പുകളും ഇടുക്കിയുടെ മനോഹാരിതയിലേക്ക് സ്വാഗതം ചെയ്തു കൊണ്ടേയിരുന്നു.


നാടുകാണി പവലിയനിൽ അന്നത്തെ ആദ്യ സന്ദർശകരായി ഞങ്ങൾ. സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിൽ നിന്നുള്ള കാഴ്ച്ചകൾ നാടുകാണിയിൽ യാത്രക്കാരെ കാത്തിരിക്കുന്നു. നോക്കത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഇടുക്കി എറണാകുളം ജില്ലകളുടെ ഭാഗങ്ങൾ, ചെറിയ മലകളെ തൊട്ട് തഴുകി പോവുന്ന മേഘങ്ങൾ. താഴെയായി മൂലമറ്റം ടൗണും, മൂലമറ്റം പവർഹൗസും, മൂവാറ്റുപുഴയാറും കാഴ്ച്ചയുടെ ഫ്രെയിമുകൾക്ക് ചന്തം നൽകുമ്പോൾ, വെയിലിന്റെ ചൂടിനെ അലിയിച്ച് പൂത്തു നിൽക്കുന്ന മഞ്ഞക്കോളാമ്പിപ്പൂ കുലയും  കുലുക്കി ഞങ്ങളെയും തലോടി പൊയ്ക്കൊണ്ടേ ഇരുന്നു. നീലച്ചായം പൂശിയ ആകാശത്തിനും മഞ്ഞപ്പൂക്കൾ വിടർന്ന പൂച്ചില്ലകൾക്കും കഴിൽ ക്യാമറകൾ കൺതുറന്നടഞ്ഞു. സെൽഫികളും ഗ്രൂപ്പ്ഫി കളും ഗ്രൂപ്പ് ഫോട്ടോകളും ക്യാമറയുടെ ഓർമചിപ്പിൽ സ്ഥാനം നേടി. മറ്റ് യാത്രക്കാരുടെ വരവ് നാടുകാണിയിലേക്ക് തുടർന്നു. ഞങ്ങൾ നാടുകാണിയിലെ ഫ്രെയിമുകൾ ബാക്കിയാക്കി.

തൊടുപുഴ-ഇടുക്കി പ്രധാന പാത കടന്നു പോകുന്ന കുളമാവ് അണക്കെട്ടിനു മുകളിൽ കാഴ്ച്ചകളാസ്വദിച്ച് അധികനേരം നിന്നില്ല. ഡാമിലെ വെള്ളത്തിൽ തൊട്ടു തലോടി വീശിയടിക്കുന്ന കാറ്റിനെ പ്രണയിച്ച് വഴിയോരത്തെ കൊച്ചു ചായക്കടയിൽ നിന്ന് ചൂടൻ പരിപ്പുവടയും ചായയും രുചിച്ച് പൈനാവിലേക്ക്. ഇടുക്കിയുടെ ജില്ലാ ആസ്ഥാനമാണ് പൈനാവ്. പൈനാവിലെ കുയിലിമലയിലാണ് ഇടുക്കി കളക്ടറേറ്റ് സ്ഥിതി ചെയ്യുന്നത്. ജില്ലാ ആസ്ഥാനത്തിന്റെ പ്രൗഡികളിൽ മുങ്ങാതെ നാടൻ പെൺകുട്ടിയുടെ ശാലീനതയോടെ പൈനാവ് ഞങ്ങളെ യാത്രയാക്കി.


സമയം ചിലവിട്ട് ഹിൽവ്യൂ പാർക്കിൽ. മനോഹരമായി നിർമ്മിച്ചിരിക്കുന്ന 8 ഏക്കറിലായി പരന്നു കിടക്കുന്ന ഉദ്യാനം. ഉദ്യാനത്തിനു നടുവിലുളള തടാകത്തിൽ  പെഡൽ ബോട്ടിൽ സഞ്ചാരികൾ ഒഴുകി നടക്കുന്നു.  വെയിലിന്റെ തുളഞ്ഞു കയറുന്ന ചൂടിലും പാർക്കിൽ നിന്നുള്ള കാഴ്ച്ചകൾ മനസിനെ കുളിരണിയിക്കും. ചെറുതോണി ഡാമിന്റെയും ഇടുക്കി ആർച്ച് ഡാമിന്റെയും വ്യൂ ഹിൽവ്യൂ പാർക്കിൽ നിന്നുള്ള കാഴ്ച്ചയ്ക്ക് കൂടുതൽ സൗന്ദര്യം നൽകുന്നു. ഇടുക്കി അണക്കെട്ടും അണക്കെട്ടിലെ ഓള പരപ്പിലൂടെ ഒഴുകി നീങ്ങുന്ന ബോട്ടും പച്ചപ്പു പുതച്ച കുന്നിൻചരിവുകളും സഞ്ചാരികൾക്ക് കാഴ്ച്ചയുടെ നിറവസന്തം തന്നെ തീർക്കുന്നു. ഞങ്ങൾ കുറെ അധികനേരം പാർക്കിൽ ചിലവിട്ട് കാഴ്ച്ചകളോട് വിട പറഞ്ഞ് ഡാമിലേക്ക് നടന്നു.

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിച്ചിരിക്കുന്ന അണകെട്ടുകളാണ് കുളമാവ് ഡാമും ചെറുതോണി ഡാമും ഇടുക്കി ഡാമും. മെബൈൽ ഫോണും ക്യാമറയുമെല്ലാം പുറത്തു വയ്ച്ച് ചെറുതോണി ഡാമിലെ പോലീസ് പോസ്റ്റിനു മുന്നിലൂടെ ഡാമിനു മുകളിലെത്തി. സംഭരണിയിലെ ജലനിരപ്പുയരുമ്പോൾ ചെറുതോണി അണക്കെട്ടിലൂടെയാണ് വെള്ളം തുറന്നു വിടുന്നത്. കത്തുന്ന വെയിലിൽ ചെറുതോണി അണക്കെട്ടിനു മുകളിലൂടെ മലയെ ചുറ്റി ഇടുക്കി അണക്കെട്ടിലേക്ക്  നീളുന്ന പാതയിലൂടെ നടന്നു. കുറവൻ മലയുടേയും കുറത്തി മലയുടേയും കൈപിടിച്ച് ഏക്ഷ്യയിലെ തന്നെ ആദ്യത്തെകമാന അണക്കെട്ട് , ഓരോ തവണയും കാണും തോറും വിസ്മയത്തെ അണകെട്ടി നിർത്തി കാഴ്ച്ചക്ക് പുതുമയുടെ ചന്തം മായാത്ത മങ്ങാത്ത കാഴ്ച്ചകൾ സമ്മാനിക്കുന്നു.

വഴിയോരത്തെ മരത്തിനു കീഴിലിരുന്ന് ചെറുതോണി ഡാമിന്റെ ദൂരക്കാഴ്ച്ചയും  ആസ്വദിച്ച് വണ്ടിക്കാര് പാകം ചെയ്ത ഭക്ഷണവും കിഴിച്ച് ചെറുതോണിയുടേയും ഇടുക്കി ഡാമിനെയും ശാലീന സൗന്ദര്യത്തെ മനസിൽ നിറച്ച് അടിമാലി വഴി പള്ളിവാസലിലേക്ക്. പള്ളിവാസലിൽ സ്പൈസ് ഗാർഡൻ റിസോർട്ടിലാണ് അന്നത്തെ താമസം ഒരുക്കിയിരിക്കുന്നത്. ജീപ്പ് മാത്രം ഇറങ്ങുന്ന വഴിയേ തേയില തോട്ടം അതിരു പങ്കിടുന്ന റിസോട്ടിലെത്തിയതോടെ സമയം രാത്രി ഒൻപതു മണിയോടടുത്തു. ഭക്ഷണവും കഴിഞ്ഞ് അധികം വൈകാതെ തന്നെ, കാഴ്ച്ചകൾ മനസു നിറച്ച ഒന്നാം ദിനത്തെ ഓർമകളുടെ താരാട്ടിൽ തണുപ്പിനെ പ്രണയിച്ച് പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി.


മഞ്ഞുതുള്ളിയിൽ കുളിച്ച് നാണത്താൽ മുഖം കുനിച്ചു നിൽക്കുന്ന തേയിലയുടെ തളിരിലകൾ പുതപ്പു വിരിക്കുന്ന കുന്നുകൾക്കപ്പുറം സൂര്യൻ ഉദിച്ചുയരുന്നതും കാത്ത് ക്യാമറയും തൂക്കി ഇറങ്ങിയെങ്കിലും മഞ്ഞിന്റെ വികൃതിയിൽ പുകമറയിൽ കുടുങ്ങി സൂര്യൻ ക്യാമറ കണ്ണുകളിൽ നിന്നൊളിച്ചു നിന്നു. രാവിലത്തെക്കുള്ള ഭക്ഷണം അടുപ്പിനു മുകളിൽ ആവി പറത്തി തയ്യാറാകുമ്പോൾ തൊട്ടപ്പുറത്ത് വലിയ മരത്തിലെ കായ്കൾ കൊത്തി തിന്ന് പച്ച തത്തകൾ കലപിലവയ്ച്ചു. ചൂട് ഇഡലിയും സാമ്പാറും കഴിച്ച് പള്ളിവാസലിൽ നിന്നും യാത്ര തുടർന്നു.
ആദ്യ ദിനം പോലെ അത്ര ശുഭകരമായിരുന്നില്ല രണ്ടാം ദിനം. കൂട്ടുകാരിൽ ഒരാൾക്ക് ശാരീരിക അസ്വാസ്ഥ്വം അനുഭവെപ്പട്ടതിനെ തുടർന്ന് മൂന്നാർ ടൗണിൽ ബസ് ഒതുക്കി, ഒരു ഓട്ടോ വിളിച്ച് സഞ്ചാരികൾ അധികം സഞ്ചരിക്കാത്ത വഴിയിലൂടെ ടാറ്റയുടെ ഉടമസതതയിലുള്ള മൂന്നാർ ജനറൽ ഹോസ്പിറ്റലിലേക്ക്. വ്യത്യസതമായ ഒരു ഹോസ്പിറ്റൽ അന്തരീക്ഷം തമിഴും മലയാളവും കൂട്ടികുഴച്ച് പറയുന്ന ഡോക്ടറുമ്മാരും, നഴ്സുമ്മാരും , രോഗികളും. വലിയ മുറ്റവും പഴയ തെങ്കിലും പ്രൗഡിയോടെ തല ഉയർത്തി നിൽക്കുന്ന കെട്ടിടവും, കെട്ടിടത്തിനു നടുവിലായുള്ള മനോഹരമായ പൂന്തോട്ടവും ആശുപത്രിയെ വ്യത്യസ്തമാക്കുന്നു. ക്വാഷ്വാലിറ്റിയിലെ ഡോക്ടറുടെ നിർദ്ധേശ പ്രകാരം ഇംജഷനുമെടുത്ത് അൽപ നേരം ആശുപത്രിയിൽ വിശ്രമിക്കേണ്ടി വന്നു. ഈ സമയം മറ്റുള്ളവർ മൂന്നാർ ടൗണിലൂടെ പർച്ചേസിങ്ങും മറ്റുമായി സമയം ചിലവിട്ടു. ആശുപത്രിയിൽ സമയം ചിലവിട്ടതും വഴിയിൽ കാത്തുനിൽക്കേണ്ടി വന്നതും ആർക്കും പരാതിയും പരിഭവവും ഇല്ലായിരുന്നു എന്നത് ഞങ്ങളുടെ സുഹൃദ് ബദ്ധത്തിന്റെ ശക്തി തന്നെ ആയിരുന്നു. ഏകദേശം ഉച്ചയോടു കൂടിയാണ് ചിന്നാറിലേക്കുള്ള യാത്ര പുനരാരംഭിക്കുന്നത്.


മൂന്നാർ ഉദുമൽപേട്ട റോഡിലൂടെ ചിന്നാർ ലക്ഷ്യമാക്കി വണ്ടി പാഞ്ഞു. തേയില തോട്ടത്തിനു നടുവിലൂടെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന വഴിയിലൂടെ , സമയക്കുറവുമൂലം ടോപ് സ്റ്റേഷനിൽ കാഴ്ച്ചകൾ തേടി ഇറങ്ങിയില്ല. മറയൂരിലെ ചന്ദനക്കാടുകളും കരിമ്പിൻ തോട്ടങ്ങളും കാഴ്ച്ചകളുള്ളിലൊതുക്കി ഞങ്ങളെ യാത്രയാക്കിക്കൊണ്ടേ ഇരുന്നു. ഓരോ നിമിഷത്തിലും കാഴ്ച്ചകൾ മാറി മറിയുന്ന യാത്ര ചിന്നാറിൽ കേരള തമിഴ്നാട് അതിർഥി വരെ നീണ്ടു. ചിന്നാറിൽ കാട് കൂടുതൽ രൗദ്രതയിലാണ് . റോഡിനൊരു വശം അഗാദമായ താഴ്ച്ചയും അതിൽ ചെറിയൊരു കാട്ടരുവി പോലെ പാമ്പാറും ഇടയ്ക്കിടയ്ക്ക് മുഖമുയർത്തും. കേരള തമിഴ്നാട് അതിഥിയിൽ റോഡിൽ സ്വര്യ വിഹാരം നടത്തുന്ന വാനര സംഘത്തിനു നടുവിലൂടെ ഞങ്ങൾ നടന്നു. കുട്ടി കുരങ്ങൻമാരുടെ കളികൾ കണ്ട് അധികം നിന്നില്ല. യാത്ര തിരിച്ചു. 

തിരിച്ചുള്ള യാത്രയിൽ റോഡിനോടു ചേർന്ന പുൽപരപ്പിൽ മേഞ്ഞു നടക്കുന്ന കാട്ട് പോത്തുകളും. ഞങ്ങൾക്കു വേണ്ടി പറന്നിറങ്ങിയ മയിലും മാൻ കൂട്ടങ്ങളും വഴിയരികിൽ നിന്ന് ഞങ്ങളെ തിരികെ യാത്രയാക്കി. ചിന്നാർ ഫോറസ്റ്റ് ഡിവിഷൻ കടക്കുന്നതിനു മുൻപേ ബസിന്റെ ടയർ പഞ്ചറായത് കുറച്ച് സമയം കൂടി ചിന്നാർ കാടിന്റെ സൗന്ദര്യം നുണയാനായി. ബസിന്റെ ടയർ പഞ്ചറായി അധികം വൈകാതെ ഫോറസ്റ്റിന്റെ ജീപ്പ് ഞങ്ങളുടെ മുന്നിലെത്തി. ഞങ്ങളുടെ വണ്ടിയുടെ ടയർ ശരിയാക്കി യാത്ര തുടരുന്നതുവരെ ഫോറസ്റ്റിന്റെ ഡിപ്പാർട്ട്മെന്റിന്റെ കരുതൽ ഞങ്ങൾക്ക് സമ്മാനിച്ച്  വഴിയരികത്തായി ജീപ്പും വിശ്രമിച്ചു. യാത്ര പ്രതിസന്ധികൾ തരണം ചെയ്ത് തിരിച്ച് മൂന്നാറിലെത്തിയത് എട്ടു മണിക്കു ശേഷമായിരുന്നു. വൈദ്യുതി വിളക്കിന്റെ പ്രകാശത്തിൽ ചുറ്റി നടന്ന് തിരികെ എത്തിയപ്പോഴേക്കും രാത്രിയിലെ ഭക്ഷണം തയ്യാറായി. വഴിയരികിലെ അരണ്ട വെളിച്ചത്തിൽ നിന്ന് ഭക്ഷണവും കഴിച്ച് തിരികെയാത്ര തുടർന്നു. ഓർത്തിരിക്കാൻ ഒരു പിടി ഓർമകളും കാഴ്ച്ചകളുമായി തിരികെ ചേർത്തലയിലെ ഇൻഫോ പാർക്കിനു മുന്നിലെത്തിയപ്പോഴേക്കും പുലർച്ചെ നാല് മണി. യാത്രയുടേയോ ഉറക്കത്തിന്റെയോ ക്ഷീണം ആരെയും അലട്ടിയില്ല പതിവുപോലെ ഒൻപതു മണിക്കു തന്നെ ഓഫീസിലെ ജോലികളിലേക്ക് .







ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു ദിനം, വാഗമൺ പരുന്തുംപാറ പഞ്ചാലിമേട്

കാഴ്ച്ചയുടെ ഉയരങ്ങളിൽ മനസിന്റെ പൂക്കാലം

കെ.എസ്.ആർ.ടി.സി ഫോട്ടോസ് - KSRTC Picture Gallery