ഒരു ദിനം, വാഗമൺ പരുന്തുംപാറ പഞ്ചാലിമേട്

ഓളങ്ങൾ ഉറങ്ങുന്ന വൈക്കം കായൽ, ഇരമ്പുന്ന ജങ്കാറിന്റെ ശബ്ദത്താൽ ഞെട്ടി ഉണരുന്ന ഓളപരപ്പിനു മുകളിലൂടെ തവണ കടവിൽ നിന്നും ജങ്കാർ ഒഴുകി നീങ്ങി. കാറിൽ നിന്നും കേൾക്കുന്ന പാട്ടിനൊപ്പം, ഇരുണ്ട വെളിച്ചത്തിൽ നേർത്ത മഞ്ഞിൻ പുതപ്പ് പുതച്ച് കിടക്കുന്ന കായൽ സൗന്ദര്യം ആസ്വദിച്ച് ആദ്യ ജങ്കാറിർ തന്നെ ഞങ്ങളുടെ വാഗമണ്ണിലേക്കുള്ള യാത്ര ആരംഭിച്ചു. വൈക്കത്തുനിന്നും പാലായിലേക്കുള്ള റോഡിൽ വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെട്ട് തുടങ്ങിയിട്ടില്ല. ബലേനോയുടെ ആക്സിലറേറ്ററിലേക്ക് എന്റെ കാലമർത്തുമ്പോൾ വാഗമൺ മലനിരകൾക്കു മുകളിൽ സൂര്യൻ പൂർണ്ണ ശക്തി പ്രാപിക്കുന്നതിനു മുന്നേ അവിടെ എത്തണമെന്നായിരുന്നു. പൊതുവേ വേയിലു കൂടിയ കാലാവസ്ത ആയതിനാൽ ഉച്ചവെയിലിനെ ഞങ്ങൾ പേടിച്ചു. മരങ്ങാട്ടുപള്ളി എന്ന കൊച്ചു ഗ്രാമത്തിൽ നിന്നും മലയാളികളുടെ സ്വീകരണ മുറികളിലേക്ക് ലോക കാഴ്ച്ചകളും അറിവിന്റെ വാതായനങ്ങളും തുറക്കുന്ന സഫാരി ടി.വി യുടെ ഓഫീസിനു മുന്നിലൂടെ, പ്രതീക്ഷിച്ചതിലും മുൻപേ പാലാടൗൺ ഞങ്ങൾ കടന്നു. പാലായിൽ കടകളൊന്നം തുറന്നിട്ടില്ല ടൗണിലെ റോഡുകളിലും തിരക്കായിട്ടുമില്ല.
കേരളത്തിലെ പ്രശസ്തമായ തീർഥാടന കേന്ദ്രത്തിൽ, ഭാരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മായുടെ ശവകുടീരത്തിനു മുന്നിൽ മനസുകളർപ്പിച്ച് മുട്ടുകുത്തി. അല്പനേരം അവിടുത്തെ നിശബ്ദതയും പരിപാവനതയും നുണഞ്ഞ് നടന്നു. താഴെ പാർക്കിംഗ് ഗ്രൗണ്ടിൽ മൂന്ന് നാലു ബസുകളിൽ തീർഥാടകർ വന്നിറങ്ങുന്നു. അവരോരുത്തരായി ശവകുടീരത്തിലേക്കുള്ള പടവുകൾ കയറുമ്പോൾ ഞങ്ങൾ അവിടെ നിന്നും വാഗമണ്ണിലേക്കുള്ള യാത്ര തുടർന്നു.
ആദ്യം കണ്ട ഹോട്ടലിൽ തന്നെ കയറി. രാവിലത്തെ വിശപ്പകറ്റി. പിന്നീടങ്ങോട്ട് യാത്ര യുടെ മട്ട് മാറി. ഈരാറ്റുപേട്ടയിൽ നിന്നും വാഗമണ്ണിലേക്ക് വീതി കുറഞ്ഞ വഴിയിലൂടെ ബലേനോ മടി കാണിക്കാതെ കയറ്റം കയറി തുടങ്ങി. കാറിന്റെ എസി ഓഫ് ചെയ്ത് വീശിയടിക്കുന്ന തണുത്ത കാറ്റുമേറ്റ് കയറ്റം കയറുന്ന വലിയ വാഹനങ്ങളെ പിന്നിലാക്കി ഞങ്ങൾ മുന്നോട്ട് പാഞ്ഞു. വഴിയരികിലെ വീടുകളുടേയും കടകളുടേയും എണ്ണം കുറഞ്ഞു. വളഞ്ഞുപുളഞ്ഞു കിടക്കുന്ന റോഡിൽ വീതി കൂടിയ ഒരു വളവിൽ കാറൊതുക്കി പുറത്തിറങ്ങി. മുകളിലേക്ക് ചുറ്റി വളഞ്ഞ് പോകുന്ന റോഡ് . കൂറ്റൻ പാറകൾ വെട്ടിയിറക്കിയ റോഡിന്റെ വശങ്ങളിൽ നിന്ന് കാഴ്ച്ചകളാസ്വദിക്കുന്നതിനൊപ്പം ക്യാമറ ചിത്രങ്ങൾ പകർത്തിക്കൊണ്ടേ യിരുന്നു. വീശിയടിക്കുന്ന ശക്തമായ കാറ്റ് പിന്നോട്ട് തള്ളിക്കൊണ്ടേ യിരിക്കുന്നു. ഇടക്ക് വീശിയടിച്ച കൂസൃതിക്കാറ്റ് കാറിനകത്തേക്ക് പൊടിക്കാറ്റ് വീശി കടന്നു പോയി. അതുവഴി വന്ന ഐസ് ക്രീം വണ്ടിയിൽനിന്ന് ഐസ്ക്രീം വാങ്ങി മധുരവും നണഞ്ഞ് വണ്ടി വീണ്ടും സ്റ്റാർട്ട് ചെയ്തു.
വെയിലുറക്കുന്നതിനു മുൻപേ ഞങ്ങൾ വാഗമൺ മൊട്ടക്കുന്നുകളിലേക്ക് ക്യാമറക്കും ഞങ്ങൾക്കും പാസെടുത്ത് കയറി. കൂടുതൽ സഞ്ചാരികൾ എത്തിയിട്ടില്ല. വഴിയോരത്തെ കടകളൊക്കെ തുറക്കുന്നതേയുള്ളു. വേനലിൽ പച്ചപ്പു വറ്റിയ കുന്നുകൾക്ക് സ്വർണ്ണ നിറമാണ്. ഉണങ്ങിയ പുൽതലപ്പുകൾ, കുന്നുകൾ ഓരോന്നും കയറി ഇറങ്ങി ചെറിയ കുളിർ കാറ്റേറ്റ് നടത്തം കുന്നുകൾക്കു നടുവിലെ തടാകക്കര വരെ നീണ്ടു. തടാകത്തിനു ചുറ്റും പച്ചപ്പു വറ്റിയിട്ടില്ല, അതിനപ്പുറവും ഇപ്പുറവം എല്ലാം സ്വർണച്ചായം പൂശിയ കുന്നുകൾ അതിനും മുകളിലായി പഞ്ഞിക്കെട്ടുകൾ വിരിച്ച നീല ആകാശം. നീല ആകാശവും തടാകത്തിന്റെ പച്ചപ്പും സ്വർണക്കുന്നുകളും ക്യാമറക്കണ്ണുകൾക്ക് പശ്ചാത്തലമൊരുക്കി. ഞങ്ങൾക്ക് പിന്നാലെ കൂടുതൽ സഞ്ചാരി തടാകക്കരയിലേക്കെത്തി. തടാകത്തിൽ ബോട്ടിംഗിനു തയ്യാറെടുക്കുന്നവരും കുന്നിൻ ചരിവിൽ ഓടി കളിക്കുന്ന കുട്ടികളും മാനത്ത് പാറിപറക്കുന്ന പട്ടങ്ങളും കാഴ്ച്ചക്ക് വിരുന്നൊരുക്കാൻ മടികാണിച്ചില്ല. പതിവു സന്തർശകനായ സൂര്യൻ മലമുകളിൽ ചിരിതൂകി തുടങ്ങിയതോടെ ഞങ്ങൾ മലകളിറങ്ങി തിരികെ വഴിയിലേക്ക് നടന്നു. വഴിയിൽ സഞ്ചാരികളുടെയും കച്ചവടക്കാരുടേയും തിരക്ക് ഏറിയിരിക്കുന്നു. വഴിയോര കച്ചവടക്കാരിൽ നിന്നും ഉപ്പിലിട്ട നെല്ലിക്കയും മാങ്ങയും വാങ്ങി കാറിൽ എ.സി യുടെ ശീതളതയിലേക്ക്. വാങ്ങിയ മാങ്ങയും നെല്ലിക്കയും ഒന്നേ കടിച്ചുള്ളു ഒരു വാടിയ രുചി.
കാറ് വീണ്ടും മുന്നോട്ടോടിച്ചു, മരങ്ങളിൽ പച്ചപ്പ് തിങ്ങി നിൽക്കുന്ന കാഴ്ച്ചകൾ കണ്ട് ഇടുങ്ങിയ റോഡിലൂടെ. മലകൾ വെട്ടി ഇറക്കിയ റോഡ്, കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും വളവുകളും ഡ്രൈവിങ്ങിന് പുതിയ അനുഭവം തന്നെ സമ്മാനിച്ചു. ദൂരെ നിന്നുള്ള പൈൻമര കാടിന്റെ കാഴ്ച്ചയും വേനലിൽ വറ്റിയ വെള്ളച്ചാട്ടത്തിന്റെ ബാക്കിയായി മലമുകളിൽ നിന്നൊലിച്ചിറങ്ങുന്ന ഭൂമിയുടെ കണ്ണീർ ചാലും. വണ്ടി തിരിച്ചു ഇനി പൈൻ മര കാടുകളിലേക്ക്.


നേരത്തെ വാങ്ങി വെച്ചിരുന്ന ബ്രഡിന്റെയും ബിസ്കറ്റിന്റെയും ഒക്കെ ധൈര്യത്തിൽ. തേയില തോട്ടങ്ങൾക്കു നടുവിലൂടെയുള്ള ചെറിയ വഴിയിലൂടെ ഏലപ്പാറയിലേക്ക് കുതിച്ചു. നോക്കെത്താ ദൂരത്തോളം തേയില ചെടിയുടെ പച്ചപ്പ് വിരിച്ച് പരന്നു കിടക്കുന്ന കുന്നിൻ ചരിവുകൾക്കു മുകളിൽ കോടമഞ്ഞിന്റെ മൂടുപടം, ഞങ്ങൾക്കരികിലേക്കെത്താതെ ഒരു നാണക്കാരിയെ പോൽ ദൂരെ നിന്നും ഒളികണ്ണിമകളാൽ നോക്കി ഞങ്ങൾക്ക് യാത്ര മംഗളം നേർന്നു. ഇടയ്ക്ക് വണ്ടിയൊതുക്കി തേയില തോട്ടത്തിന്റെ ഭംഗി ആസ്വദിക്കാനും, തേയില തോട്ടങ്ങളിലിറങ്ങി ഫോട്ടോയ്ക്ക് പോസ് ചെയ്യാനും ഞങ്ങൾ സമയം കണ്ടെത്തി. പ്രകൃതിയുടെ വർണ്ണ വിസ്മയങ്ങൾക്കു മുന്നിൽ വിശപ്പിനു വില കൽപിക്കാത്ത നിമിഷങ്ങൾ.
ഹോട്ടലുകൾക്കു മുന്നിൽ കയ്യിൽ ബോർഡും പിടിച്ച് ആളെ വിളിച്ചു കയറ്റാൻ ബംഗാളികൾ. അത്തരമൊരു ഹോട്ടലിനു മുന്നിൽ തന്നെ വണ്ടി ഒതുക്കി ഭക്ഷണം കഴിച്ചു. ഞങ്ങളെ പോലെ തന്നെ ഹോട്ടലിൽ കൂടുതലും സഞ്ചാരികളാണ് . ഒരു പക്ഷെ വാഗമണ്ണിൽ ഞങ്ങളുടെ അനുഭവം തന്നാരിക്കും അവരും നേരിട്ടിരിക്കുക. ഏലപ്പാറ ടൗണിലെ തിരക്കിൽ നിന്നും കുട്ടിക്കാനത്തേക്കുള്ള വഴിയേ യാത്ര തുടർന്നു. മുന്നിലായി സഞ്ചാരികളുടെ ഒന്നു രണ്ട് ബസുകളും. കുട്ടിക്കാനത്തു നിന്നും വലത്തേക്കുള്ള ഇൻഡിക്കേറ്റർ മിന്നിതിളങ്ങി. മുണ്ടക്കയം കോട്ടയം വഴി തിരികെ കോട്ടയത്തേക്ക്. "പരുന്തുംപാറ ഇവിടടുത്താ ... പോയാലോ?" ഗൂഗിളിന്റെ സഹായത്താൽ സ്ഥലവും ദൂരവും കണ്ടെത്തി പിന്നിൽ നിന്നു പറഞ്ഞതാണ്. എന്റെ കാൽ മെല്ലെ ബ്രേക്കിലമർന്നു. "നേരത്തെ തിരിച്ചുപോയിട്ടെന്തു കാര്യം " മറ്റുള്ളവർ കൂടി താൽപര്യം പ്രകടിപ്പിച്ചതോടെ പരുന്തും പാറയിലേക്കുള്ള യു ടേൺ അവിടെ തിരിഞ്ഞു.