സ്ത്രീകൾ


മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നു എങ്കിലും അപ്രതീക്ഷിതമായി ഇന്നലെ പലതും സംഭവിച്ചതിനാൽ യാത്രയിൽ പല മാറ്റങ്ങളും സംഭവിച്ചു. വൈകിട്ട് നാലു മണിയുടെ ബസിൽ ഓഫീസിൽ നിന്നും നാട്ടിലേക്ക് പോവാൻ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പക്ഷെ ഓഫീസിൽ നിന്നിറങ്ങിയപ്പോൾ സമയം ആറു മണി. പതിവുപോലെ ഒരോട്ടോ പിടിച്ച് കെ.എസ്.ആർ.ടി.സി സ്റ്റാന്റിലേക്ക്. ആളുകളുടെ തിരക്കിനിടയിലൂടെ ധൃതിയിൽ നടന്ന് എൻക്വയറിയിൽ തിരക്കിയപ്പോൾ ഇനി 6 :45 നുളള അവസാന ബസേ ഉള്ളു എന്നറിഞ്ഞതോടെ പുറത്തെ ബസ് സ്റ്റോപ്പിലേക്കോടി. അവിടെ നിന്നാൽ നാട്ടിലേക്കുള്ള സ്വകാര്യ ബസുകളും കിട്ടും.
തൃപ്പൂണിത്തുറ, വൈറ്റില, ചോറ്റാനിക്കര, പൂത്തോട്ട, തൊടുപുഴ, ചേർത്തല ബസുകൾ എല്ലാം അതുവഴി പോയെങ്കിലും എനിക്ക് പോകാനുള്ള വണ്ടി മാത്രം വന്നില്ല. അതല്ലെങ്കിലും  അങ്ങനെ തന്നെ ആണല്ലോ, നമ്മൾ എങ്ങോട്ടെങ്കിലും വണ്ടി നോക്കി നിന്നാ ആ വഴിക്ക് പിന്നെ വണ്ടിയേ ഉണ്ടാവാറില്ലല്ലോ. സ്റ്റോപ്പിൽ ബസ് നോക്കി നിന്നവരുടെ എണ്ണം കുറഞ്ഞു തുടങ്ങി. സമയം ആറേമുക്കാലി നോടടുത്തു. എല്ലാത്തിനോടും ദേഷ്യം തോന്നിയ നിമിഷം. ദേഷ്യം കൂടുതൽ കൂട്ടിയില്ല കാത്തിരിപ്പിന് വിരാമമിട്ട് ഒരു സ്വകാര്യ ബസ് .
ഒന്നു രണ്ടാളുകൾ ബസിൽ നിൽക്കുന്നുണ്ട്. ഒഴിഞ്ഞു കിടക്കുന്ന ഒന്നു രണ്ട് സ്ത്രീകൾക്ക് സംവരണം ചെയ്ത സീറ്റുകൾ. ടിക്കറ്റ് എടുക്കുന്നതിനിടയിൽ കണ്ടക്ടർ പറഞ്ഞു " അതിൽ ഇരുന്നോ ആരേലും ചോദിച്ചാൽ മാറിക്കൊടുത്താ മതി" ആ വാക്കുകളുടെ ഊർജത്താൽ അൽപമെങ്കിലും തളർച്ച മാറ്റാം എന്ന ഭാവത്തിൽ സ്ത്രീകളുടെ ഒരു സീറ്റിൽ ഇരുപ്പുറപ്പിച്ചു. കൂടെ മറ്റൊരു ചേട്ടൻ കൂടി ഇരുന്നതോടെ അൽപ്പം കൂടി ആശ്വാസം. ഓരോ സ്റ്റോപ്പിലും ബസ് നിർത്തുമ്പോൾ സ്ത്രീകളാരും കയറരുതേ എന്ന പ്രാർഥനയായിരുന്നു. ഒന്നു രണ്ടു സ്റ്റോപ്പുകളിൽ നിന്ന് സ്ത്രീകളാരും കയറിയില്ല. " വൈറ്റില ഒന്നു കഴിഞ്ഞിരുന്നെങ്കിൽ - സ്ത്രീകൾ പിന്നെ കുറവായിരിക്കും " മനസിൽ പറഞ്ഞു.
വൈറ്റില കഴിഞ്ഞു - സ്ത്രീകളധികം കയറിയില്ല ഇനിയും ഒന്ന് രണ്ട് സീറ്റുകൾ സ്ത്രീകളെ കാത്ത് ഒഴിഞ്ഞുകിടപ്പുണ്ട് . എന്നാൽ പിന്നിൽ പുരുഷന്മാരുടെ തിരക്കും. പക്ഷെ പ്രതീക്ഷകളെ തകർത്ത് തൃപ്പൂണിത്തുറയിൽ നിന്നും ആവശ്യത്തിലധികം സ്ത്രീകൾ. ഒരു അഞ്ചാറ് സ്ത്രീകൾ സീറ്റുകിട്ടാതെ നിൽക്കുന്നു. "സ്ത്രീകൾ " എന്നെഴുതിയതിനു താഴെയായി വണ്ടിയുടെ ഉള്ളിലേക്ക് ശ്രദ്ധിക്കാതെ ഇരുട്ടിൽ മങ്ങിയ പുറം കാഴ്ച്ചകൾ കാണുന്ന മട്ടിൽ പുറത്തേക്ക് നോക്കി ഇരിപ്പായി. ഇടയ്ക്കിടയ്ക്ക് ആരും കാണാതെ അകത്തേക്ക് നോക്കും, ആരെങ്കിലും തന്നെ നോക്കുന്നുണ്ടോ എന്ന്.
മുൻപ് യാത്ര ചെയ്യുന്ന പല സന്ദർഭങ്ങളിലും സ്ത്രീകളുടെ സീറ്റിൽ പുരുഷൻമാർ ഇരിക്കുമ്പോൾ വിചാരിച്ചിട്ടുണ്ട് ഇവർക്കൊക്കെയൊന്ന് എഴുന്നേറ്റു കൊടുത്തൂടേ എന്ന്. പക്ഷെ സ്വന്തം കാര്യം വന്നപ്പോൾ ആദർശങ്ങൾ രാത്രിയുടെ ഇരുട്ടിൽ ഒളിപ്പിച്ചു. പണ്ടെപ്പോളോ ബസിൽ നിന്നു വായിച്ചതോർമിച്ചു് - " സ്ത്രീകൾ, മുതിർന്നവർ, വികലാഗർ മുതലായവർക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റിൽ നിന്നും അവർ ആവശ്യപ്പെടുന്ന പക്ഷം മാറി കൊടുത്തില്ലെങ്കിൽ ശിക്ഷാർഹമാണ് " ഹവൂ... ആരും ഇതുവരെ ആവശ്യപ്പെടാത്ത പക്ഷം ധൈര്യമായി ഇരിക്കാമല്ലോ. പക്ഷെ ഇങ്ങനെ എവിടെ എങ്കിലും എഴുതിയിട്ടുണ്ടോ അറിയില്ല. ഇനി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഉണ്ടെന്ന വിശ്വാസത്തിൽ മുന്നോട്ട് യാത്ര തുടർന്നു. ഒന്നു രണ്ടു സ്റ്റോപ്പുകൂടി കഴിഞ്ഞതോടെ സ്ത്രീകളുടെ എണ്ണം കുറഞ്ഞു.
" പുകവലി പാടില്ല, കയ്യും തലയും പുറത്തിടരുത് " എന്ന് ബസിൽ എഴുതിയിട്ടുണ്ട് ഭാഗ്യം "സ്ത്രീകളുടെ സീറ്റിലിരുന്നു യാത്ര ചെയ്യുന്ന പുരുഷമ്മാർ ശിക്ഷാർഹരാണ്" എന്ന് മാത്രം എഴുതിയിട്ടില്ല.
എന്തായാലും ക്ഷമിക്കുക ആ ബസിൽ നിന്നു യാത്ര ചെയ്ത വിശാലമനസ്കരായ സ്ത്രീ ജനങ്ങൾ.
( 23-10-2013 ലെ യാത്രയെ തുടർന്നുണ്ടായ അനുഭവം)

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു ദിനം, വാഗമൺ പരുന്തുംപാറ പഞ്ചാലിമേട്

കാഴ്ച്ചയുടെ ഉയരങ്ങളിൽ മനസിന്റെ പൂക്കാലം

കെ.എസ്.ആർ.ടി.സി ഫോട്ടോസ് - KSRTC Picture Gallery