ഒരു രാത്രി വീണ്ടും എറണാകുളത്തേക്ക്.

ആറു മണി ആകാൻ കാത്തിരിക്കുകയായിരുന്നു, കമ്പ്യൂട്ടർ ഓഫാക്കി, പഞ്ച് ചെയ്തു പുറത്തിറങ്ങി സുഹൃത്തിന്റെ ബൈക്കിൽ നേരെ റൂമിലേക്ക്. ബസ്സ്റ്റോപ്പിൽ നിന്നു ബസ് പോകുന്നതിനു മുന്നേ ബാഗും എടുത്ത് സ്റ്റോപ്പിലെത്തി. ഇൻഫോ പാർക്കാണെന്നു പറഞ്ഞിട്ടെന്താ. ചേർത്തല ഇൻഫോ പാർക്കിനു മുന്നിലൂടുള്ള ബസ്സിന്റെ കാര്യം പറഞ്ഞാൽ ഓർഡിനറി സിനിമയിൽ ബിജു മേനോൻ പറയും പോലെ രാവിലെ അങ്ങോട്ടു പോയാൽ വൈകിട്ട് വന്നാ വന്നു എന്നുള്ള അവസ്ഥയാണ്. അൽപ നേരം കാത്തു നിൽക്കേണ്ടി വന്നെങ്കിലും ആറരയോടെ ഇൻഫോപാർക്കിനു മുന്നിലൂടെ നിവർന്നു കിടക്കുന്ന റോഡിലൂടെ തുറവൂർ ബോർഡുമായി കാതിലേക്ക് ഇടിച്ചു കയറുന്ന ഇരമ്പുന്ന ശബ്ദവുമായി അവൻ വന്നു, ചേർത്തല ഡിപ്പോയുടെ RT 639.

പത്തു പന്ത്രണ്ടു വർഷത്തെ പഴക്കം ഉണ്ടെങ്കിലും. മങ്ങാത്ത നിറവും, ആ ശബ്ദവും, തലയെടുപ്പും, ഈ ചേർത്തല ക്കാരന്റെ യാത്ര ഞാൻ പുറത്തു നിന്ന് പലവട്ടം ആസ്വദിച്ചിട്ടുണ്ട്. ഇന്നിപ്പോൾ തൈക്കാട്ടുശ്ശേരി തുറവൂർ റൂട്ടിൽ അവനോടൊന്നിച്ച് ഞാനും. തികച്ചും ഗ്രാമീണമായ പശ്ചാത്തലത്തിലൂടെ അധികം ആളുകളില്ലാതെ. പലവട്ടം യാത്ര ചെയ്ത ഈ വഴിയിലൂടെ ആദ്യമായി ബസിൽ ഞാൻ കാഴ്ചകൾ ആസ്വദിച്ച് യാത്ര തുടർന്നു. ഒരേ വഴിയിലൂടെയുള്ള പല യാത്രകൾക്ക് പല കാഴ്ച്ചകളാകുന്ന പോലെ. ഒരേ വഴിയിലൂടെയുള്ള പല വാഹനങ്ങളിലെ യാത്രയും വ്യത്യസ്ഥമാർന്ന കാഴ്ച്ചയും അനുഭവങ്ങളും സമ്മാനിക്കുന്നു. വീതി കുറഞ്ഞ വഴിയിലൂടെ എതിരെ വരുന്ന വാഹനങ്ങൾക്ക് ഒതുങ്ങി നിന്ന് വഴി നൽകി ചേർത്തലക്കാരൻ തൈക്കാട്ടുശ്ശേരിയും, തൈക്കാട്ട്ശ്ശേരി പാലവും കടന്ന് തുറവൂരിൽ NH 66 ലേക്ക്.

അവിടെ നിന്ന് തിരിച്ച് പോരുന്ന ചേർത്തലക്കാരനെ യാത്രയാക്കി, എറണാകുളം ഭാഗത്തേക്കുള്ള ബസിന്റെ സ്റ്റോപ്പ് പലരോടായി ചോദിച്ച് ട്രാഫിക്ക് ഐലന്റ്‌ കടന്ന് ബസ് സ്റ്റോപ്പിലേക്ക് നടന്നു. അധികനേരം കാത്തു നിൽക്കേണ്ടി വന്നില്ല ഒരു ഗുരുവായൂർ ഫാസ്റ്റ്. അധികം തിരക്കില്ല - കയറി പിന്നിലായി ഒരു സീറ്റും കിട്ടി. വൈറ്റിലക്ക് ടിക്കറ്റെടുത്ത് നൂറിന്റെ നോട്ട് നീട്ടി എഴുപത്തിയാറ് രൂപ തിരികെ വാങ്ങി പോക്കറ്റിലിട്ടു. ഇരുൾ കനത്തു തുടങ്ങി. വഴിയുടെ മധ്യത്തിൽ ഒരേ അകലത്തിൽ കൃത്യമായി നിൽക്കുന്ന വഴി വിളക്കുകളുടെ ഭംഗി. റോഡിലൂടെ ചീറി പാഞ്ഞു പോകുന്ന വാഹനങ്ങൾ.

ചെറുപ്പത്തിൽ അഡ്രസ് എഴുതുമ്പോൾ അതിലെ ജില്ലയുടെ കോളം ആയിരുന്നു എറണാകുളം. പിന്നീടെപ്പോളോ ഒന്നു രണ്ടു തവണ എറണാകുളത്തെവിടെയോ പോയതിന്റെ ഓർമ കഷ്ണങ്ങളായി നിന്നു. പിന്നീട് പഠനവും ജോലിയുമായി എറണാകുളത്തെത്തിയതോടെ കഥ മാറി. ശരിക്കും എർണാളത്തുകാരനായി. എന്നാൽ പഴയ കാഴ്ച്ചയുടെ ഓർമക്കഷണങ്ങളേയും പുതിയ കാഴ്ച്ചകളേയും തമ്മിൽ കോർത്തിണക്കാൻ കഴിയാത്ത വിധം എറണാകുളം മാറിയിരുന്നു അന്ന്. തുടർന്നു വന്ന കുറേ വർഷങ്ങളിൽ പുതിയ ഓർമ്മകൾ സമ്മാനിക്കുകയായിരുന്നു എറണാകുളം. ഓർമയുടെ ചിപ്പിലേക്ക് സുഹൃത്തുക്കളേയും, കാഴ്ച്ചകളേയും, അനുഭവങ്ങളേയും, അറിവുകളേയും നിറച്ച വർഷങ്ങൾ. രണ്ട് വർഷങ്ങൾക്കു മുൻപ് ചേർത്തല ഇൻഫോ പാർക്കിലേക്ക് പോരുന്നതോടെ എറണാകുളത്തോടും അവിടുത്തെ കാഴ്ച്ചകളോടും സുഹൃത്തുക്കളോടും വിട പറയുകയായിരുന്നു.

''ലേക് ഷോർ ഇറങ്ങാനുള്ളവർ ഇറങ്ങിക്കോ " ഓരോ സ്റ്റോപ്പിലും വിളിച്ചു പറയുന്ന കണ്ടക്ടറുടെ ശബ്ദത്താൽ ഓർമകളിൽ നിന്ന് ഞ്ഞെട്ടിയുണരുമ്പോൾ. ഓർമകളുടെ ഒരു ചാക്ക്കെട്ട് തുറന്നിട്ടിരിക്കുകയായിരുന്നു. പഴയ റൂമിലേക്ക്, പഴയ സഹമുറിയൻമാർക്കിടയിലേക്ക് പഴയ! അല്ല പുതിയ എറണാകുളത്തേക്കുള്ള യാത്ര. കുണ്ടന്നൂർ കഴിഞ്ഞതോടെ വണ്ടിയിലെ ആളൊഴിഞ്ഞു. നോക്കുമ്പോൾ മുന്നിലെ സീറ്റിൽ ഓഫീസിലെ ചങ്ങാതി. ഞാൻ എന്റെ സീറ്റിൽ നിന്നെണീറ്റ് മുന്നിലെ സുഹൃത്തിനടുത്തെത്തി വിശേഷങ്ങൾ പങ്കു വയ്ക്കുന്നതിനിടയിൽ "വൈറ്റില - വൈറ്റില " വിളി പിന്നിൽ നിന്നു മുഴങ്ങി. സുഹൃത്തിനോട് യാത്ര പറഞ്ഞ് വൈറ്റിലയിൽ ഇറങ്ങി.

ഏകദേശം ഒരു വർഷത്തിനു ശേഷം വൈറ്റിലയിൽ. വൈറ്റിലയിൽ അധികം മാറ്റം അനുഭവപ്പെടുന്നില്ല, അതോ ഇരുളിന്റെ മറവിൽ മാറ്റങ്ങൾ അവ്യക്തമായതോ അറിയില്ല. എങ്കിലും ചുമപ്പ് ബസുകൾക്ക് പകരം നീലയിൽ മുങ്ങിയ സിറ്റി ബസുകൾ വലിയ മാറ്റം തന്നെയാണ്. കുറെ നാളുകൾക്ക് ശേഷം വീണ്ടും തിരക്കിന്റെ നഗരത്തിലേക്കെത്തിയ എനിക്ക് വഴി മുറിച്ചു കടക്കാനൊക്കെ അൽപം പ്രയാസപ്പെടേണ്ടി വന്നെങ്കിലും, പുറമേ പ്രകടിപ്പിക്കാതെ ശ്രദ്ധയോടെ മുന്നോട്ട്. വഴിയിൽ കാത്തുനിന്ന ഫ്രണ്ടിന്റെ ബൈക്കിൽ കയറി പാലാരിവട്ടത്തെ റൂമിലേക്ക്. റൂമിനു യാതൊരു മാറ്റവും ഇല്ല. അല്ലെങ്കിൽ മാറ്റം വരുത്തിയിട്ടില്ല. എല്ലാം പഴയതുപോലെ തന്നെ എനിക്ക് അനുഭവപ്പെടുന്നു. അടുക്കളയും ഡ്രസിംങ്ങ് റൂമും എല്ലാം പഴയ അന്നത്തെ ദിനങ്ങളെ ഓർമകളിലേക്ക് നിറച്ചു.

ഏറെ നാളുകൾക്ക് ശേഷം പഴയ സുഹൃത്തുക്കളുമായുള്ള ഒത്തുചേരലിൽ വിശേഷങ്ങളും തമാശകളും പങ്കു വയ്ച്ച നിമിഷങ്ങൾ. അതിനിടയിൽ തന്നെ അടുക്കളയിൽ ചോറും മോരുകറിയും എഗ്ഗ് ബുർജിയും തയ്യാറാക്കി. വാച്ചിലെ സൂചികൾക്ക് സ്പീഡ് കൂടിയിരിക്കുന്ന പോലെ. പഴയതുപോലെ തന്നെ എല്ലാവരും ഒരുമിച്ചിരുന്ന് കഴിച്ച് കൊതുകിന്റെ നിശാ ഗാനത്തിൽ ഉറക്കത്തിലേക്ക്. രാവിലെ നേരത്തെ തന്നെ എണീറ്റ് എല്ലാവരോടും യാത്ര പറഞ്ഞ് മടക്കം. അതും ഇരമ്പുന്ന ശബ്ദ്ധത്തിനുടമയായ RT 639 ഓർഡിനറി ബസിൽ തന്നെ. ഇൽഫോ പാർക്കിന്റെ ഗെയിറ്റിനു മുന്നിൽ ബസിറങ്ങുമ്പോൾ. ഓർമ്മകളുടെ കൂട്ടത്തിലേക്ക് ഒരു യാത്രയും ഒരു ദിനവും കുറെ അധികം അനുഭവങ്ങളും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു ദിനം, വാഗമൺ പരുന്തുംപാറ പഞ്ചാലിമേട്

കാഴ്ച്ചയുടെ ഉയരങ്ങളിൽ മനസിന്റെ പൂക്കാലം

കെ.എസ്.ആർ.ടി.സി ഫോട്ടോസ് - KSRTC Picture Gallery