ആദിത്യയിലെ ആദ്യ യാത്ര
വൈക്കം തവണക്കടവ് റൂട്ടിൽ സർവ്വീസ് നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സോളാർ ബോട്ടാണ് ആദിത്യ. ബാല്യത്തിന്റെ സുന്ദര നാളുകളിൽ വേനൽക്കാലത്ത് തോടുകളിൽ വെള്ളം കുറയുമ്പോൾ വാഴത്തടകൾ കൂട്ടി കെട്ടി ചങ്ങാടം ഉണ്ടാക്കി അതിൽ തുഴഞ്ഞായിരുന്നു ആദ്യ ജലയാത്രകൾ. എന്നെ പോലുള്ള ഒരു കൂത്താട്ടുകുളംകാരനെ സംബദ്ധിച്ച് കായലും പുഴയും ബോട്ടും വള്ളവും എല്ലാം അത്ഭുതങ്ങളായിരുന്നു. വൈക്കത്ത് കായലിനു കരയിൽ നിന്ന് ബോട്ടും വള്ളവും ഓളപ്പരപ്പിലൂടെ ഒഴുകി നീങ്ങുന്നത് കൗതുകത്തോടെ പലവട്ടം നോക്കി നിന്നിട്ടുണ്ട്. രണ്ട് വർഷങ്ങൾക്കു മുൻപ് ചേർത്തല ഇൻഫോപാർക്കിൽ ജോലി കിട്ടിയതോടെ ജലയാത്രകൾ എന്റെ ജീവിതത്തിന്റെ ഭാഗമായി. ആദിത്യ വൈക്കം തവണക്കടവ് റൂട്ടിൽ ഓടിത്തുടങ്ങിയിട്ട് അധികനാളായിട്ടില്ല. പല ദിവസവും പോകുമ്പോളും വരുമ്പോളും വൈക്കത്ത് ജെട്ടിയിൽ ആദിത്യ വിശ്രമത്തിലായിരിക്കും സോളാർ ചാർജിൽ ഓടുന്നതിനാൽ വൈകുന്നേരങ്ങളിലും രാവിലെയും ആദിത്യ സർവ്വീസ് നടത്താറില്ല. ഓരോ ദിവസവും കൗതുകത്തോടെ ആദിത്യയെ നോക്കി ഞാൻ കടന്നു പോകും. ശമ്പളം കിട്ടാതെ കെ.എസ്.ആർ.ടി.സി ജീവനക്കാർ പണിമുടക്കിയപ്പോൾ വെള്ളിയാഴ്ച്ച വൈകിട്ടത്തെ വീട്ടിലേക്കുള്ള എന്റെ യാത്ര മുടങ്ങി. പിറ്റേന്...