ആദിത്യയിലെ ആദ്യ യാത്ര
വൈക്കം തവണക്കടവ് റൂട്ടിൽ സർവ്വീസ് നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സോളാർ ബോട്ടാണ് ആദിത്യ. ബാല്യത്തിന്റെ സുന്ദര നാളുകളിൽ വേനൽക്കാലത്ത് തോടുകളിൽ വെള്ളം കുറയുമ്പോൾ വാഴത്തടകൾ കൂട്ടി കെട്ടി ചങ്ങാടം ഉണ്ടാക്കി അതിൽ തുഴഞ്ഞായിരുന്നു ആദ്യ ജലയാത്രകൾ. എന്നെ പോലുള്ള ഒരു കൂത്താട്ടുകുളംകാരനെ സംബദ്ധിച്ച് കായലും പുഴയും ബോട്ടും വള്ളവും എല്ലാം അത്ഭുതങ്ങളായിരുന്നു. വൈക്കത്ത് കായലിനു കരയിൽ നിന്ന് ബോട്ടും വള്ളവും ഓളപ്പരപ്പിലൂടെ ഒഴുകി നീങ്ങുന്നത് കൗതുകത്തോടെ പലവട്ടം നോക്കി നിന്നിട്ടുണ്ട്. രണ്ട് വർഷങ്ങൾക്കു മുൻപ് ചേർത്തല ഇൻഫോപാർക്കിൽ ജോലി കിട്ടിയതോടെ ജലയാത്രകൾ എന്റെ ജീവിതത്തിന്റെ ഭാഗമായി.
ആദിത്യ വൈക്കം തവണക്കടവ് റൂട്ടിൽ ഓടിത്തുടങ്ങിയിട്ട് അധികനാളായിട്ടില്ല. പല ദിവസവും പോകുമ്പോളും വരുമ്പോളും വൈക്കത്ത് ജെട്ടിയിൽ ആദിത്യ വിശ്രമത്തിലായിരിക്കും സോളാർ ചാർജിൽ ഓടുന്നതിനാൽ വൈകുന്നേരങ്ങളിലും രാവിലെയും ആദിത്യ സർവ്വീസ് നടത്താറില്ല. ഓരോ ദിവസവും കൗതുകത്തോടെ ആദിത്യയെ നോക്കി ഞാൻ കടന്നു പോകും.
ശമ്പളം കിട്ടാതെ കെ.എസ്.ആർ.ടി.സി ജീവനക്കാർ പണിമുടക്കിയപ്പോൾ വെള്ളിയാഴ്ച്ച വൈകിട്ടത്തെ വീട്ടിലേക്കുള്ള എന്റെ യാത്ര മുടങ്ങി. പിറ്റേന്ന് രാവിലെ ഞാൻ സുഹൃത്തിനോടൊപ്പം തവണക്കടവിലെത്തിയപ്പോൾ ഞങ്ങളെ തേടി ഒഴുകി എത്തിയത് ആദിത്യ ആയിരുന്നു. 75 പേർക്ക് മാത്രമേ ടിക്കറ്റ് കൊടുക്കൂ. 8 രൂപ കൊടുത്ത് ഞങ്ങൾ രണ്ട് ടിക്കറ്റ് എടുത്ത് ആദിത്യയിൽ കയറി.
പുറത്തു നിന്നുളള കാഴ്ച്ചയിൽ തന്നെ കണ്ടു പഴകിയ ബോട്ടുകളുടെ രൂപമല്ല ആദിത്യക്ക് , പുറത്തെ കാഴ്ച്ചക്കു മാത്രമല്ല അകത്തു കയറിയാലും കാഴ്ച്ച വ്യത്യസതമാക്കുന്നു. പഴയ ബോട്ടുകളിലെ മരത്തിന്റെ ഇരിപ്പിടങ്ങളുടെ സ്ഥാനത്ത് കെ.യു.ആർ.ടി.സി എസി ബസുകൾക്ക് സമാനമായ സീറ്റുകൾ യാത്രാ കൂടുതൽ സുഖകരമാക്കും. വിശാലമായ ഉൾവശം അവിടെ ഉത്സവങ്ങളുടെയും, മാർഗംകളിയുടെയും ഒപ്പനയുടെയും തിരുവാതിരയുടെയുമെല്ലാം ചിത്രങ്ങൾ കേരളത്തിന്റെ പാരമ്പര്യത്തെ വിളിച്ചറിയിച്ച് ബോട്ടിനകത്ത് കാഴ്ച്ചകൾക്ക് സൗന്ദര്യം നൽകുന്നു. കാതടപ്പിക്കുന്ന ഇരമ്പുന്ന എഞ്ചിന്റെ ശബ്ദം ഇല്ലാതെ തവണക്കടവിൽ നിന്നും ഓളപ്പരപ്പിനു മുകളിലൂടെ എഫ്.എം റേഡിയോയിലെ പാട്ടിന്റെ പശ്ചാത്തലത്തിൽ ആദിത്യ വൈക്കത്തേക്ക് ഒഴുകി. കക്ക വാരുന്നവരുടെ വള്ളങ്ങളും അക്കരെക്ക് യാത്ര ചെയ്യുന്ന പഴയ ബോട്ടും ജങ്കാറുമെല്ലാം പഴയ കാഴ്ച്ചകളായിരുന്നു എങ്കിലും പുത്തൻ സൗകര്യങ്ങളാസ്വദിച്ചുള്ള യാത്രയിൽ ഈ കാഴ്ച്ചകളെല്ലാം കൂടുതൽ മനോഹരമായി. തഴുകി തലോടി കടന്നു പോകുന്ന മന്ദമാരുതനിൽ ആടി ഉലയാതെ ഒളത്തിൽ പൊങ്ങി താഴാതെ ഒഴുക്കി ഒഴുകി വൈക്കത്തെത്തിയപ്പോഴേക്കും യാത്ര പെട്ടന്നവസാനിച്ചതു പോലെ. സുഖകരമായ പ്രകൃതി സൗഹാർദ്രമായ ഒരു സോളാർ ബോട്ട് യാത്ര ഇവിടെ അവസാനിക്കുന്നു. കേരള ജലഗതാഗത വകുപ്പിന് ആദിത്യയെ പോലുള്ള പുതിയ സംരംഭങ്ങൾ ഇനിയും തുടങ്ങാൻ കഴിയട്ടെ... വീണ്ടും ആദിത്യക്കൊപ്പം യാത്ര ചെയ്യാമെന്ന വിശ്വാസത്തിൽ വൈക്കത്തെ ജെട്ടിയിൽ നിന്നും വീട്ടിലേക്കുള്ള പതിവു യാത്ര തുടർന്നു.