തിരുവനന്തപുരം ഡയറീസ് - കടലു തേടി
ഏൽപ്പിച്ച ജോലി കൃത്യ സമയത്ത് തന്നെ എന്റെ മൊബൈൽ തുടങ്ങി, നാലു മണിയുടെ അലാറം. ബെഡിൽ കിടന്ന് കൈ എത്തിച്ച് തന്നെ അത് ഓഫാക്കി. തുടർന്ന് നാലേമുക്കാൽ അഞ്ച്, അഞ്ചേകാൽ ... മെബൈൽ അവന്റെ പണി തുടർന്നു. അവസാനം അഞ്ച് നാൽപ്പത്തഞ്ചിന്റെ അലാറം കേട്ട് ജനാലയുടെ കർട്ടൻ നീക്കി പുറത്ത് മഴയില്ലെന്ന് ഉറപ്പിച്ച്, കട്ടിലിൽ നിന്നും എണീറ്റു. പിന്നെ തിടുക്കത്തിൽ കുളിച്ച് റെഡിയായി പുറത്തിറങ്ങി. ആറ് മണി കഴിഞ്ഞിരിക്കുന്നു എങ്ങും പ്രകാശം പരന്നിരിക്കുന്നു. തലേന്ന് രാത്രി സുഹൃത്തിന്റെ സ്കൂട്ടറിൽ നിറച്ച നൂറു രൂപയുടെ പെട്രോളിന്റെ കരുത്തിൽ പ്രഭാത കാഴ്ച്ചകൾ തേടി ഇറങ്ങി. കഴക്കൂട്ടത്തെ പ്രധാന റോഡുകൾ ഉൾപ്പടെ വിജനമായി കിടക്കുന്നു. പണികൾ പുരോഗമിക്കുന്ന പുതിയ ഫ്ലൈ ഓവറിനു കീഴിലൂടെ വിജനമായി പൊട്ടി പൊളിഞ്ഞ് കിടക്കുന്ന നാഷണൽ ഹൈവേയിൽ നിന്നും, പടിഞ്ഞാറേക്ക് നീളുന്ന വഴിയിലൂടെ സ്കൂട്ടർ തിരിച്ചു. വഴിയോട് ചേർന്ന് വലിയ ഗോപുരവും മതിൽക്കെട്ടുമായി നിൽക്കുന്ന ആൽത്തറ ഭഗവതീ ക്ഷേത്രത്തിൽ നിന്നും ഭക്തിനിർഭരമായ ഗാനങ്ങൾ മഞ്ഞിൻ കണങ്ങൾ ആവരണം തീർക്കുന്ന അന്തരീക്ഷത്തിൽ പരന്നു കൊണ്ടേയിരിക്കുന്നു. മേനംകുളം റെയിൽവേ മേൽപാലത്തിലൂടെ കടലിരമ്പം നിലക്കാത്ത തീരങ്ങ...