തിരുവനന്തപുരം ഡയറീസ് - കടലു തേടി
ഏൽപ്പിച്ച ജോലി കൃത്യ സമയത്ത് തന്നെ എന്റെ മൊബൈൽ തുടങ്ങി, നാലു മണിയുടെ അലാറം. ബെഡിൽ കിടന്ന് കൈ എത്തിച്ച് തന്നെ അത് ഓഫാക്കി. തുടർന്ന് നാലേമുക്കാൽ അഞ്ച്, അഞ്ചേകാൽ ... മെബൈൽ അവന്റെ പണി തുടർന്നു. അവസാനം അഞ്ച് നാൽപ്പത്തഞ്ചിന്റെ അലാറം കേട്ട് ജനാലയുടെ കർട്ടൻ നീക്കി പുറത്ത് മഴയില്ലെന്ന് ഉറപ്പിച്ച്, കട്ടിലിൽ നിന്നും എണീറ്റു. പിന്നെ തിടുക്കത്തിൽ കുളിച്ച് റെഡിയായി പുറത്തിറങ്ങി. ആറ് മണി കഴിഞ്ഞിരിക്കുന്നു എങ്ങും പ്രകാശം പരന്നിരിക്കുന്നു. തലേന്ന് രാത്രി സുഹൃത്തിന്റെ സ്കൂട്ടറിൽ നിറച്ച നൂറു രൂപയുടെ പെട്രോളിന്റെ കരുത്തിൽ പ്രഭാത കാഴ്ച്ചകൾ തേടി ഇറങ്ങി. കഴക്കൂട്ടത്തെ പ്രധാന റോഡുകൾ ഉൾപ്പടെ വിജനമായി കിടക്കുന്നു. പണികൾ പുരോഗമിക്കുന്ന പുതിയ ഫ്ലൈ ഓവറിനു കീഴിലൂടെ വിജനമായി പൊട്ടി പൊളിഞ്ഞ് കിടക്കുന്ന നാഷണൽ ഹൈവേയിൽ നിന്നും, പടിഞ്ഞാറേക്ക് നീളുന്ന വഴിയിലൂടെ സ്കൂട്ടർ തിരിച്ചു. വഴിയോട് ചേർന്ന് വലിയ ഗോപുരവും മതിൽക്കെട്ടുമായി നിൽക്കുന്ന ആൽത്തറ ഭഗവതീ ക്ഷേത്രത്തിൽ നിന്നും ഭക്തിനിർഭരമായ ഗാനങ്ങൾ മഞ്ഞിൻ കണങ്ങൾ ആവരണം തീർക്കുന്ന അന്തരീക്ഷത്തിൽ പരന്നു കൊണ്ടേയിരിക്കുന്നു.
മേനംകുളം റെയിൽവേ മേൽപാലത്തിലൂടെ കടലിരമ്പം നിലക്കാത്ത തീരങ്ങൾ തേടി വഴിയോര കാഴ്ച്ചകൾ കണ്ട് കവലകൾ താണ്ടി കഴക്കൂട്ടം മേനംകുളം റോഡിലൂടെ മുന്നോട്. രാവിലെ തന്നെ സ്കൂൾ ബസുകളാണ് റോഡിൽ വാഹന സാന്നിദ്യം അറിയിച്ച് ഓടുന്നത്. കടകളൊന്നും തുറന്നിട്ടില്ലെങ്കിലും ചെറു ചായക്കടകൾ സജീവമാണ്. ആ ചായക്കടകൾക്ക് മുന്നിൽ വട്ടം കൂടി നിന്ന് വർത്തമാനം പറഞ്ഞ് ചായ കുടിക്കുന്ന നിരവധിയായ ആളുകൾ വഴിയോരത്തെ വ്യത്യസ്ഥമായ കാഴ്ച്ചകളിലൊന്ന് തന്നെയാണ്.
പച്ചയണിഞ്ഞ്, വശങ്ങളിൽ പച്ചപ്പിന്റെ വരമ്പ് തീർത്ത് പാർവ്വതി പുത്തനാർ. 1824 തിരുവിതാംകൂറിന്റെ റീജന്റ് ആയിരുന്ന റാണി ഗൗരി പാർവ്വതി ഭായ് ആണ് ഇന്നത്തെ തിരുവനന്തപുരം ജില്ലയുടെ പടിഞ്ഞാറൻ തീരത്തിന് സമാന്തരമായി ഈ കനാൽ നിർമ്മിച്ചത്. അതുകൊണ്ട് തന്നെ പുതിയ ആറ് എന്ന അർഥം വരുന്ന പൂത്ത നാറിനൊപ്പം റാണിയുടെ പേരുകൂടെ ചേർത്ത് പാർവ്വതി പുത്തനാർ ആയി. വേളിയിലും പൂന്തുറയിലുമായി കടലിലേക്ക് തുറക്കുന്ന കനാൽ അക്കാലത്തെ പ്രധാന ജലപാത ആയിരുന്നു. ഇന്നത് പലയിടങ്ങളിലും മലിനമാക്കപ്പെട്ട് ഉപയോഗ ശൂന്യമായി കിടക്കുന്നു.
പുത്തനാറിന്റെ പാലം കടക്കുന്നേതോടെ നീണ്ട് കിടക്കുന്ന റോഡിന്റെ അങ്ങേ അറ്റത്ത് കാലിന്റെ ദൃശ്യം തെളിഞ്ഞു തുടങ്ങും. കാതിലേക്ക് കടലിരമ്പൽ അരിച്ച് കയറി തുടങ്ങുമ്പോൾ കിൻഫ്ര ഇൻഡ സ്ടിയൽ പാർക്കിന്റെ മതിൽക്കെട്ടും കവാടവും പിന്നിട്ട് വേളി-പെരുമാന്തുറ റോഡിലേക്ക് എത്തും. കാലിരമ്പൽ ശക്‌തമായി കാതിലേക്ക് കയറിത്തുടങ്ങി. റോഡ് മുറിച്ച് കടന്ന് മുന്നോട്ട് തന്നെ. കടൽ ഇന്ന് കുറച്ച് രൗദ്രഭാവമാണ്. കലങ്ങിയ കടലിൽ നിന്നും ശക്തമായ തിരമാലകൾ കരയിലേക്കാഞ്ഞടിക്കുന്നു. ഉപ്പുവെള്ളത്തിന്റെ കണങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞ് മഞ്ഞിന്റെ അപരനാകുന്നു. അൽപ നേരം പതഞ്ഞു പൊങ്ങുന്ന കടൽ തിരമാലകൾ നോക്കി നിന്നു.
യാത്ര വീണ്ടും തുടർന്നു വേളി - പെരു മാന്തുറ റോഡിലൂടെ തെക്ക് നിന്ന് വടക്കോട്ട് പെരുമാന്തുറ ഭാഗത്തേക്ക് പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ലാതെ തുടർന്നു. തണൽ മരങ്ങൾ പന്തൽ വിരിക്കുന്ന സുന്ദരമായ റോഡ് ചെറുതും വലുതുമായ വീടുകൾ, കടകൾ, കടത്തിണ്ണയിൽ ഒരു പണിയുമില്ലാതിരിക്കുന്ന ആളുകൾ, റോഡിലൂടെ തലങ്ങും വിലങ്ങും പായുന്ന മീൻ വണ്ടികൾ. അതിൽ, പിന്നിൽ മീൻ പെട്ടിയും കെട്ടി വയ്ച്ച് വിൽപ്പനയ്ക്ക് പോകുന്ന സ്ത്രീകളുടെയും പുരുഷമ്മാരുടേയും സ്കൂട്ടറുകൾ മുതൽ ഇൻസുലേറ്ററുകൾ ഘടിപ്പിച്ചിരിക്കുന്ന വലിയ ലോറികൾ വരെയുണ്ട്. അത്തരത്തിൽ എന്റെ നാടിന്റെ കാഴ്ച്ചകളിൽ നിന്നും വ്യത്യസ്ഥമാക്കുന്ന നിരവധിയായ കാഴ്ച്ചകൾ കണ്ട് യാത്ര തുടരുന്നു.