അരുൺ കുമാറിനെ വിജയിപ്പിക്കുക

മഞ്ഞിന്റെ വെള്ളപ്പുതപ്പും പുതച്ച് പരന്നു കിടക്കുന്ന റബ്ബർ തോട്ടം. സൂര്യന്റെ മങ്ങിയ സ്വർണ്ണ വെളിച്ചത്തിലും കവലയിലെ സ്ട്രീറ്റ് ലൈറ്റ് ഓഫാകാതെ മഞ്ഞ വെളിച്ചം തൂകി നിൽക്കുന്നു. പതിവു പോലെ കൃത്യ സമയത്തു തന്നെ അമ്മുക്കുട്ടിയമ്മ തന്റെ ചായപ്പീടിക തുറന്നു. തൊട്ടടുത്ത റിസോട്ടിലെത്തിയ വിദേശികളും , സ്വദേശികളും പ്രഭാത സവാരി നടത്തി അതുവഴി കടന്നു പോകുമ്പോൾ ചായ പീടികയുടെ ഷീറ്റുകൾക്കിടയിലൂടെ കറുത്ത പുക മേലോട്ടുയരു. പാൽ സൊസൈറ്റിയിൽ നിന്നും വണ്ടി വരുന്നതും കാത്ത് പാല് കൊടുക്കാനും വാങ്ങാനുമുള്ളവർ കവലയിലേക്ക് വന്നു തുടങ്ങി. കവലയിലേക്ക്  വന്നവരിൽ ഒരാൾ സ്ട്രീറ്റ് ലൈറ്റ് ഓഫാക്കി. കവലയിൽ ആളുകളുടെ എണ്ണം കൂടി. ശബ്ദം ഉയർന്നു തുടങ്ങി, അയൽ പക്കത്തെ വിട്ടുവിശേഷം മുതൽ ലോക കാര്യങ്ങൾ വരെ അവിടെ ചർച്ചക്ക് വിഷയങ്ങളാകും, ചർച്ച ചൂടുപിടിക്കുമ്പോളേക്ക് വണ്ടി എത്തും. പിന്നെ പാൽ അളക്കുന്ന തിരക്കിലേക്ക് ആദ്യം വന്നവർ ആദ്യം എന്ന രീതിയിൽ ക്രമമായി. ക്രമേണ കവലയിലെ ആളുകളുടെ എണ്ണം കുറയും അവസാന ആളും പാൽ അളന്നു മടങ്ങുന്നതോടെ  വീണ്ടും കവല ശാന്തമാകും. പാൽ പാത്രങ്ങൾ അടച്ച് വണ്ടി പോകാൻ തയ്യാറാകുമ്പോളാണ് വളവിൽ നിന്ന് മണി നാദവുമായി ഒരു സൈക്കിൾ. കുട്ടൻ പാൽ കൊടുക്കാൻ വരുന്ന വരവാണ്  "ന്താ കുട്ടാ നിനക്ക് ഒരു ദിവസമെങ്കിലും നേരത്തെ വന്നൂടേ "
സ്ഥിരമായി കുട്ടൻ കേൾക്കുന്ന ചോദ്യമാണിത്... കേട്ടഭാവം നടിക്കാതെ കുട്ടൻ പാല് അളക്കും.
കുട്ടന് പ്രത്യേകിച്ച് പണി ഒന്നും ഇല്ല. രാവിലെ ഈ പാല് കൊടുക്കാൻ വരണം പിന്നെ ഭക്ഷണം വിശ്രമം. പാലും കൊടുത്ത് പാൽ പാത്രം സൈക്കിളിന്റെ ഹാൻഡിലിൽ തൂക്കിയിട്ടിട്ട് . ചായ പീടികയിലെ ബഞ്ചിലിരുന്നൊരു ചായയും, ചായ കുടിക്കാൻ വരുന്നവരോടെല്ലാം നാട്ടുവർത്തമാനങ്ങളും. ചായ കുടിയും നാട്ടു വർത്തമാനവുമെല്ലാം കഴിഞ്ഞാൽ അടുത്തത് കവലയിലെ വായന ശാലയിലേക്കാണ്. അവിടെ നിന്നു പത്രം വായന. പത്രവായനക്കിടയിൽ വഴിയേ ജോലിക്ക് പോകുന്ന അവന്റെ കൂട്ടുകാരോടായി അവൻ വിളിച്ച് ചോദിക്കും'
'' വൈകിട്ട് നേരത്തെ വരില്ലേടാ "

പ്രത്യേകിച്ച് പണിക്കൊന്നും എടുക്കാതെ കവലയിലും വീട്ടിലും വെറുതെ കുത്തി ഇരിക്കുന്നവനാണെങ്കിലും നാട്ടുകാർക്കും കൂട്ടുകാർക്കും ആളൊരു പരോപകാരി തന്നെ. ആർക്ക് എന്താവശ്യമുണ്ടെങ്കിലും ആശാൻ മുന്നിലുണ്ടാവും. അതു കൊണ്ട് എല്ലാവർക്കും അവനെ വലിയ കാര്യവുമാണ്. പത്തു മണി കഴിയുന്നതോടെ കവലയിലെ അടുത്ത കടയുടെയും ഷട്ടർ ഉയരും. ഇനി ഷട്ടർ ഉയർത്താൻ കവലയിൽ വേറെ കടകളില്ല. വൈകാതെ ചായക്കച്ചവടം നിർത്തി അമ്മുക്കുട്ടിയമ്മ ചായപ്പീടിക അടക്കും. വിശപ്പിന്റെ വിളി വരുന്നതോടെ കുട്ടൻ പത്രത്താളുകൾ മടക്കും മടക്കും. സൈക്കിളുമെടുത്ത് നേരെ വീട്ടിലേക്ക് .

"എടാ കുട്ടാ വൈകിട്ട് പാർട്ടീടെ മീറ്റിങ്ങ് ഉണ്ട് ട്ടോ.....
നീ വീട്ടിൽ നിന്നാ മതി ഞാൻ അതു വഴി വന്നേക്കാം"

അതുവഴി വെള്ളയും വെള്ളയുമിട്ട് ബൈക്കിൽ പോയ യുവനേതാവിന്റെ വാക്കുകളായിരുന്നു അത്. കുട്ടൻ ഒരു ചെറിയ വലതു പക്ഷ പാർട്ടിയുടെ യുവജന വിഭാഗത്തിന്റെ പ്രവർത്തകനാണ് . പാർട്ടിയുടെ മാർച്ച്, യോഗം, സമരം തുടങ്ങിയവക്കെല്ലാം കുട്ടൻ മുൻപന്തിയിലുണ്ടാവും.

" അമ്മേ വിശക്കണൂ..."

വീട്ടിലെത്തിയാൽ മുറ്റത്തു നിന്നു തന്നെ അകത്തേക്ക് അറിയിപ്പുകൊടുക്കും. അകത്തെത്തുമ്പോഴേക്ക് ഊണുമേശയിൽ പഴം കഞ്ഞി ഉണ്ടാവും.

" നിനക്കിത്തിരി നേരത്തെ വന്നൂടേ....
പറമ്പി പണിക്കാർക്ക് ഭക്ഷണം കൊണ്ടു പോണന്നു പറഞ്ഞതല്ലേ."

കഞ്ഞി കുടിക്കുന്നതിനിടയിൽ അവൻ അതൊന്നും ശ്രദ്ധിച്ചേയില്ല. അമ്മ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പാത്രത്തിൽ നിന്നും കഞ്ഞി വെള്ളം മോന്തി കുടിച്ച് കൊണ്ട് അവൻ അമ്മയോട് ചോദിച്ചു
" അച്ഛൻ എന്തിയേ?"
" പറമ്പിലെ പണിക്കാർക്കുള്ള ഭക്ഷണം പിന്നാര് കൊണ്ടോവും......... നിന്നോട് പറഞ്ഞാ നീ വല്ലതും ചെയ്യുമോ ?"

ഈ പറയുന്നതൊക്കെ ആര് കേൾക്കാൻ. കഞ്ഞി കുടി കഴിഞ്ഞാ പിന്നെ നേരെ റൂമിലേക്ക് - ഉറക്കം. ഉറക്കം വൈകുന്നേരം വരെ നീളും അതു കഴിഞ്ഞാൽ വീണ്ടും കവലയിലെ വായനശാലയിലേക്ക് . അവിടെ കൂട്ടുകാരോടൊത്തുള്ള കളികളും വർത്തമാനവും. അത് അർഥരാത്രി വരെ നീളും. അതിനിടയിൽ  പാർട്ടി പരിപാടികൾക്ക് വിളിച്ചാൽ അതിനും അവൻ പോകും.

കവലയിലെ രാവിലത്തെ ചർച്ചയിൽ പ്രാദേശിക രാഷ്ടീയ പ്രശ്നങ്ങൾ, അമ്മുക്കുട്ടിയമ്മയുടെ ചായപ്പീടികയിലെ അടുപ്പിന് മുകളിൽ ഇരുന്നു തിളയ്ക്കുന്ന ചായയേക്കാൾ ചൂടേറി. പഞ്ചായത്തിലെ മുന്നണി ഭരണത്തിന് ഐക്യം ഇല്ലാതെ വാർഡ് മെമ്പർ രാജിവെയ്ച്ചതോടെ. അടുത്ത ഉപതിരഞ്ഞെടുപ്പ് പ്രക്യാപിച്ചു, സ്ഥാനാർഥിയെ നിശ്ചയിച്ചു. വലതു മുന്നണിയുടെ സാരഥിയായി കുട്ടന്റെ കൂട്ടുകാരൻ വെള്ളയും വെള്ളയുമിട്ട യുവ നേതാവ് ഷിനോബി. ഇടതു പക്ഷ സാരഥിയായി സ: അച്ചുതനേയും പിന്നെ ആരും കേൾക്കാത്ത കുറേ പാർട്ടിയും സ്ഥാനാർഥിമാരും. കവലയിലെ ചർച്ചയിൽ എതിർ പക്ഷത്തെ എതിർത്തും തങ്ങളുടെ പക്ഷത്തെ പുകഴ്ത്തിയും ചർച്ചകൾ പുരോഗമിക്കുമ്പോൾ ഇതെല്ലാം ശ്രദ്ധയോടെ വീക്ഷിക്കുന്ന ഒരു കൂട്ടരും ഇതൊന്നും ഞങ്ങളെ ബാധിക്കില്ലെന്ന മട്ടിൽ മറ്റൊരു കൂട്ടരും കവലയിലുണ്ടാവും. എന്നാൽ ഇതിലൊന്നും കുട്ടൻ പെടില്ല. കാരണം കുട്ടൻ വരുമ്പോഴേക്ക് എല്ലാവരും കവലയിൽ നിന്ന് പിരിഞ്ഞിട്ടുണ്ടാവും.

ഇലക്ഷൻ പരിപാടികൾക്കു മുന്നിലും കുട്ടൻ ഉണ്ട് ഷിനോബിയുടെ സന്തത സഹചാരിയായി, തികഞ്ഞ ഒരു രാഷ്ടീയക്കാരന്റെ കുപ്പായമണിഞ്ഞ് . നോമിനേഷൻ കൊടുത്തു പ്രവർത്തനങ്ങൾ ശക്തമായി തുടങ്ങി. പക്ഷെ അവിചാരിതമായി ഷിനോബിയുടെ നോമിനേഷൻ സൂക്ഷ്മ പരിശോധനയിൽ അസാധുവായി. പകരക്കാരനായി നിന്നതോ കുട്ടൻ. അങ്ങനെ തിരഞ്ഞെടുപ്പിൽ കുട്ടൻ സ്ഥാനാർഥിയായി. ഏറെ ഞെട്ടലോടെ നാട്ടിൽ പരന്ന വാർത്ത കുട്ടൻ ഉള്ളിലെ സന്തോഷത്തെ മൂടിവെയ്ച്ച് പുറമെ ദുഃഖത്തോടെ ഏറ്റെടുത്തു. സാധാരണ നോമിനേഷൻ തള്ളുമ്പോൾ എതിർ പാർട്ടിക്കുണ്ടാവുന്ന സന്തോഷം ഇവിടെ ഉണ്ടായില്ല. കാരണം മറ്റൊന്നുമല്ല കുട്ടനെ പറ്റി നാട്ടിൽ ആർക്കും തന്നെ എതിരഭിപ്രായമില്ല.

തൊട്ടടുത്ത പ്രഭാതം കുട്ടന്റെ വീട്ടുകാരും എല്ലാം ശരിക്ക് ഞെട്ടി. ആരും വിളിക്കാതെ തന്നെ അവൻ ഉറക്കമുണർന്നു. അമ്മുക്കുട്ടിയമ്മ കട തുറക്കുന്നതിനു മുന്നേ പാലും ആയി കുട്ടൻ കവലയിലെത്തി. സാധാരണ ദിനങ്ങളിലേതു പോലെ കവലയിൽ രാഷ്ട്രീയം പുകഞ്ഞില്ല. കണ്ടവർക്കെല്ലാം കുട്ടനോട് പറയാൻ ഒന്നേ ഉണ്ടായൊള്ളു ''കുട്ടാ വോട്ട് നിനക്ക് തന്നെ" പാല് കൊടുത്തിട്ട് കുട്ടൻ കവലയിൽ നിന്നില്ല നേരെ വീട്ടിലേക്ക്. അലമാരയിൽ തേച്ചു മടക്കി വെയ്ച്ചിരുന്ന വെള്ള മുണ്ടും ഷർട്ടുമണിഞ്ഞ് മറ്റ് പ്രവർത്തകർക്കൊപ്പം വീട് കയറ്റം.  വീടുകളിൽ നിന്നു വീടുകളിലേക്ക് നിലക്കാത്ത സഞ്ചാരം ശരീര മനങ്ങാതിരുന്ന കുട്ടനെ ശരിക്ക് തളർത്തി, തളർച്ച പുറത്തു കാണിക്കാതെ വൈകുന്നേരം വരെ ചിരിച്ച മുഖവുമായി പ്രവർത്തകർക്കൊപ്പം തന്നെ നിന്നു. വൈകിട്ട് വീടു കയറ്റം കഴിച്ച് പാർട്ടി ഓഫീസിലെ പാർട്ടി മീറ്റിംഗിലേക്ക് . തിരഞ്ഞെടുപ്പിന്റെ അടവും നയങ്ങളും മുതിർന്ന നേതാക്കൾ കുട്ടന് പകർന്നു നൽകി. ഒപ്പം സ്വന്തമായി ഒരു മൊബൈൽ വാങ്ങാനും നിർദ്ധേശം ഉയർന്നു. മീറ്റിംഗും ക്ലാസും എല്ലാം കഴിഞ്ഞിറങ്ങിയപ്പോൾ സമയം പന്ത്രണ്ട് മണി. ഷിനോബിയുടെ ബൈക്കിന് പിന്നിൽ ഇരുന്ന് വീട്ടിലേക്ക്.. ആ യാത്രയിൽ ഒരാഗ്രഹം കൂടി മെട്ടിട്ടു ഒരു സ്കൂട്ടർ ഉണ്ടായിരുന്നെങ്കിൽ!. വീടിന്റെ വരാന്തയിൽ തന്നെ അചഛനും അമ്മയും കാത്തു നിൽക്കുന്നുണ്ടായിരുന്നു.
" എന്താടാ ഇത്ര താമസിച്ചേ?"
അമ്മയുടെ ചോദ്യത്തിന് കുട്ടൻ മറുപടി പറയും മുമ്പേ ഷിനോയി പറഞ്ഞു
"ഇനി കുട്ടനെ കിട്ടണമെങ്കിൽ ഈ സമയമാകും .... സ്ഥാനാർഥിയാ"
മകന്റെ വരവും കാത്ത് അത്താഴം കഴിക്കാതിരുന്ന അച്ഛന്റെയും അമ്മയുടെയുമൊപ്പമിരുന്ന് കഞ്ഞി കോരി കുടിച്ചു കൊണ്ട് അവന്റെ ആവശ്യങ്ങൾ മന്ത്രിസഭയിലവതരിപ്പിക്കുന്നതിലും ശ്രദ്ധയോടെ അവതരിപ്പിച്ചു. വണ്ടിയും മൊബൈലും. മെബൈൽ അംഗീകരിച്ചെങ്കിലും വണ്ടി പച്ച സിഗ്നലിനായി കാത്തു നിന്നു. വണ്ടിക്കു വേണ്ടി കുട്ടൻ  പല ന്യായങ്ങളും നിരത്തി. അവസാനം അമ്മയുടെ സപ്പോർട്ടുകൂടി കിട്ടിയതോടെ ഭൂരിപക്ഷാഭിപ്രായത്തോട് അചഛനും അനുഭാവം പ്രകടിപ്പിച്ചു പറഞ്ഞു "ആ... നോക്കാം"

പിറ്റേന്ന് രാവിലെ പാലു കൊടുക്കാൻ അവൻ നടന്നാണ് പോയത്. റോഡിലേക്കിറങ്ങിയതും ചുവരിലും മതിലുകളിലും തിങ്ങി നിറഞ്ഞിരിക്കുന്ന  സ്വന്തം ചിരിച്ച മുഖം കണ്ട് അവൻ അഭിമാനം പൂണ്ടു. എല്ലാത്തിലും "അരുൺകുമാറിനെ ബ്രാക്കറ്റിനുള്ളിൽ കുട്ടനെ വിജയിപ്പിക്കുക " ശരിക്കും അന്നാണ് നാട്ടുകാർ കുട്ടന് അങ്ങനൊരു പേരുണ്ടെന്നറിയുന്നത്.
" നീ ഇന്നെന്താ നടന്ന്. സൈക്കിൾ എന്തിയേടാ?" വഴിവക്കിലുള്ള വീട്ടിന്റെ മുറ്റം അടിക്കുന്ന അയൽക്കാരി ചേച്ചിയുടേതായിരുന്നു അപ്രതീക്ഷിത ചോദ്യം. "ഓ.. അത് പഞ്ചറായിന്നേ... പിന്നേ ചേട്ടനെന്തിയേ ഇത്തവണ പാർട്ടി നോക്കാതെ എനിക്ക് തന്നെ വോട്ട് തന്നേക്കാൻ ചേട്ടനോട് പറഞ്ഞേക്കണേ" ചേച്ചിയോട് അൽപം നുണയും പറഞ്ഞ് കുശലാന്വേഷണങ്ങളും നടത്തി നടന്നു.

ഇലക്ഷൻ ഡേറ്റ് അടുത്തു. അരുൺ കുമാറെന്ന കുട്ടന് വണ്ടിയും മൊബൈലും സ്വന്തമായി. ഇരു പാർട്ടികളുടേയും പ്രചരണങ്ങളും പൊതുയോഗങ്ങളും നാട്ടിൽ തകൃതിയായി നടക്കുന്നു. പൊതുയോഗങ്ങളിൽ തടിച്ചുകൂടുന്ന ആളുകളുടെ എണ്ണവും ഓരോരുത്തരുടെ വാക്കുകളും കുട്ടന്റെ ആത്മവിശ്വാസത്തെ ദിനം പ്രതി വർദ്ധിപ്പിച്ചു കൊണ്ടേ യിരുന്നു. കുട്ടനെ പോലെ കവലയ്ക്കും കാര്യമായ മാറ്റങ്ങളുണ്ടായി. പാറി പറക്കുന്ന ചെങ്കൊടികളും ത്രിവർണ പതാകകളും പോസ്റ്ററുകളും തോരണങ്ങളും ബാനറുകളും കവലയിലെ മുക്കിലും മൂലയിലും നിറഞ്ഞു. അമ്മുക്കുട്ടി അമ്മയുടെ ചായ പീടികയുടെ കരിപിടിച്ച ചുവരുകൾ സ: അച്ചുതന്റെയും അരുൺകുമാറിന്റെയും ചിരിക്കുന്ന മുഖങ്ങൾ കൃത്യമായി പങ്കുവെച്ചു.
പരസ്യപ്രചരണങ്ങൾ അവസാനിപ്പിച്ച് കവലയിൽ ഇരുകൂട്ടരും ആവേശത്തിരമാലകളുയർത്തി കൊട്ടിക്കലാശത്തിനു ശേഷം ഇരു കൂട്ടരും അവസാന ഘട്ട മിനുക്കുപണികളിലേക്ക്. സംഘർഷം നിറഞ്ഞ മനസിനെ പിടിച്ചു നിർത്താനാവാതെ കുട്ടൻ. അങ്ങനെ നിശബ്ദ്ധ പ്രചാരണത്തിന്റെ ദിനവും അവസാനിച്ചതോടെ, കയ്യിൽ മഷി പുരട്ടാൻ തയ്യാറായി ജനങ്ങളും. ജനങ്ങളുടെ വിരലടയാളം തങ്ങൾക്കനുകൂലമാകുമെന്ന പ്രതീക്ഷയിൽ സ്ഥാനാർഥികളും പാർട്ടികളും.

ഇലക്ഷന്റെ  അന്നും അവൻ പാലുമായി കവലയിലെത്തി. കവലയിലുള്ളവരെയെല്ലാം അവൻ ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തി. സമയം കളയാതെ കവലയിൽ നിന്നു വീട്ടിലേക്കും, പോളിങ്ങ് തുടങ്ങും മുന്നേ സ്കൂളിലേക്കും കുട്ടനെത്തി. അവൻ പഠിച്ച സ്കൂളും ക്ലാസ് മുറികളും ഓടിക്കളിച്ച മുറ്റവും. ആ മുറ്റത്തിന്നവൻ അപ്രതീക്ഷിതമായി വീണു കിട്ടിയ മറ്റൊരു വേഷത്തിൽ. ഗേറ്റു കടന്നു വരുന്നവരോരോരുത്തരുടേയും വോട്ടുകൾ ഉറപ്പിക്കാൻ മുഖത്ത് പുഞ്ചിരിയും തൂക്കി

" നീ വോട്ട് ചെയ്തോ.... ഇല്ലേ വേറെ ആൺ പിള്ളാര് ചെയ്തിട്ട് പോകും." അപ്പോളാണ് അവൻ ഓർത്തത് വോട്ട് ചെയ്തില്ലല്ലോന്ന്. നേരേ പോയി ക്യൂവിൽ നിന്ന്, കയ്യിൽ മഷി പുരട്ടി വേട്ടിങ്ങ് യന്ത്രത്തിനു മുന്നിൽ നിന്ന് തെല്ലഭിമാനത്തോടെ സ്വന്തം പേരിനു നേരെയുള്ള ബട്ടണിൽ വിരൽ അമർത്തി. " ബീ... പ്" യന്ത്രം ശബ്ദിച്ചു. മുഖത്ത് തെല്ലൊരഭിമാനവും ചിരിയും വിടർത്തി അവൻ വീണ്ടും ഗെയിറ്റിലേക്ക് നടന്നു.

ഉച്ചകഴിഞ്ഞതോടെ വോട്ട് ചെയ്യാനെത്തുന്നവരുടെ തിരക്ക് കുറഞ്ഞു. ഏകദേശം എല്ലാവരും തന്നെ വോട്ട് ചെയ്തു കഴിഞ്ഞു എന്ന രീതിയിൽ കണക്കുകൾ പുറത്തു വന്നു. വൈകിട്ട് കൃത്യം അഞ്ച് മണിക്ക് തന്നെ വോട്ടിങ്ങ് അവസാനിച്ചു. എൺപത്തൊൻപത് ശതമാനം ആളുകളും വോട്ട് രേഖപ്പെടുത്തിയിരിക്കുന്നു. വൈകിട്ടത്തെ തിരഞ്ഞെടുപ്പവലോകന യോഗങ്ങളിൽ സുനിശ്ചിത വിജയം ഉറപ്പിച്ചു രണ്ടു പാർട്ടികളും. നൂറ് വോട്ടിനെങ്കിലും അരുൺ കുമാർ വിജയിക്കുമെന്ന് കുട്ടന്റെ പാർട്ടി പറയുമ്പോൾ. പ്രതീക്ഷകൾക്കൊപ്പം ആശങ്കകളും കുട്ടന്റെ മനസിൽ പീലി വിടർത്തി. ഒരു ദിവസം കാത്തിരുന്നാൽ എല്ലാം അറിയാമല്ലോ, വീട്ടിൽ പോയി സമാധാനമായൊന്നുറങ്ങാം എന്ന പ്രതീക്ഷയിൽ അവൻ സ്കൂട്ടറിൽ കയറി.

"ചിലവൊന്നുമില്ലേടാ .... എന്തേലും തന്നിട്ടു പോടാ "

കൂടത്തിലുണ്ടാരുന്ന കൂട്ടുകാരാരുന്നു പിന്നിൽ നിന്നു വിളിച്ചത് . അവർക്ക് പോക്കറ്റിൽ കിടന്ന രണ്ടായിരം രൂപ എടുത്തു നീട്ടി - " റിസൾട്ട് വന്നു കഴിയുമ്പോ ഇതൊന്നും പോര " എന്ന് പറഞ്ഞ് ആ നീട്ടിയ പൈസയും വാങ്ങി പോക്കറ്റിലിട്ട് കുട്ടന്റെ പുറത്തു തട്ടി അവർ കുട്ടനെ യാത്രയാക്കി.

അവന്റെ പ്രതീക്ഷകൾ പോലെ വീട്ടിൽ പോയി സുഖമായുറങ്ങാൻ അവനു കഴിഞ്ഞില്ല. റിസൾട്ടിനെക്കുറിച്ചുള്ള ടെൻഷൻ ആയിരുന്നു മനസിൽ നിറയെ. എസ്.എസ്.എൽ.സി പരീക്ഷയുടെ റിസൾട്ട് വരുന്ന ദിവസം പോലും താൻ ഇത്രയും ടെൻഷൻ അടിച്ചിട്ടില്ലെന്നവനോർത്തു. മനസിലേക്ക് പല ഓർമകളും തട്ടിക്കളിച്ചു കിടന്നു. കണ്ണുകൾ ഇറുക്കി അടച്ച് അവൻ കിടന്നു.

വേട്ടെണ്ണുന്ന ദിവസം രാവിലെ പ്രഭാത കൃത്യങ്ങൾ പൂർത്തിയാക്കി കുട്ടൻ നേരെ വോട്ടെണ്ണൽ കേന്ദ്രത്തിലെത്തി. എന്നാൽ പ്രതീക്ഷകൾ തകിടം മറിഞ്ഞു അരുൺ കുമാറിനെ പതിനൊന്ന് വോട്ടുകൾക്ക് പരാജയപ്പെടുത്തി സഖാവ് അചുതൻ വിജയിച്ചു. എങ്ങും കാഹളം മുഴങ്ങി ചെണ്ടയിൽ കോലു വീണു, മാലപടക്കങ്ങൾ നിർത്താതെ പൊട്ടി വിജയിയെ എടുത്തുയർത്തി സഖാക്കൾ പര്യടനം തുടങ്ങി. ഉയർന്ന ചെങ്കൊടികൾക്കിടയിലൂടെ ചിരിക്കുന്ന മുഖവും വാടിയ മനസുമായി കുട്ടൻ വീട്ടിലേക്ക് പോയി

പിറ്റേന്ന് നേരം പുലർന്നു. അമ്മുക്കുട്ടിയമ്മ പതിവുപോലെ ചായ പീടിക തുറന്നു. പതിവുപോലെ പാലുകാരും വന്നു. തോൽവിയും വിജയവും കായൽ കയ്യേറ്റവുമെല്ലാം ചർച്ചയിൽ വന്നു.  പാലും വണ്ടി പോകാൻ സമയമായതോടെ നീട്ടി ഹോൺ മുഴക്കി കുട്ടന്റെ സ്ക്കൂട്ടർ വന്നു. പഴയ പതിവുകൾക്ക് മാറ്റങ്ങളില്ല. പാൽ അളന്ന് സ്കൂട്ടറിൽ പാത്രവും തൂക്കി അമ്മുക്കുട്ടിയമ്മയുടെ കടയിൽ നിന്ന് ചായയും പിന്നെ നേരെ വായനശാലയിലേക്കും

''എടാ വൈകിട്ട് നീ നേരത്തെ വരില്ലേ? ഇതിനാത്ത് ഫെയിസ് ബുക്ക് എടുക്കാനൊന്നു പറഞ്ഞു തരണേ."

കയ്യിലെ മൊബൈൽ ഫോൺ ഉയർത്തി പിടിച്ച് വഴിയേ പോയ കൂട്ടുകാരനോട് വായനശാലയിലെ ബഞ്ചിലിരുന്ന് കുട്ടൻ വിളിച്ചു പറഞ്ഞ് വീണ്ടും അവൻ പഴയ കുട്ടനായി മാറി.

തിരഞ്ഞെടുപ്പിലേറ്റ തോൽവിയേക്കാൾ നേട്ടങ്ങളായിരുന്നു ഈ തിരഞ്ഞെടുപ്പ് കുട്ടന് നൽകിയത്. മൊബൈലും ഫെയിസ് ബുക്കും സ്കുട്ടറും പിന്നെ അരുൺ കുമാറെന്ന പേരും നേട്ടങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുന്നു. അടുത്ത തിരഞ്ഞെടുപ്പിലും ഇതുപോലെ കുട്ടനെ കാത്തിരിക്കുന്ന അപ്രതീക്ഷിത നേട്ടങ്ങൾ എന്തൊക്കെയാകുമെന്നറിയില്ല. എന്തായാലും ഒന്നു രണ്ടു കൊല്ലം കാത്തിരുന്നേ മതിയാകൂ.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു ദിനം, വാഗമൺ പരുന്തുംപാറ പഞ്ചാലിമേട്

കാഴ്ച്ചയുടെ ഉയരങ്ങളിൽ മനസിന്റെ പൂക്കാലം

കെ.എസ്.ആർ.ടി.സി ഫോട്ടോസ് - KSRTC Picture Gallery