കൊച്ചിയുടെ കോമെറ്റ്
കേരളത്തിന്റെ ആദ്യ മെട്രോ, നുമ്മടെ കൊച്ചിയുടെ സ്വന്തം കോമറ്റ്. കൊച്ചിയുടെ സ്വകാര്യ അഹങ്കാരമായി നഗരത്തിലെ മുറുകുന്ന ഗതാഗത കുരുക്കിന് പരിഹാരമായി കൊച്ചിയുടെ മുഖഛായ തന്നെ മാറ്റിക്കൊണ്ട്, നഗരവീഥികൾക്ക് നടുവിൽ ഉയർന്നു നിൽക്കുന്ന കോൺക്രീറ്റ് തൂണുകൾക്ക് മുകളിലൂടെ കേരളത്തിന്റെ മൊത്തം അഭിമാനവും പേറി ആലുവയിൽ നിന്നും പാലാരിവട്ടത്തേക്ക് മെട്രോയുടെ ജൈത്രയാത്രക്ക് ആരംഭം കുറിച്ചിരിക്കുന്നു. ഒപ്പം മലയാളിയുടെ പുത്തൻ യാത്രാ സംസ്കാരത്തിനും. മെട്രോയുടെ തൂണുകൾ കൊച്ചിയിൽ ഉയർന്നു തുടങ്ങിയതോടെ അറബിക്കടലിന്റെ റാണിയോട് വിട പറഞ്ഞ എനിക്ക് , വളരെ ചുരുങ്ങിയ കാലം കൊണ്ട് ആദ്യം ഘട്ടം പൂർത്തിയാക്കി - പൊതുജനങ്ങൾൾക്കായി കോമറ്റിനെ വിട്ടു കൊടുത്ത അന്നു തന്നെ സുഹൃത്തുക്കൾ ക്കൊപ്പം മെട്രോ യാത്ര ആസ്വദിക്കാനായത് തികച്ചും അപ്രതീക്ഷിതമായിരുന്നു.
ഗതാഗത കുരുക്ക് അഴിക്കൽ ആണ് ലക്ഷ്യമെങ്കിലും പാലാരിവട്ടത്ത് കുരുക്ക് മുറുകുന്ന കാഴ്ച്ചയായിരുന്നു അന്ന്. ഞങ്ങളെ പോലെ ഒരു കാര്യവുമില്ലാതെ ആദ്യ മെട്രോ യാത്ര കൊതിച്ച് എത്തിയവരുടെ തിരക്കും വാഹനങ്ങളും കൊച്ചിയെ വീണ്ടും കുരുക്കുകയായിരുന്നു. മെട്രോയുടെ പാർക്കിംഗ് നിറഞ്ഞിരിക്കുന്നു. വഴിയോരത്ത് അൽപം സ്ഥലം കണ്ടെത്തി വാഹനം പാർക്ക് ചെയ്ത് പാലാരിവട്ടത്തെ മെട്രോ സ്റ്റേഷനിലേക്ക് കടക്കുമ്പോൾ രാത്രി വൈകിയിട്ടും ആളുകളുടെ തിരക്കൊഴിഞ്ഞിട്ടില്ല. വിശാലമായി സജ്ജമാക്കിയിട്ടുള്ള സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾക്കു മുന്നിലെ ക്യൂവിൽ ഒന്നിൽ ഞങ്ങളും സ്ഥാനം കരസ്ഥമാക്കി. 40 രൂപ വീതം നൽകി പാലാരിവട്ടത്തു നിന്ന് ആലുവയിലേക്ക് ടിക്കറ്റെടുത്ത്, സെക്യൂരിറ്റി ചെക്കിംഗും കഴിഞ്ഞ് ക്യൂ ആർ കോഡ് സ്ക്യാൻ ചെയ്ത് അകത്തേക്ക്. എസ്കലേറ്ററുകൾ വഴി മുകളിൽ പ്ലാറ്റ് ഫോമിലെത്തി. സുന്ദരമായി ഒരുക്കിയിരിക്കുന്ന സ്റ്റേഷന്റെ കാഴ്ച്ചകൾ കൂടുതൽ ആസ്വദിക്കാൻ കഴിഞ്ഞില്ല, എങ്കിലും ചുവരിലൊരുക്കിയിരിക്കുന്ന ചിത്രങ്ങളും വർണ്ണങ്ങളും സ്റ്റേഷന്റെ ഭംഗി ക്ക് തിലകം ചാർത്തുന്നു. ആദ്യ മെട്രോ യാത്രയുടെ ആകാഷകളുമായി തിരക്കിനിടയിൽ പ്ലാറ്റ്ഫോമിൽ നിൽക്കുമ്പോൾ, ഞങ്ങൾക്കു മുന്നിലേക്ക് കോമറ്റ് പാളങ്ങൾക്കു മുകളിലൂടെ മൂന്ന് സ്റ്റെയിൽ നെസ് സ്റ്റീൽ കോച്ചുകളുമായി ഒഴുകിയെത്തി.
യാത്ര കഴിഞ്ഞവരുടെ തിരക്കിനിടയിലൂടെ സാവധാനം അകത്തേക്ക് കടന്നു. ഇരിപ്പിടങ്ങളെല്ലാം നിറഞ്ഞിരിക്കുന്നു. ചാർജ് തീരാറായ മൊബൈൽ കോമറ്റിന്റെ യു.എസ് ബി പോർട്ടിൽ നിന്നും ചാർജിങ്ങിനു വയ്ച്ചു. സുഹൃത്തുക്കളുടെ സെൽഫികളിൽ പോസ് ചെയ്തു. ട്രെയിനിൽ എവിടെയും സെൽഫികൾ പൂക്കുന്ന തിരക്കായിരുന്നു. വാതിലുകൾ അടഞ്ഞു. ഒരു കുതിപ്പോടെ കോമറ്റ് ഞങ്ങളെയും കൊണ്ട് ആലുവയിലേക്ക് കുതിച്ചു. അങ്ങനെ പുത്തൻ യാത്രാ സംസ്കാരത്തിന് ഞാനും ഒരു കുതിപ്പ് നടത്തിയിരിക്കുന്നു. ഓളത്തിൽ ഒഴുകി നീങ്ങുന്ന ആഡംബര നൗകകളെ പോലെ കൊച്ചിയുടെ ആകാശ വീഥികളിലൂടെ കൊച്ചിയുടെ ആകാശ കാഴ്ച്ചകൾ നുകർന്ന യാത്ര. ഇടപ്പള്ളി പള്ളിയും ലുലു മാളും എല്ലാം വർണ്ണ ലൈറ്റുകളുടെ ഭംഗി പേറി നിൽക്കുന്ന ആകാശ കാഴ്ച്ച. വഴിയിൽ സിഗ്നൽ കാത്ത് കിടക്കുന്ന വാഹനങ്ങൾ. കാഴ്ച്ചകൾക്കും അനുഭവങ്ങൾ പുത്തൻ നിറവും ഭംഗിയും ചാലിച്ച നിമിഷങ്ങൾ. ഓരോ സ്റ്റേഷനിലുമെത്തുമ്പോൾ കയറാൻ നിൽക്കുന്നവർക്ക് തിരക്കാണ് കാരണം മറ്റൊന്നുമല്ല, അര മിനിറ്റു മാത്രമാണ് ഓരോ സ്റ്റേഷനിലും മെട്രോയുടെ സ്റ്റോപ്പ് എന്നതാണ്. എന്നാൽ കയറാൻ ആളു കൂടുതലുണ്ടെങ്കിൽ കൂടുതൽ സമയം സ്റ്റേഷനിൽ കുതിക്കാൻ തയ്യാറായി കോമറ്റ് കാത്ത് കിടക്കും.
പത്തടി പാലവും കൊച്ചിൻ യൂണിവേഴ്സിറ്റി സ്റ്റേഷനുകളും കഴിയുന്നതോടെ കാഴ്ച്ച മറയ്ച്ച് ഇരുട്ടിന്റെ കുസൃതി. അതോടെ ഗ്ലാസിൽ ഞങ്ങളുടെ തന്നെ പ്രതിബിബം തെളിഞ്ഞു. അക്കത്തെ എൽ.സി.ഡി സ്ക്രീനിൽ തെളിയുന്ന മെട്രോ കാഴ്ച്ചകളിൽ കണ്ണുകൾ ഉടക്കി. ഡോറ്കൾക്ക് മുകളിലുളള സ്ക്രീനിൽ സ്റ്റേഷന്റെ വിവരങ്ങൾ കാണിക്കുന്നത് തത്കാലം കൃത്യമല്ല. അടുത്ത സ്റ്റേഷൻ എല്ലായിപ്പോളും ഒന്നു തന്നെ കാണിച്ചു കൊണ്ടേ യിരിക്കുന്നു. വരും ദിവസങ്ങളിൽ എത്രയും വേഗം തന്നെ സോഫ്റ്റ് വെയർ തകരാർ പരിഹരിച്ച് കൃത്യമായ വിവരങ്ങൾ നമ്മുക്ക് നൽകാൻ കഴിയട്ടെ കെ.എം.ആർ.എൽ ന്.
അവസാന സ്റ്റേഷൻ ആലുവയിൽ, പ്ലാറ്റ്ഫോമിൽ നിറയെ ആളുകൾ. അവർക്കിടയിലൂടെ താഴേക്ക് എസ്കലേറ്ററിൽ. താഴെയെത്തി വീണ്ടും കയ്യിലെ ടിക്കറ്റിലെ ക്യൂ ആർ കോഡ് സ് ക്യാൻ ചെയ്ത് പുറത്തിറങ്ങി. അവിടെ കൗണ്ടറിൽ നിന്നും പാലാരിവട്ടത്തേക്കുള്ള ടിക്കറ്റും എടുത്ത് യാത്ര തിരിച്ചു. അതും തിരക്കിനിടയിൽ നിന്നു തന്നെ.