തിരുവനന്തപുരം - ചേർത്തല, വോൾവോ യാത്ര
നാളുകൾക്കു മുന്നെ ഉണ്ടായ രസകരമായ ഒരു കെ.എസ്.ആർ.ടി.സി അനുഭവം
ചേർത്തല ഇൻഫോപാർക്കിൽ ജോലി ചെയ്തിരുന്ന കാലം. ഞാനും എന്റെ ഒരു ചങ്ങാതിയും കൂടി തിരുവനന്തപുരം ടെക്നോപാർക്കിൽ ഒരു ഇന്റർവ്യൂനു പോയി മടങ്ങി വരാൻ കഴക്കൂട്ടത്ത് ബസ് കാത്തു നിൽക്കുമ്പോൾ കെ.എസ്.ആർ.ടി.സി യുടെ സൂപ്പർ ക്ലാസ് വിഭാഗത്തിൽ പെട്ട ഗരുഡ വേൾവോ വരുന്നത്. കൈ നീട്ടി ബസിൽ കയറി, ഏറ്റവും പിന്നിലായി ഒഴിഞ്ഞുകിടന്ന സീറ്റിൽ ഇരുന്ന് ആദ്യ മൾട്ടി ആക്സിൽ വോൾവോ യാത്ര.
ഇൻറർവ്യൂ കഴിഞ്ഞ് കഴക്കൂട്ടത്തെ ഒരു ഹോട്ടലിൽ കയറി, ഓർഡർ ചെയ്തവയ്ക്കൊന്നും വലിയ രുചി ഒന്നുമില്ലാതിരുന്ന കൊണ്ട് - എന്നു വച്ചാൽ വായിൽ വെക്കാൻ കൊള്ളില്ലാത്ത ചപ്പാത്തിയും കറിയും കഴിച്ചെന്നു വരുത്തി ഹോട്ടലിനു പുറത്തിറങ്ങിയ പാടേ ബസ് കിട്ടിയതിനാൽ ഒരു കുപ്പി വെള്ളം പോലും വാങ്ങാൻ പറ്റിയില്ല. എ സി യുടെ തണുപ്പിലും അസഹനീയമായ ദാഹം. ബസ് ചേർത്തലയിലെത്താൽ ഇനിയും മണിക്കൂറുകൾ കഴിയും. സഹികെട്ട് കണ്ടക്ടറോട് ഞങ്ങൾ ആവശ്യം അറിയിച്ചു. "അടുത്ത സ്റ്റോപ്പിൽ എവിടെ നിന്നെങ്കിലും അല്പം വെള്ളം മേടിക്കാൻ ഒന്ന് ...." ചോദ്യം മുഴുവനാക്കാൻ അയാൾ സമ്മതിച്ചില്ല. അതിനു മുന്നേ "വെള്ളം തരാം താഴെ ബോക്സിലാ ഇരിക്കുന്നത് ... അടുത്ത സ്റ്റോപ്പെത്തട്ടെ ." അയ്യാൾ പറഞ്ഞിട്ട് മുന്നോട്ട് നടന്നു. പെട്ടന്നു തന്നെ കണ്ടക്ടർ വീണ്ടും വന്നു കയ്യിൽ 3-4 ബോട്ടിൽ മിനറൽ വാട്ടർ ഒന്നു രണ്ടു സീറ്റുകളിലേക്ക് കുപ്പികൾ നീട്ടി. ഞങ്ങൾക്കും കിട്ടി ഒന്ന് "ബാക്കി പിന്നെ എടുത്തു തരാം" ഓരോ കവിള് വെള്ളം കുടിച്ച് ഞങ്ങൾ പരസ്പരം മുഖം നോക്കി. " ഇതിലിങ്ങനൊക്കെ ഉണ്ടോ?"
" ഇത് നമ്മുടെ കെ.എസ്.ആർ.ടി.സി തന്നെ അല്ലേ.?"
എന്തായാലും ദാഹവു മാറ്റി അന്തം വിട്ടൊരു യാത്ര.
" ഇത് നമ്മുടെ കെ.എസ്.ആർ.ടി.സി തന്നെ അല്ലേ.?"
എന്തായാലും ദാഹവു മാറ്റി അന്തം വിട്ടൊരു യാത്ര.
പാതി മയക്കത്തിലേക്കു വീണ ഞങ്ങൾ രാത്രി ഭക്ഷണത്തിന് വണ്ടി നിർത്തിയിടത്താണ് പയ്യെ എണീക്കുന്നത്. വണ്ടിയിൽ നിന്നിറങ്ങുന്നവരുടെ കൂട്ടത്തിൽ ഞങ്ങളും ഇറങ്ങി. സ്ഥലം കായംകുളം, കെ.റ്റി.ഡി.സി യുടെ ആറാം മോട്ടലിനു മുന്നിൽ. ഭക്ഷണം കഴിച്ച് യാത്ര തുടരും മുന്നേ പിന്നിലായുള്ള ബസിന്റെ എൻജിൻ ഭാഗത്ത് ഡ്രൈവറും കണ്ടക്ടറും എന്തൊക്കെയോ ചെയ്യുന്നു. അത് പെട്ടന്നു തന്നെ അവസാനിപ്പിച്ച് വീണ്ടും യാത്ര തുടർന്നു. എന്നാൽ അടുത്ത ഡിപ്പോയുടെ മുന്നിൽ ഗരുഡ വീണ്ടും നിലച്ചു. " വണ്ടിക്കൊരു ചെറിയ തകരാറ് , അത് ശരിയാക്കീട്ട് ഇപ്പൊ തന്നെ പോവാം " പാതി ഉറക്കത്തിലേക്ക് വീണ എല്ലാവരും തലപൊക്കി മുന്നോട്ടും പിന്നോട്ടുമൊക്കെ തെല്ലു പരിഭവത്തോടെ നോക്കി.
പുറത്തേക്കിറങ്ങിയ ഒന്നുരണ്ടാളുകളുടെ കൂട്ടത്തിൽ ഞങ്ങൾ രണ്ടാളും ഒപ്പം ചേർന്നു. വണ്ടിയുടെ പിന്നിലായി നിൽക്കുന്ന ഡ്രൈവർക്കും കണ്ടക്ടർക്കും അരികിലേക്ക് ഞങ്ങളും എത്തി. അധിക നേരം കാത്തു നിൽക്കും മുന്നേ ഡിപ്പോയിൽ നിന്നും രണ്ട് മെക്കാനിക്കുകൾ ഇരുണ്ട വെളിച്ചത്തിലൂടെ കയ്യിലൊരു ടോർച്ചും രണ്ട് ഇരുമ്പുകമ്പികളും ഒരു വലിയ ചുറ്റികയുമായി വരുന്നു. ആ കാഴ്ച്ച കണ്ടപ്പോൾ അരം പ്ലസ് അരം സമം കിന്നരം എന്ന സിനിമയിൽ വാക്കത്തിയും ചുറ്റികയും ഒക്കെയായി കാറ് നന്നാക്കാൻ പോകുന്ന , മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ശ്രീ ജഗതി ചേട്ടൻ അനശ്വരമാക്കി കെ & കെ ഓട്ടോ മൊബൈൽസ് പ്രൊപറേറ്റർ മനോഹരനെയാണ് ഓർമ്മ വന്നത്. എന്തൊക്കെയാണെങ്കിലും ചുറ്റികക്ക് രണ്ടിട്ടിയും ഇടിച്ച് കമ്പിക്ക് കുത്തിയും അഞ്ച് നിമിഷത്തിൽ വണ്ടി റെഡി. വീണ്ടും യാത്ര തുടർന്നു. ഞങ്ങളെ ചേർത്തല എക്സറേ ജംഗ്ഷനിൽ ഇറക്കി ഗരുഡ ഇരുട്ടിൽ മറഞ്ഞു.
സുഖകരമായ യാത്ര പരിസമാപ്തിയിലേക്ക്. ഒപ്പം തമാശ നിറഞ്ഞ നിമിഷങ്ങൾ മനസിലേക്കും ചേക്കേറി. എന്റെ അഭിപ്രായത്തിൽ ഈ രീതിക്ക് വോൾവോ ബസ് നന്നാക്കാൻ ലോകത്ത് ഒരു പക്ഷെ നമ്മുടെ കെ.എസ്.ആർ.ടി.സിക്കു മാത്രമേ പറ്റൂ... "ഞങ്ങൾ ബസിന്റെ എല്ലാ പണിയും ചെയ്യും"