കല്ലടയും ചങ്കും
കല്ലട ട്രാവത്സിലെ ജീവനക്കാർ യാത്രക്കാരെ മർദ്ധിക്കുന്ന വീഡിയോ പുറത്ത് വന്നതോടെ മറ്റ് സ്വകാര്യ ട്രാവത്സുകാരും പ്രതിക്കൂട്ടിലേക്കെത്തിയ സാഹചര്യത്തിൽ, വൈകാരികമായ ട്രോളുകളിലൂടെ മ്മടെ ആനവണ്ടി - കെ.എസ്.ആർ.ടി.സി ഹീറോ ആയിരിക്കുകയാണ്.
ലോകസഭ ഇലക്ഷൽ കഴിഞ്ഞ് കൂത്താട്ടുകുളത്തു നിന്ന് വൈകിട്ട് കോഴിക്കോടിന്, ബസ്സ് ബുക്ക് ചെയ്യാനായി കെ.എസ്.ആർ.ടി.സി.യുടെ വെബ്സൈറ്റിൽ കയറിയപ്പോൾ ഞെട്ടിപ്പോയി, സാധാരണ ഓരോ ബസിലും 5,6 സീറ്റുകൾ മാത്രം ബുക്കിംഗ് കാണാറുള്ള സ്ഥാനത്ത് കോട്ടയത്തു നിന്നും കോഴിക്കോടിനുള്ള ബസ്സുകൾ എല്ലാം തന്നെ സോൾഡ് ഔട്ട്. ഇനി ഒരു ബസിന് ഒരു സീറ്റ് മാത്രം മിച്ചം അത് കൊട്ടാരക്കരയുടെ കോഴിക്കോട് സൂപ്പർഫാസ്റ്റിന്റെ നാൽപ്പത്തി ഏഴാം നമ്പർ സീറ്റ്. അതായത് ഏറ്റവും പിന്നിലെ ഒരു സീറ്റ് . മറിച്ചൊന്നു ചിന്തിക്കാതെ അത് ബുക്ക് ചെയ്തു., അല്ലെങ്കിൽ പോക്ക് നടക്കില്ലേ...!
വൈകിട്ട് അഞ്ചരയോടെ ഫോണിൽ, വണ്ടിയുടെയും കണ്ടകടറുടെയും വിവരങ്ങളായി മെസേജ് എത്തി. പലരും പറഞ്ഞു കേട്ടിട്ടുണ്ട് കെ.എസ്.ആർ.ടിസില് ബുക്ക് ചെയ്താൽ മെസേജ് ഒന്നും വരില്ലെന്നും വിളിച്ചാൽ കിട്ടില്ല എന്നും ഒകെ. എന്നാൽ ഇതൊക്കെ അസൂയക്കാര് പറഞ്ഞുണ്ടാക്കുന്നതാണെന്നാണ് എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ എനിക്ക് തോന്നുന്നത്. ആറുമാസത്തിലധികമായി എല്ലാ ആഴ്ച്ചയിലും കൂത്താട്ടുകുളത്തുന്ന് കോഴിക്കോടിനും തിരിച്ചും ഞാൻ യാത്ര നടത്തുമ്പോൾ മെസേജ് വരാതെയും വിളിച്ചാൽ കിട്ടാത്ത അവസ്ഥയും ഓരോ തവണ എനിക്കും ഉണ്ടായെങ്കിലും ബുക്ക് ചെയ്യുമ്പോൾ ലിക്കുന്ന കൺട്രോൾ റൂം നമ്പറിൽ വിളിച്ചാൽ പാതിരാത്രിയിൽ പോലും മാന്യമായ സേവനം ലഭിക്കുമെന്നത് ആ പ്രശ്നങ്ങൾ ഒരു പ്രശനം അല്ലാതാക്കി തീർക്കുന്നു.
ഏഴ് നാൽപത്തി അഞ്ചിനാണ് വണ്ടി കോട്ടയം വരിക സമയം ആകുന്നതിനു മുന്നേ ഞാൻ കണ്ടക്ടറെ വിളിച്ചു ഫോൺ എടുത്തില്ല അടുത്ത വിളിയിൽ ഫോൺ എടുത്തു ഞാൻ കാര്യം പറഞ്ഞു. " കൂത്താട്ടുകുളത്തു നിന്നാണ് കയറുന്നത് " . വണ്ടി ലേറ്റാണ്ട് താമസിച്ച് ഇറങ്ങിയാൽ മതിയെന്ന് പറഞ്ഞ് അദ്ധേഹം കട്ട് ചെയ്തു.
ഏതാണ്ട് ഒന്നര മണിക്കൂർ ലേറ്റായി കാല് കുത്താൻ പോലും സ്ഥലം ഇല്ലാതെയാണ് വണ്ടി വന്നത്. വളരെ പാടുപെട്ട് തിരക്കിനിടയിലൂടെ ബുക്ക് ചെയ്ത സീറ്റിൽ സ്ഥാനം പിടിച്ചു. സീറ്റിൽ ഇരിക്കുന്നവരെല്ലാം മുൻകൂട്ടി റിസർവ് ചെയ്തവരാണ് എല്ലാവർക്കും വണ്ടി താമസിച്ചതായിരുന്നു പറയാനുള്ളത്. അവസാന സീറ്റ് അത്ര സുഖകരമല്ലെങ്കിലും കല്ലടയിലെ പോലെ തല്ലു കിട്ടില്ലെന്ന വിശ്വാസത്തിൽ ഇടവേളകളുള്ള ഉറക്കത്തിലേക്ക്. അങ്ങനെ പെരുമ്പാവൂരും ആങ്കമാലിയും ചാലക്കുടിയും തൃശ്ശൂരും 'കഴിയുന്നത് ഞാൻ അറിഞ്ഞു.
മറ്റൊരു ഇടവേളയിൽ ഞാൻ കണ്ണുതുറക്കുമ്പോൾ സമയം പുലർച്ചെ രണ്ട് മണിയോളം ആയിരിക്കുന്നു. അപ്പോൾ തൊട്ടപ്പുറത്തെ സീറ്റിൻ ഇരുന്ന രണ്ട് പെൺകുട്ടിക്കളിലൊന്ന് ബാഗും എടുത്ത് ഡോറിന്റെ അടുത്തു നിൽക്കുന്നു , അടുത്തായി കണ്ടക്ടറും. അല്പദൂരം കുടി മുന്നോട്ട് നീങ്ങുന്നതിനിടയിൽ കണ്ടക്ടർ ബെല്ലടിച്ചു വണ്ടി നിന്നു. ആ പെൺകുട്ടി വണ്ടിയിൽ നിന്നും ഇറങ്ങി ഒപ്പം കണ്ടക്ടറും. ആ കുട്ടിക്കൊപ്പം ആ കണ്ടക്ടറും റോസ് മുറിച്ച് കടന്നു, അവിടെ നിന്ന് ഒരു ഓട്ടോ പിടിച്ച് അതിൽ കയറ്റി കുട്ടിയെ സുരക്ഷിതമായി യാത്രയാക്കിയ ശേഷം ആണ് കണ്ടക്ടർ ചേട്ടൻ തിരിച്ചു വന്ന് ഡബിൾ ബെല്ലടിച്ചത്. വീണ്ടും ഞാൻ ഉറക്കത്തിലേക്ക് വീണു. പുലർച്ചെ കൃത്യ സമയത്തിന് 10 മിനിട്ട് മൂന്നേ തന്നെ മൂന്ന് ഇരുപതിന് കോഴിക്കോട് എത്തി. 1.30 മണിക്കൂർ വൈകി എങ്കിലും പരമാവ ധി ആളും ആയി വണ്ടി ഓടി എത്തി.
പണ്ട് രാത്രിയിൽ വീട്ടിൽ നിന്നും ആളു വരുന്നതുവരെ വഴിയിൽ തനിച്ചായ സഹോദരിക്ക് കൂട്ട് കിടന്നും, അംബുലൻസായി ആശുപത്രികളിലേക്കോടിയും, എയർ പോർട്ടിലേക്കു പോയ യാത്രക്കാരൻ മറന്നു വയ്ച്ച പാസ്പോർട്ടും ആയി തിരിച്ചോടിയും. നമ്മുടെ കെ.എസ്.ആർ.ടി.സി മാസ് കാണിക്കുമ്പോൾ. ഈ രാറ്റുപേട്ടയിലെ ആർ.എസ്.സി 140 വേണാട് ബസ് മാത്രം അല്ല _ കെ.എസ്.ആർ.ടി.സി മുഴുവൻ ഞങ്ങൾക്ക് ചങ്കാണ്.
ഈ യാത്രയിൽ കണ്ടതുപോലുള്ള ജീവനക്കാർ ഡബിൾ ബെല്ലടിച്ച് ഓടിച്ച് കയറ്റുന്നത് മലയാളികളുടെ ഹൃദയത്തിലേക്കാണ്. ... അല്ലാതെ കല്ലടയെ പോലെ നെഞ്ചത്തേക്കല്ല.