പോസ്റ്റുകള്‍

2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മോഷ്ടിക്കപ്പെട്ട ചെരുപ്പുകൾ

മുപ്പത് കിലോമീറ്ററോളം ചുറ്റി തിരിഞ്ഞാണ് അവര് വൈക്കത്തേക്ക് എത്തുന്നത്. തവണക്കടവിൽ നിന്നും നാലു രൂപയുടെ രണ്ട് ടിക്കറ്റെടുത്ത് ബോട്ടിൽ കയറിയിരുന്നെങ്കിൽ പതിനഞ്ച് ഇരുപത് മിനിട്ടിനുള്ളിൽ ഇക്കരെയെത്തുമായിരുന്നു. തണ്ണീർമുക്കം ബണ്ടിലൂടെ കറങ്ങി വരാൻ ഏകദേശം ഒരു മണിക്കൂറിലധികം സമയം ആയിരിക്കുന്നു.  പക്ഷെ സജിനും നിഷയ്ക്കും അത് ഒരു വിഷയമായിരുന്നില്ല. വിവാഹ ശേഷം വിരുന്നു സൽക്കാരങ്ങളുടെ തിരക്കുകളിൽ നിന്നും വൈക്കത്തഷ്ടമി കൂടാനായി മാറ്റി വെച്ച സായാഹ്നത്തെ, ബോട്ടിലെ തിരക്കിനിടയിൽ പെടുത്തി തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ തകർക്കാൻ അവർ തയ്യാറായിരുന്നില്ല. കാറ് ഒരു പേ ആൻഡ് പാർക്കിൽ നിർത്തി സജിനും നിഷയും റോഡിലെ തിരക്കിലേക്കിറങ്ങി ക്ഷേത്രത്തിലേക്ക് നടന്നു. ക്ഷേത്ര മതിൽക്കെട്ടിനകത്തെ മണൽ പരന്നു കിടക്കുന്ന മുറ്റത്തു കൂടി, വേദിയിൽ നിന്നും ഒഴുകിയെത്തുന്ന മധുരമായ സംഗീതം ആസ്വദിച്ച് തോളോടു തോൾ ചേർന്ന് നടക്കുമ്പോൾ. അമ്പലത്തിലെ ചുറ്റുവിളക്കിലെ തീ നാളം സായംസന്ധ്യയുടെ സൗന്ദര്യം കൂട്ടുന്നു. വൈക്കത്തപ്പനെ തൊഴുതു വണങ്ങി, അവർ പുറത്തേക്കിറങ്ങി. പടിഞ്ഞാറേ നടയിൽ നിന്നും ബോട്ട് ജെട്ടിയിലേക്ക് നീളുന്ന വഴി. ആളുകളും കച്ചവടക്കാരും ...

മുഖാവരണം

ദീർലദൂര ബസ് യാത്രയിൽ മുഖം മറച്ച് വെളുത്ത ടവ്വൽ കെട്ടിയിരുന്ന എന്നെ പലരും പല രീതിയിൽ നോക്കുന്നത് ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. ആ ഞാൻ കൊറോണയെ പേടിച്ച് വീട്ടിൽ ഇരുന്നിട്ട് അത്യാവശ്യത്തിനായി ഇന്നൊന്ന് പുറത്തിറങ്ങിപ്പോ മുഴുവൻ മാസ്കിട്ട മുഖങ്ങളായിരുന്നു. പച്ചയണിഞ്ഞ മാത്രയിൽ ചുവപ്പണിഞ്ഞ ഇടുക്കിയിലെ ഒരു മലയോര ഗ്രാമമായിരുന്നിട്ടു കൂടി നൂറിൽ നൂറ് മാർക്കായിരുന്നു മാസ്കിന്. ഈ ലോക്ക് തുറന്നു വരുന്നത് പുതിയൊരു സംസ്കാരം കൂടിയാണെന്ന് പച്ചക്കറിക്കടയിലും പലചരക്ക് കടയിലും പത്തു രൂപയ്ക്കും പതിനഞ്ച് രൂപയ്ക്കും വിൽക്കാൻ വയ്ച്ചിരിക്കുന്ന മാസ്കുകൾ ഓർമിപിക്കുന്നുണ്ട്. വിവിധ തരത്തിൽ പല വർണത്തിലുള്ള മാസ്കുകൾ. പരസ്പരം സംസാരിക്കുന്നവരുടെ ഭാവങ്ങൾ പാതി മറയ്ക്കുന്നു. സുന്ദരമായ പുഞ്ചിരിക്ക് സ്ഥാനമില്ലാതായി. ഇല്ലാത്തവൻ്റെ സങ്കടവും ഒളളവൻ്റെ സന്തോഷവും മുഖാവരണം മറയ്ക്കുന്നു. ഭാവമെന്തായാലും മനുഷ്യരെ കാണാമല്ലോ.... ആ സന്തോഷവും മുഖാവരണത്തിൽ ഒതുക്കി ഞാൻ തിരികെ വീട്ടിലെ ലോക്കിലേക്ക്.

മൂത്രപ്പുര

"ടപ്പ്" ശബ്ദത്തോടെ പൊട്ടിയ സോഡ ഇടതു കൈ കൊണ്ട് ഗ്ലാസിലേക്ക് നിറച്ച്, വലതു കൈയ്യിലെ സ്പൂണുകൊണ്ട് ഗ്ലാസിന്റെ വശങ്ങളിൽ സംഗീതം തീർത്ത് , തനിക്കു നേരെ നീണ്ട നുരഞ്ഞു പൊങ്ങുന്ന ഗ്ലാസിലെ സോഡാ നാരങ്ങ രണ്ടു മൂന്ന് തവണയായി വലിക്ക് കുടിച്ച്  വീണ്ടും ബസ്സിനായുള്ള കാത്തിരിപ്പ് തുടർന്നു. സായാഹ്നം തണൽ വിരിക്കുന്ന ബസ്റ്റാന്റിൽ വലിയ തിരക്കൊന്നുമില്ല. പാലാ, എറണാകുളം, കോട്ടയം, തിരുവനന്തപുരം, തൃശ്ശൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബോർഡും വയ്ച്ചു വരുന്ന ബസുകൾ ഉണങ്ങിയ കരിയിലകളും പൊടിയും പറത്തി ഇടയ്ക്കിടെ അതുവഴി കടന്നു പോകുന്നതൊഴിച്ചാൽ സായാഹ്നത്തിന്റെ അലസത അവിടെ പായ വിരിക്കുന്നു, സ്റ്റാന്റിന്റെ വശങ്ങളിൽ സദാ സമയം തണൽ വിരിക്കാൻ നിയോഗിക്കപ്പെട്ട വലിയ വാഗ മരങ്ങൾ ചെറുകാറ്റിൽ ഇലകളാട്ടി മയക്കത്തിലേക്ക് വീണിരിക്കുന്നു. അതിനും അപ്പുറത്തായി അധികം പഴക്കമില്ലാത്ത ചന്ദനക്കളറണിഞ്ഞ ഷീറ്റ് മേഞ്ഞ കെട്ടിടം അതിൽ കറുത്ത അക്ഷരത്തിൽ " മൂത്രപ്പുര". ആ കാഴ്ച്ചയെ മറച്ചുകൊണ്ടാണ് ഒരു സൂപ്പർഫാസ്റ്റ് ബസ് പൊടിയും തറയിൽ ഉണങ്ങിക്കിടക്കുന്ന കുഞ്ഞൻ ഇലകളെയും പറത്തിക്കൊണ്ട് വന്നു നിൽക്കുന്നത്. ബോർഡ് നോക്കി. " കോഴിക്കോട് ...