മൂത്രപ്പുര

"ടപ്പ്" ശബ്ദത്തോടെ പൊട്ടിയ സോഡ ഇടതു കൈ കൊണ്ട് ഗ്ലാസിലേക്ക് നിറച്ച്, വലതു കൈയ്യിലെ സ്പൂണുകൊണ്ട് ഗ്ലാസിന്റെ വശങ്ങളിൽ സംഗീതം തീർത്ത് , തനിക്കു നേരെ നീണ്ട നുരഞ്ഞു പൊങ്ങുന്ന ഗ്ലാസിലെ സോഡാ നാരങ്ങ രണ്ടു മൂന്ന് തവണയായി വലിക്ക് കുടിച്ച്  വീണ്ടും ബസ്സിനായുള്ള കാത്തിരിപ്പ് തുടർന്നു. സായാഹ്നം തണൽ വിരിക്കുന്ന ബസ്റ്റാന്റിൽ വലിയ തിരക്കൊന്നുമില്ല. പാലാ, എറണാകുളം, കോട്ടയം, തിരുവനന്തപുരം, തൃശ്ശൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബോർഡും വയ്ച്ചു വരുന്ന ബസുകൾ ഉണങ്ങിയ കരിയിലകളും പൊടിയും പറത്തി ഇടയ്ക്കിടെ അതുവഴി കടന്നു പോകുന്നതൊഴിച്ചാൽ സായാഹ്നത്തിന്റെ അലസത അവിടെ പായ വിരിക്കുന്നു, സ്റ്റാന്റിന്റെ വശങ്ങളിൽ സദാ സമയം തണൽ വിരിക്കാൻ നിയോഗിക്കപ്പെട്ട വലിയ വാഗ മരങ്ങൾ ചെറുകാറ്റിൽ ഇലകളാട്ടി മയക്കത്തിലേക്ക് വീണിരിക്കുന്നു. അതിനും അപ്പുറത്തായി അധികം പഴക്കമില്ലാത്ത ചന്ദനക്കളറണിഞ്ഞ ഷീറ്റ് മേഞ്ഞ കെട്ടിടം അതിൽ കറുത്ത അക്ഷരത്തിൽ " മൂത്രപ്പുര". ആ കാഴ്ച്ചയെ മറച്ചുകൊണ്ടാണ് ഒരു സൂപ്പർഫാസ്റ്റ് ബസ് പൊടിയും തറയിൽ ഉണങ്ങിക്കിടക്കുന്ന കുഞ്ഞൻ ഇലകളെയും പറത്തിക്കൊണ്ട് വന്നു നിൽക്കുന്നത്. ബോർഡ് നോക്കി. " കോഴിക്കോട് "

ഓടി ബസിനുള്ളില്‍ കയറി. ഏറ്റവു പിന്നിലായി ഒഴിഞ്ഞുകിടന്ന ഒരൂ സീറ്റില്‍ രണ്ട് തടിയമ്മാര്‍ക്കിടയിലായി ഞെരുങ്ങി ഇരുന്നു. ഹെഡ്സെറ്റിന്റെ വയറിലൂടെ മൊബൈലില്‍ നിന്നും ചെവിയിലേക്ക് പാട്ടുകൾ ഒഴുകി ഒപ്പം അന്തിവെയിലിന്‍റെ ചൂടും വീശിയടിക്കുന്ന കാറ്റും കുടി ആയതോടെ പതിയെ തടിയമ്മാരിലൊരാളുടെ തോളിലേക്ക് ചാഞ്ഞ് ഉറക്കത്തിലേക്ക്. കൂത്താട്ടുകുളത്ത് ബസ്റ്റാന്‍റിലേക്ക് കയറുന്ന കുഴിയില്‍ ചാടിയപ്പോള്‍ തടിയന്‍ തോളുകൊണ്ട് തലക്കിട്ട് ഒരു തട്ട് തന്നു, അറിയാത്ത ഭാവത്തിലാണ് തട്ടിയ തെങ്കിലും നന്നായി അറിഞ്ഞു, ഉറക്കം പമ്പ കടന്നു. ഒന്നും സംഭവിച്ചില്ലല്ലോ എന്ന ഭാവം മുഖത്ത് വരുത്തി തടിയമ്മാരെ അബദ്ധത്തില്‍ പോലും നോക്കാതെ മെബൈലില്‍ വാട്ട്സാപ്പ് മെസേജുകളും നോക്കി, ചെവിയിൽ നിന്നും പൊഴിഞ്ഞു പോയ ഹെഡ്സെറ്റ് വീണ്ടും ചെവിയിലേക്ക് തിരുകി പാട്ടുകേള്‍ക്കല്‍ പുനരാരംഭിച്ചു.

മൂവാറ്റുപുഴയിലെത്തിയതോടെ ബസ്സിലെ തിരക്ക് കൂറഞ്ഞു. ഒരു വിന്‍ഡോസീറ്റിലേക്ക് മാറിയിരുന്നു. അപ്പോളും ആ തടിയമ്മാര്‍ അവിടെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. മൂവാറ്റുപുഴയില്‍ നിന്നും പെരുമ്പാവൂരിലേക്കുള്ള സുന്തരമായ റോഡിലൂടേ മറ്റുവാഹനങ്ങള്‍ക്കിടയിലുടെ ബസ്  പറപറക്കുമ്പോളാണ് ഒരപകടം സംഭവിക്കുന്നത് - ഒരു മൂത്രശങ്ക. കാര്യമാക്കേണ്ട പെരുമ്പാവൂരിലെ സ്റ്റാന്റില്‍ ബസ്സുകള്‍ക്ക് അഞ്ച് മിനിറ്റ് ബ്രേക്ക് ഉണ്ടാകുന്നത് ഒരു പതിവാണ്. അവിടെ തെന്നെ പ്രശ്നനം തീർത്തിട്ട് പോകാമെന്ന് തീരുമാനിച്ചു. സ്റ്റാന്റി്റിലേക്കുള്ള  വഴിയിലേക്ക് കയറിയതോടെ ഹെഡ് സെറ്റ് ഊരി, ബാഗില്‍ നിന്നും തപ്പിയെടുത്ത രണ്ടുരൂപയും കയ്യില്‍ വെയ്ച്ച് കാത്തിരുന്നു. സ്റ്റാന്റിലെത്തിയ ബസ്സ് മുന്നില്‍ ആളെയിറക്കി സ്റ്റാന്റിലൊരു വലത്ത് വയ്ച്ച് യാത്ര തുടര്‍ന്നു. പ്രതീക്ഷിച്ച പോലെ ഒന്നും നടന്നില്ല. അവിടെ നിർത്തി്തിയിട്ടില്ല മൂത്രവും ഒഴിച്ചില്ല. ബാഗിൽ നിന്നും തപ്പിയെടുത്ത് കയ്യിൽ കരുതിയ രണ്ടു രൂപ പോക്കറ്റിലേക്കിട്ടു. വീണ്ടും ചെവിയിൽ ഹെഡ് സെറ്റ് തിരുകി യൂടൂബിൽ നിന്നും വീഡിയോകൾ കണ്ടു.

എങ്ങും വൈദ്യുത ദീപങ്ങൾ പ്രകാശം പരത്തി തുടങ്ങി. ആകാശത്തിന്റെ വിശാലതയിലൂടെ മിന്നിത്തിളങ്ങുന്ന ദീപങ്ങളോടെ താഴേക്കിറങ്ങാൻ കൊതിയോടെ താണു പറന്നു വന്ന വിമാനം ബസിനു മുകളിലൂടെ പറന്ന് നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് പറന്നകന്നു . കാലടി പാലത്തിലെ ഗട്ടറുകൾ വീണ്ടും മൂത്രശങ്കയുണർത്തി. അങ്കമാലിയിലോ ചാലക്കുടിയിലോ കാര്യം സാധിക്കാം - ആശ്വസിച്ച് വീഡിയോ കാണുന്നതിലേക്ക് മുഴുകാൻ ശ്രമിച്ചു. വാഹനങ്ങൾ നിറഞ്ഞ വഴിയിലൂടെ അങ്കമാലിയിലേക്കടുക്കുന്നു. - "അങ്കമാലി സ്റ്റാന്റിലെ ടേയ്ലറ്റ് എവിടെയാണ്?" 
"ആ... അവിടെ ചെന്നാരോ ടേലും ചോദിക്കാം'' താളം തെറ്റി കിടക്കുന്ന ടൈലുപാകിയ തറയിലൂടെ ആടുയുലഞ്ഞ് കോട്ടയം ഡിപ്പോയിലെ ആ സൂപ്പർ ഫാസ്റ്റ് ബസ്  പെരുമ്പാവൂരിലെ അടവു തന്നെ ഇവിടെയും എടുത്തു. എങ്കിലും പ്രശ്നം ഒന്നും ഇല്ല. തൃശ്ശൂരിലോ ചാലക്കുടിയിലോ അതും അല്ലെങ്കിൽ അൺ സഹിക്കബിളായി തോന്നിയാൽ എവിടേലും പറഞ്ഞു നിർത്തിക്കേം ആവാല്ലോ ? ദൈര്യം സംഭരിച്ച് വീണ്ടും ഇരുന്നു.

വഴിയുടെ മധ്യത്തിൽ ഇരുവശത്തേക്കും ചിറക് വിരിച്ചു നിന്ന് വെളിച്ചം വിതറുന്ന വഴിയിലൂടെ ചാലക്കുടിയും കൊടകരയും പിന്നിട്ടു. വണ്ടിയിൽ നിറയെ ആളുകളായി റോഡിൽ ബ്ലോക്കും.  പതിയെ പതിയെ ശങ്ക കൂടി, തൃശ്ശൂരുവരെ പിടിച്ചു നിൽക്കണം. പിടിച്ചു നിൽക്കാം - അത്ര പ്രശ്നം ആയിട്ടില്ല സ്വയം സമാധാനിച്ചു. എന്നാലും ഒരു ദൈര്യക്കുറവ് പോലെ, മൊബൈലിലെ പാട്ട് നിർത്തി ഹെഡ്സെറ്റ് ഊരി. ഒന്ന് നിവർന്നിരുന്നു. മുഖത്ത് ആശങ്ക മെഴുകു പോലെ പാട കെട്ടി. 
" എങ്ങോട്ടാ?"
"കോഴിക്കോടിന് "
"അവിടാണോ വീട്"
"അല്ല "
വലിയൊരു ബാഗുമായി കയറി അടുത്ത സീറ്റിലിരുന്ന കുടവയറന്റെ കുശലാന്വേഷണം അധികം പ്രോത്സാഹിപ്പിക്കാതെ
ബ്‌ളോക്കിലൂടെ അരിച്ചരിച്ചു നീങ്ങുന്ന വണ്ടിയിലിരുന്ന് പുറത്തേക്ക് എത്തിനോക്കി. നിരനിരയായി നീണ്ടു കിടക്കുന്ന വാഹനങ്ങളുടെ പിന്നില്‍ തെളിഞ്ഞു നില്‍ക്കുന്ന ചുവപ്പ് ലൈറ്റുകളാണ് വിദുരതയിലേക്ക് നീളുകയാണ്. മനസില്‍ ആശങ്കയുടെ കാര്‍മേഘം മുടിക്കൊണ്ടിരിക്കുകയാണ്. കണ്ണടച്ച് ഉറങ്ങാന്‍ നോക്കി പറ്റുന്നില്ല. ബസ്സിന്റെ ഉള്ളിലേക്ക് നോകി, തിങ്ങി നിറഞ്ഞു നില്‍ക്കുന്ന സ്ത്രീകളും പുരുഷമ്മാരും, ഡ്രൈവറോട് പറഞ്ഞ് വണ്ടി നിര്‍ത്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥ. വഴിയില്‍ കണ്ട സകല പേരറിയാത്തദൈവത്തെയും പ്രാര്‍തിച്ചു.

പാലിയേക്കര ടോൾ പ്ലാസയുടെ ഗേറ്റ് ബസിനു മുന്നിൽ ഉയർന്നതോടെ വഴിയിലെ വാഹനങ്ങളുടെ കുരുക്കഴിഞ്ഞു. പക്ഷെ മൂത്രശങ്ക കൂടുതൽ രൂക്ഷമായി. എങ്കിലും ടോൾഗേറ്റ് കടന്നാൽ പെട്ടന്ന് സ്റ്റാന്റിലേക്ക് എത്തുമെന്ന പ്രതീക്ഷ ആശ്വാസമായി. പിടി വിട്ടു പോകുമെന്ന തോന്നലിൽ. വണ്ടി പിന്നോട്ടാണ് ഓടുന്നതെന്ന് തോന്നുന്ന പോലെ. നിമിഷങ്ങൾ ഇടഞ്ഞു നീങ്ങുന്ന പോലെ. കാലുകൾ ചേർത്തുപിടിച്ചു മുഖത്ത് ഭാവങ്ങൾ പലതും മിന്നി മറഞ്ഞു കൊണ്ടിരിക്കുന്നു, അടിവയറിൽ നിന്നും വേദന മുകളിലേക്ക് ഉരുണ്ടു കയറുന്നു.  നിയന്ത്രണ രേഖ ലംഘിക്കപ്പെടുമെന്നു തോന്നുന്ന ആ നിമിഷം കണ്ണിൽ പൂത്തിരി വിടർത്തി തൃശ്ശൂരിലെ കെ.എസ്.ആർ.ടി.സി സ്റ്റാന്റിന്റെ അടയാളങ്ങൾ തെളിഞ്ഞു. ബസ് സ്റ്റാന്റിലേക്ക് കയറിയതും ബാഗ് സീറ്റിൽ വയ്ച്ച് തിരക്കിനിടയിലൂടെ നൂണ്ട് വാതലിനടുത്തെത്തി. വണ്ടി നിന്നതും കണ്ടക്ടറോട് ഇപ്പം വരാമെന്നും പറഞ്ഞ്. ഓടുകയുമല്ല നടക്കുകയുമല്ല എന്ന രീതിയിൽ ബസ് കാത്തു നിൽക്കുന്ന ആളുകൾക്കിടയിലൂടെ മൂത്രപ്പുരയിലേക്ക്.

അരണ്ട വെളിച്ചം ചിതറി കിടക്കുന്ന ആ കെട്ടിടത്തിലെ മേശക്കു പിന്നിലെ ആളുടെ നേരെ പോക്കറ്റിലെ രണ്ട് രൂപ നീണ്ടു. കരിക്കട്ടകൾ വികൃതമാക്കിയ ആ ചുവരുകൾക്കുള്ളിൽ വലിയൊരു ഭാരം ഇറക്കി. അശ്വാസം, ശരീരമാസകലം വസന്തം വിരിയിക്കും പോലെ. വൃത്തിഹീനമായ ദുർഗന്ധം പരത്തുന്ന ആ മൂത്രപ്പുരയും ഒരു സ്വർഗ്ഗമായി തോന്നിയ നിമിഷം.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു ദിനം, വാഗമൺ പരുന്തുംപാറ പഞ്ചാലിമേട്

കാഴ്ച്ചയുടെ ഉയരങ്ങളിൽ മനസിന്റെ പൂക്കാലം

കെ.എസ്.ആർ.ടി.സി ഫോട്ടോസ് - KSRTC Picture Gallery