മോഷ്ടിക്കപ്പെട്ട ചെരുപ്പുകൾ

മുപ്പത് കിലോമീറ്ററോളം ചുറ്റി തിരിഞ്ഞാണ് അവര് വൈക്കത്തേക്ക് എത്തുന്നത്. തവണക്കടവിൽ നിന്നും നാലു രൂപയുടെ രണ്ട് ടിക്കറ്റെടുത്ത് ബോട്ടിൽ കയറിയിരുന്നെങ്കിൽ പതിനഞ്ച് ഇരുപത് മിനിട്ടിനുള്ളിൽ ഇക്കരെയെത്തുമായിരുന്നു. തണ്ണീർമുക്കം ബണ്ടിലൂടെ കറങ്ങി വരാൻ ഏകദേശം ഒരു മണിക്കൂറിലധികം സമയം ആയിരിക്കുന്നു.  പക്ഷെ സജിനും നിഷയ്ക്കും അത് ഒരു വിഷയമായിരുന്നില്ല. വിവാഹ ശേഷം വിരുന്നു സൽക്കാരങ്ങളുടെ തിരക്കുകളിൽ നിന്നും വൈക്കത്തഷ്ടമി കൂടാനായി മാറ്റി വെച്ച സായാഹ്നത്തെ, ബോട്ടിലെ തിരക്കിനിടയിൽ പെടുത്തി തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ തകർക്കാൻ അവർ തയ്യാറായിരുന്നില്ല.

കാറ് ഒരു പേ ആൻഡ് പാർക്കിൽ നിർത്തി സജിനും നിഷയും റോഡിലെ തിരക്കിലേക്കിറങ്ങി ക്ഷേത്രത്തിലേക്ക് നടന്നു. ക്ഷേത്ര മതിൽക്കെട്ടിനകത്തെ മണൽ പരന്നു കിടക്കുന്ന മുറ്റത്തു കൂടി, വേദിയിൽ നിന്നും ഒഴുകിയെത്തുന്ന മധുരമായ സംഗീതം ആസ്വദിച്ച് തോളോടു തോൾ ചേർന്ന് നടക്കുമ്പോൾ. അമ്പലത്തിലെ ചുറ്റുവിളക്കിലെ തീ നാളം സായംസന്ധ്യയുടെ സൗന്ദര്യം കൂട്ടുന്നു. വൈക്കത്തപ്പനെ തൊഴുതു വണങ്ങി, അവർ പുറത്തേക്കിറങ്ങി.

പടിഞ്ഞാറേ നടയിൽ നിന്നും ബോട്ട് ജെട്ടിയിലേക്ക് നീളുന്ന വഴി. ആളുകളും കച്ചവടക്കാരും ഒക്കെയായി വഴിയിൽ നല്ല തിരക്കാണ്. വളകൾ മാലകൾ കളിപ്പാട്ടങ്ങൾ പുസ്തകങ്ങൾ പാത്രങ്ങൾ പലഹാരങ്ങൾ അങ്ങനെ നീളുന്നു വിൽപ്പനക്കായി നിരത്തിയിരിക്കുന്ന വസ്തുക്കൾ. ബജിക്കടയിൽ നിന്നും ബജിയും പിന്നെ ഓരോ ജ്യൂസും കുടിച്ച് അവര് ബോട്ട് ജെട്ടി വരെ നടന്നു.  ഓരോ ബോട്ടും വന്നടുക്കുമ്പോൾ അനേകമാളുകളാണ് വൈക്കത്തഷ്ടമി കൂടാൻ അക്കരെ നിന്നും വന്നിറങ്ങുന്നത്. കാഴ്ച്ചകളേറെയുണ്ട് കാണാൻ, നിഷയ്ക്ക് അതെല്ലാം പുതുമയേറിയതായിരുന്ന. പല പല സ്റ്റോളുകളും എക്സിബിഷനുകളും കയറിയിറങ്ങി നടന്ന് സമയം കടന്നു പോയി. വീട്ടിലേക്കുള്ള എന്തൊക്കെയോ സാധനങ്ങൾ അവിടെങ്ങളിൽ നിന്നും വാങ്ങി രണ്ടു പേരും തിരിച്ച് കാറിനരികിലേക്ക് നടന്നു. അതിനിടയിൽ അപ്രതീക്ഷിതമായാണ് സജിൻ്റെ തോളിൽ പിന്നിൽ നിന്നാരോപിടിക്കുന്നത്.

രണ്ടാളും തിരിഞ്ഞു നോക്കി, കറുത്ത മുണ്ടും കാവി കുർത്തയും ധരിച്ച ഒരു താടിക്കാരൻ, അയ്യാളെ കണ്ടതും വാനവും ഭൂമിയും പിളരുന്ന പോലെ സജിന് തോന്നി. നിമിഷ നേരം കൊണ്ട് വിയർത്തു കുളിച്ച സജിന ആ താടിക്കാരനെ മനസിലാക്കാൻ അധിക സമയം വേണ്ടി വന്നില്ല. "ഇപ്പോളും പഴയ പരിവാടി കളൊക്കെ ഒണ്ടോ ഡേ.... " താടിക്കാരൻ്റെ ചോദ്യത്തിനു മുന്നിൽ വിളറി വെളുത്ത സജിൻ ഒരു വിധം ചമ്മൽ മറക്കാനെന്നവണ്ണം തമാശകലർന്ന ചിരിയോടെയും സംസാരത്തോടെയും അവിടുന്നു തടി തപ്പി. പക്ഷെ ആ ചമ്മൽ മുഖത്ത് തന്നെ ഉണ്ടായിരുന്നു. അതു വരെ വാചാലനായിരുന്ന സജിൻ ഒരക്ഷരം പിന്നെ മിണ്ടിയില്ല. നിഷ ഒന്നും ചോദിച്ചില്ലെങ്കിലും എന്നൊക്കെയോ ഉള്ളതു പോലെ അവൾക്ക് തോന്നി. തിരികെയുള്ള യാത്രയിൽ കാറിൽ നിശബദ്ധത തളം കെട്ടി കിടന്നു. 

ദിവസങ്ങൾ പലതു കഴിഞ്ഞു. നിഷ സജിനോട് ആ സംഭവത്തെക്കുറിച്ച് വീണ്ടും ചോദിച്ചു. ആദ്യം ഒക്കെ ഒഴിഞ്ഞുമാറിയെങ്കിലും സജിന് അവസാനം സത്യം പറയേണ്ടി വന്നു. 
" അതൊരു ചെരുപ്പ് മേഷണം ആണെടീ ... "
"ചെരുപ്പ് മോഷണോ?''.... "

അന്നൊരു വെള്ളിയാഴ്ച്ചയാണ്, പത്തു പതിനഞ്ച് വർഷങ്ങൾക്കു മുൻപ്, സജിനും കൂട്ടുകാരായ അനന്തുവും കിരണും പത്താം ക്ലാസിൽ പഠിക്കുന്ന കാലം. മൂന്നു പേരുടെ കയ്യിലുമായി നൂറു രൂപ തികച്ചില്ലാതെയാണ് അക്കൊല്ലത്തെ വൈക്കത്തഷ്ടമി കൂടൻ വൈകിട്ടത്തെ ബോട്ടിൽ വൈക്കത്തേക്ക് കയറിയതാണ്. ബോട്ടിൻ്റെ ടിക്കറ്റിനായുള്ള നിണ്ട ക്യൂവിൽ നിന്നും കൂട്ടുകാരിയെ തിരഞ്ഞുപിടിച്ച് അവളുടെ കയ്യിൽ പൈസ കൊടുത്താണ് കിരൺ ടിക്കറ്റ് ഒപ്പിച്ചത്. അല്ലെങ്കിൽ രണ്ടോ മൂന്നോ ബോട്ടുകൾ വന്നു പോകാൻ തവണക്കടവിൽ കാത്തുനിൽക്കേണ്ടി വന്നേനെ. കാതടപ്പിക്കുന്ന ശബ്ദ്ധവുമായി തിങ്ങിനിറഞ്ഞ യാത്രക്കാരുമായി ബോട്ട് വൈക്കത്തേക്കടുത്തു. വർണ്ണ വെളിച്ചങ്ങൾ അവിടെ മിന്നിതിളങ്ങുന്നു. അഷ്ടമി കൂടണം, കാഴ്ച്ചകൾ കാണണം, അമ്പലത്തിൽ കയറി പ്രാർഥിക്കണം, പിന്നെ കയ്യിലെ കാശിനു കിട്ടുന്നത് വാങ്ങിക്കഴിക്കണം ഇതാണ് ഈ വരവിൻ്റെ പരമമായ ലക്ഷ്യങ്ങൾ.

ബോട്ടിറങ്ങി തിരക്കിനിടയിലൂടെ അവരും മുന്നോട്ട് നടന്നു. ഒരു പൊതി കടലയും വാങ്ങി നടക്കുന്നതിനിടയിലാണ് റോഡിൽ നിന്നും കുറച്ചകലത്തി കുറച്ചാളുകൾ കൂടി നിൽക്കുന്നത്. അവിടെ എന്താണെന്നറിയാൻ  അങ്ങോട്ട് നടന്നടുത്തു. കത്തിച്ചു വെച്ച മണ്ണെണ്ണ വിളക്കിനു ചുറ്റും നിൽക്കുന്ന ആളുകളിലൊരാൾ " ഒന്ന് വെച്ചാ രണ്ട്, രണ്ട് വെച്ചാ നാല്, പത്ത് വെച്ചാ ഇരുപത് അമ്പത് വെച്ചാ നൂറ് - ആർക്കും വെക്കാം - കടന്നു വരൂ ...കടന്നു വരൂ.. " പിന്നോട്ട് തിരിയാൻ നിന്ന സജിനെയും അനന്തുവിനെയും കിരൺ വിലക്കി " നമുക്കൊന്ന് നോക്കാടാ..... " സജിനും അനന്തുവും ശക്തമായി എതിർത്തെങ്കിലും കിരൺ പറഞ്ഞു " ഡാ... ഞാൻ വെച്ച്പൈസ പോയാ എനിക്കൊന്നും കഴിക്കാൻ വേണ്ട ... കിട്ടിയാ എല്ലാവർക്കും ചിലവ് " 

അങ്ങനെ മൂന്നു പേരും ആ മണ്ണെണ്ണ വിളക്കിനരികിലെത്തി. ആദ്യം അഞ്ച് വെച്ചു പത്ത് കിട്ടി. പത്ത് ഇരുപതായി ഇരുപത് നാൽപ്പതായി. മൂന്നു പേരുടേയും മുഖത്ത് അഭിമാനത്തിൻ്റെ പുഞ്ചിരി വിടർന്നു. ഓരോ ബജി കഴിക്കുകയെന്ന ആഗ്രഹത്തിനപ്പുറം ഇഷ്ടം പോലെ കഴിക്കാമെന്ന പ്രതീക്ഷയായി. അടുത്ത ഇരുപത് പോയി, കിട്ടിയതിൽ നിന്നല്ലേ പോയത് കുഴപ്പമില്ല, അടുത്തത് അഞ്ച് വെച്ചു പത്ത് കിട്ടി. ആവേശമായി മൂന്നു പേർക്കും.  അങ്ങനെ ആവേശത്തിൽ വെച്ച് മെച്ച് അവസാനം മൂന്നു പേരുടെയും കയ്യിലുണ്ടായിരുന്നതെല്ലാം പോയി. ഇനിയെന്ത് ചെയ്യും. ആരും ആരെയും കുറ്റപ്പെടുത്തിയില്ല. അമ്പലത്തിലേക്ക് മൂകമായി നടന്നു. വഴിയോരത്തെ കടകളിൽ എണ്ണയിൽ മുങ്ങി പൊങ്ങുന്ന പൊരിക്കടികളുടെ മണം മൂക്കിലേക്കു തുളച്ചു കയറി.

അമ്പലത്തിൻ്റെ പടിഞ്ഞാറേ നടയിലെത്തി. അകത്ത് കയറി പ്രാർഥിച്ചിട്ട് പോകാം. തിരിച്ച് ബോട്ട് ജെട്ടിയിൽ ചെല്ലുമ്പോൾ ഏതേലും പരിചയക്കാരെ കണ്ട് അവരുടെ കൂടെ ബോട്ടിൽ കേറി പോകാം എന്ന് മൂവർ സംഘം തീരുമാനിച്ചു. പക്ഷെ, അമ്പലത്തിനകത്ത് കയറാൻ, ചെരുപ്പ് - വെറുതെ ഊരിയിട്ടാൽ തിരിച്ചു വരുമ്പോ ചെരുപ്പ് കാണില്ല. ചെരുപ്പ് സൂക്ഷിക്കുന്നവർക്ക് കൊടുക്കാനാണേ കാശും ഇല്ല. ബുദ്ധിമാനായ കിരൺ തന്നെ ഇവിടെയും അടുത്ത ഐഡിയ പറഞ്ഞു, ചെരുപ്പ് അടുത്തടുത്തിടാതെ രണ്ടും രണ്ടിടങ്ങളിലായി ഇടാം അപ്പോ ആരും കൊണ്ടുപോകില്ലല്ലോ. - ശരിയാണ് അവര് വലതുകാലിലെയും ഇടതുകാലിലെയും ചെരുപ്പുകൾ വളരെ അധികം ദൂരങ്ങളിൽ ഊരിയിട്ട് അമ്പലത്തിൽ കയറി. പ്രാർഥന കഴിഞ്ഞ് തിരികെ വന്നപ്പോൾ സജിനും അനന്തുവിനും ചെരുപ്പില്ല. അനന്തുവിൻ്റെ പുത്തൻ ചെരിപ്പുമാണ്. ചെരുപ്പില്ലാതെ വീട്ടിലേക്ക് ചെല്ലുന്ന കാര്യം ആലോചിക്കാനേ പറ്റില്ല. എന്നാലും ഇത്ര ദൂരത്തിൽ കിടന്ന ചെരുപ്പാരെടാ അടിച്ചുമാറ്റിയതെന്ന് ആലോചിച്ച് നിൽക്കുന്നതിനിടയിൽ കിരൺ പറഞ്ഞു. " ഇനി ഇപ്പോ ഒറ്റ കാര്യമേ ഉള്ളൂ.... നമ്മുടെത് അടിച്ചുമാറ്റി, നമുക്കും അടിച്ചുമാറ്റാം.. " അയ്യേ എന്ന് പറഞ്ഞ് പുച്ചിച്ചെങ്കിലും അവസാനം അടിച്ചു മാറ്റാൻ തന്നെ തീരുമാനിച്ചു.

ആ തിരക്കിനിടയിൽ നിന്ന് കിരൺ രണ്ടു പേർക്കും ക്ലാസെടുത്തു." മുഖത്ത് യാതൊരു ഭാവവ്യത്യാസവുമില്ലാതെ സ്വന്തം ചെരുപ്പിടുന്ന പോലെ പോയി ഇടണം - തിരിച്ചു നടക്കണം" ഓരോ ജോഡി ചെരുപ്പ് കണ്ടുവെച്ച് നേരെ പോയി കാലിൽ കയറ്റി - " ആണ്ടെടാ.... ചെരുപ്പു കള്ളമ്മാര് " തിരിഞ്ഞു നോക്കാതെ മൂന്നു പേരും  ഓടി.  ഇടവഴികളിലേക്കും തെങ്ങിൽ തോപ്പുകളിലേക്കും ഓട്ടം തുടർന്നെങ്കിലും അനന്തു അവമ്മാരുടെ പിടിയിൽ പെട്ടു - ഞങ്ങളെ പോലെയുള്ള മറ്റൊരു സംഘം അവരുടെ നേതാവിന്  താടിയുടെ കുറവ് മാത്രമാണ്  ഇന്നും ഇന്നലെയും തമ്മിലുള്ളത്.  തെങ്ങിൽ തോപ്പിന് നടുവിലെ ഉന്തും തള്ളും പിന്നെ അടിയിലേക്കായി അവമ്മാരെ അടിച്ചോടിച്ചെങ്കിലും അനന്തുവിൻ്റെ ചെരിപ്പ് പോയി. പിന്നെ പരസ്പരം മൂന്നു പേരും ഒന്നും പറഞ്ഞില്ല. അധികം സമയം കളയാതെ നേരെ ബോട്ട് ജെട്ടിയിലേക്ക് നടന്നു. ടിക്കറ്റെടുക്കാൻ കാശില്ലാത്ത കൊണ്ട് പരിചയക്കാർ വരുന്നത് കാത്ത് കാത്ത് പാതിരാത്രിയിലെപ്പോഴോ വീട്ടിൽ തിരിച്ചെത്തി.  അടിച്ചു മാറ്റിയ ചെരുപ്പ് മുറ്റത്ത് വിശ്രമിച്ചു. പിറ്റേന്ന് പുറത്തേക്കിറങ്ങാൻ നേരം ചെരുപ്പിടാൻ നോക്കുമ്പോൾ ആണ് രണ്ടും രണ്ട് ജോഡി ചെരുപ്പുകളാണെന്ന് രാത്രിയിൽ അടിച്ചു മാറ്റിയതെന്ന്  മനസിലാക്കുന്നത്.

ശാന്തമായിരുന്ന ബെഡ് റൂമിൽ നിഷയുടെ പൊട്ടിച്ചിരി ഉയർന്നു.  ആ ചിരിയോടൊപ്പം ചേർന്ന് സജിനും ചിരിച്ചു. എന്തായാലും ഓരോ ചെരുപ്പു വീതം പോയ രണ്ടു പേരുടെ പ്രാക്കിൻ്റെ ഫലമാണ് കഴിഞ്ഞ ദിവസത്തെ താടിക്കാരനെന്ന് പറഞ്ഞ് നിഷ ചിരി തുടർന്നു.


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു ദിനം, വാഗമൺ പരുന്തുംപാറ പഞ്ചാലിമേട്

കാഴ്ച്ചയുടെ ഉയരങ്ങളിൽ മനസിന്റെ പൂക്കാലം

കെ.എസ്.ആർ.ടി.സി ഫോട്ടോസ് - KSRTC Picture Gallery