ഒരപ്പുര

ഒരപ്പുര


പത്ത് നൂറ്റി ഇരുപത് വര്‍ഷത്തെ പഴക്കം ഈ വീടിനുണ്ടെന്നാ വല്ല്യപ്പച്ചനും
 അപ്പയും രാത്രിയില്‍ ചോറ് തിന്നോണ്ടിരുന്നപ്പോള്‍ പറഞ്ഞത്. നൂറ്റി ഇരുപത് വര്‍ഷം എന്നു പറഞ്ഞാല്‍..., അയ്യോ സ്വാതന്ത്രം ഒക്കെ കിട്ടുന്നതിനു മുന്‍പോ  ആ... എന്നാലും അവരെന്തിനാ വീടിന്റെ പ്രായം ഒക്കെ പറഞ്ഞത്.   അപ്പോ വീടിന്റെ ബര്‍ത്തഡേ എന്നാ. പതിവില്‍ നിന്നും വിപരീതമായി ഇന്ന് ഉറക്കമേ വരുന്നില്ല. അല്ല ഉറങ്ങാന്‍ പറ്റുന്നില്ല. കിടക്കുന്നതിന്റെ മുകളിലായി കട കടാ ശബ്ദമുണ്ടാക്കി തൂങ്ങിക്കിടന്നു കറങ്ങുന്ന ഫാനും അപ്പയുടെ കൂര്‍ക്കം വലിയും. എന്നാലും ഈ മമ്മിയും മമ്മ്ിയെ കെട്ടിപ്പിടിച്ച് കിടക്കുന്ന ഈ ചെറുക്കനും ഇതൊക്കെ കേട്ട് എങ്ങനാ ഉറങ്ങുന്നത്. ആഹ്... ഞാന്‍ വൈകിട്ട് കാറില്‍ കിടന്ന് കുറേ നേരം ഉറങ്ങിയകൊണ്ടാകും.

ഉച്ച വരെ മമ്മിക്ക് ഓഫീസുണ്ടാരുന്നു, അതു കഴിഞ്ഞ് വന്നിട്ടാണ് ഞങ്ങള്‍ ഇങ്ങോട്ട് പോന്നത്. മമ്മി വരുന്ന വരെ ഞാനും അനിയനും സര്‍വ്വ സ്വാതന്ത്രത്തോടെ ടാബും എടുത്തുള്ള കളിയായിരുന്നു 'എത്ര നേരമായെടീ ഇതില്‍ കൂത്തിക്കൊണ്ടിരിക്കുന്നേ.... എടുത്ത് വെക്കടീ്' ന്ന് പറയാന്‍ മമ്മി വീട്ടില്‍ ഇല്ലല്ലോ. മമ്മി വരുന്ന സമയെ ആയപ്പോളേക്ക് ഞാനും അനിയനും ഡീസന്റായി. മമ്മിയെ സോപ്പിടുക എന്ന ലക്ഷ്യത്തോടെ അപ്പ വീട്ടിലെ എന്തൊക്കെയോ കുറെ പണികളൊക്കെ ചെയ്ത് എല്ലാം എടുത്ത് അടുക്കിപ്പെറുക്കി വെച്ചു. മമ്മിക്ക് ഇവിടേക്ക്‌
പോരാന്‍ ഒരു താല്‍പര്യവുമില്ലെന്ന് എനിക്ക് ഇന്നലെ  രാത്രിയില്‍ത്തന്നെ
 മനസിലായി. ' ഇത്തവണ ഇങ്ങനൊരു കാര്യമായകൊണ്ടാ ഞാന്‍ വരുന്നത്. - അവിടെ ഒരു വൃത്തിയും വെടിപ്പുമില്ല ' ഇത്തവണത്തെ എന്ത് കാര്യമാണെന്നോ, എങ്ങോട്ടാണോ പോകുന്നതെന്നോ എനിക്കിന്നലെ മനസിലായിരുന്നില്ല.

ശരിയാ, മമ്മി ഇന്നലെ പറഞ്ഞതിലും കാര്യമുണ്ടായിരുന്നു എന്ന്  എനിക്കിപ്പോ തോന്നുന്നുണ്ട്. ഞങ്ങള്‍ യാത്ര തുടങ്ങി സിറ്റിയില്‍ നിന്നും പുറത്തുകടക്കും മുന്നേതന്നെ ഞാന്‍ ഉറങ്ങി പിന്നിലെ സീറ്റിലേ്ക്ക വീണു. അനിയന്‍ മമ്മിയുടെ മടിയിലിരുന്നായിരുന്നു യാത്ര. എന്റെ ഉറക്കംവിട്ട് ഞാന്‍ എണീക്കുമ്പോള്‍ വഴിയിലേക്ക് വളഞ്ഞ് കൂത്തി "റ" ഷേപ്പില്‍ നില്‍ക്കുന്ന റബ്ബര്‍ മരങ്ങള്‍ കാറിന്റെ വലിയ സണ്‍ റൂഫിലെ ചില്ലിനപ്പുറെകൂടി പിന്നോട്ട് ഓടി മറയുന്നു. ആ യാത്ര അവസാനിച്ചത് ആ നൂറ്റി ഇരുപത് വര്‍ഷം പഴക്കമുള്ള വീടിനുമുന്നിലാണ്. അവിടെയാണ് വല്യപ്പച്ചനും വല്യമ്മച്ചിയും താമസിക്കുന്നത്. റോഡില്‍ നിന്നും ഇല്പം ഉയരത്തിലേക്ക് നില്‍ക്കുന്ന വീട്ടിലേക്കുള്ള മണ്ണുഴി. കല്ലും മണ്ണും ഇളകിക്കിടക്കുന്ന വഴിയുടെ ഇരുവശത്തും ചില്ലകള്‍ വിരിച്ച് നില്‍ക്കുന്ന ജാതിമരങ്ങളും പേരയും, ചാമ്പയും പിന്നെ പേരറിയാത്ത കുറേ മരങ്ങളും ചെടികളും. വണ്ടി നിന്നതും വല്യപ്പച്ചനും വല്യമ്മച്ചിയും ഓടിവന്നു എന്നെയും അനിയനെയും കെട്ടിപ്പിടിച്ചു. ഓ.. ഒരു വല്ലാത്ത മണമായിരുന്നു അവരെ. ഞാന്‍ ഒരു വ്ധം കെട്ടിപ്പിടുത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറി. എന്നിട്ട് വീട്ടുമുറ്റത്തേക്ക് ഓടിക്കയറി. നെടു നീളന്‍ വരാന്തയോടു കൂടിയ ചന്ദനക്കളറിലും കറുത്ത നിറത്തിലുമുള്ള പഴയ ഓടിട്ട വീട്. വീടിനു മുറ്റത്ത് കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നതിന്റ വശങ്ങള്‍ പൊളിഞ്ഞിളകിയിരിക്കുന്നു. പണ്ടെപ്പോഴോ വന്നതിന്റെ ചെറിയ ഓര്‍മ്മകള്‍ ഈ വീടിനെക്കുറിച്ചുണ്ട്. കഥകള്‍ വായിക്കുമ്പോളും കഥകള്‍ കേള്‍ക്കുമ്പോളുമൊക്കെ പശ്ചാത്തലത്തില്‍ ഉയരുന്ന വീട്.


ഞാന്‍ ചുറ്റുപാടും ഒന്ന് വീക്ഷിച്ച് വരുമ്പോള്‍ വല്യമ്മച്ചി അപ്പയോടായി
 പറഞ്ഞു 'ബാഗൊക്ക ആ ഒരപ്പൊരേലേക്ക് വെച്ചാക്കെ' ഒരപ്പെരയോ അതെന്ത് സാധനം. അപ്പോളേക്ക് അപ്പ വണ്ടിയില്‍ നിന്നിറങ്ങി ബോഗൊക്കെ എടുത്ത് ആ പഴയ വീടിനു വശത്തായുള്ള യുള്ള കോണ്‍ക്രീറ്റ് വാര്‍ത്ത രണ്ടുമുറി വീടിന് മുന്നിലെ വരാന്തയിലേക്ക് കൊണ്ടുവയ്ച്ചു - അപ്പോ ഇതാണോ ഒര്‌പ്പെര. ചിതറിത്തെറിച്ച ഓര്‍മ്മയുടെ മുത്തുകളെല്ലാം നൂലില്‍ കോര്‍ത്ത്, ഒന്നിനോടൊന്ന് ചേര്‍ത്തുവയ്ക്കുന്നതിനിടയില്‍ ഉറക്കം പിടികൂടി. കട കടാ ശബ്ദമുള്ള ഫാനിനും അപ്പയുടെ കൂര്‍ക്കം വലിക്കും ഇപ്പോളത്തെ
 ഉറക്കത്തില്‍ നിന്നെന്നെ ഇപ്പോള്‍ പിന്‍തിരിക്കാനായില്ല


ഗാഡമായ ഉറക്കത്തിലേക്ക് വീണതിനിടയിലാണ് ഡും ഡും ഡും... ഡും ഡും ശബ്ദം കേട്ട് ഞെട്ടി ഉണര്‍ന്നത്. ആദ്യം ഇതെവിടാ സ്ഥലം എന്ന് മനസിലായില്ല, പിന്നെയാണ് അപ്പയുടെ നാട്ടിലെ ഒരപ്പുരയാണ് ഇതെന്ന് മനസിലായത. അപ്പയും അമ്മയും അനിയനും ഒക്കെ എണീറ്റു. അപ്പ ഒരപ്പുരയുടെ വാതില്‍ തുറന്നു. കരോള്‍ സംഘമാണ്. അവര് പാട്ടുതുടങ്ങി. അമ്മയുടെ പിന്നിലായി നൈറ്റിയുടെ പിന്നില്‍ തൂങ്ങി ഒളിച്ചു നിന്ന അവനെ തെല്ലു പുച്ഛത്തോടെ പേടിത്തൊണ്ടാ എന്ന ഭാവത്തില്‍ നോക്കി ഞാന്‍ അപ്പയുടെ മുന്നില്‍ കയറി നിന്നു. കുറെ അധികം ആളുകള്‍ ഉണ്ട്. നല്ല പാട്ട് അതിനൊത്ത് ചുവടുവയ്ക്കുന്ന വയറന്‍ ക്രിസ്തുമസ് പാപ്പ. ഫ്‌ളാറ്റിലെ ക്രിസ്തുമസ് പാപ്പ എന്നു ജോണ്‍ അങ്കിളാണ്. പാട്ട തുടങ്ങി അവസാനിക്കുന്ന വരെ ഒരേ സ്‌റ്റെപ്പേ അങ്കിളിനുള്ളു. ഈ ക്രിസ്തുമസ് പാപ്പായുടെ ഒരു വീഡിയോ പിടിച്ച് ജോണ്‍ അങ്കിളിനു കൊണ്ടു കാണിച്ചാലോ എന്ന് ഓര്‍ത്തതാണ്. പക്ഷെ അപ്പോഴേക്കും പാട്ട് തീര്‍ന്നു. അതു വരെ അകത്തെവിടെയോ ആരുന്ന വല്യമ്മച്ചി ഒരു സ്റ്റീല്‍ പ്ലെയിറ്റില്‍ കട്ടന്‍ ചായകള്‍ നിറച്ച ഗ്ലാസുകള്‍ അടുക്കിവെച്ച് പുറത്തേക്ക് വന്നു. ഗ്ലാസുകളില്‍ നിന്നും ആവി പറന്നുയര്‍ന്നു. സംഘത്തിലുണ്ടായിരുന്നവരെല്ലാം പൊട്ടിപ്പൊളിഞ്ഞ കോണ്‍ക്രീറ്റ് മുറ്റത്തിന് മുന്നിലായിനിന്ന ചായ കുടിച്ചു. അവരു പോകും വരെ കാത്തിരിക്കാനെനിക്കായില്ല. ഞന്‍ കയറിക്കിടന്നു. പാതി മയക്കത്തില്‍ ഡ്രമ്മിന്റെ ശബ്ദം ദൂരേക്കകലുന്നനും. അടുത്ത വീടുകളില്‍ നിന്നു പാട്ടു പാടുന്നതും കേട്ടു.

പിറ്റേന്ന് പുലര്‍ച്ചെ കൊക്കരക്കേ.... കൂവുന്ന കോഴികളുടെ ശബ്ദം ഉറക്കത്തെ മുറിക്കാന്‍ ശ്രമിച്ചെങ്കിലും എണീറ്റപ്പോള്‍ ഒന്‍പത് മണി. പല്ലൊക്കെ തേച്ച് വല്ല്യമ്മാമ്മ് ഉണ്ടാക്കിയ പോര്‍ക്ക് കറിയുംകൂട്ടി രണ്ടപ്പം കഴിച്ചു. കഴിച്ചു തീരും മുന്നേ പുറത്ത് നിന്നും ഒരു ഓട്ടോയുടെ ശബ്ദം. വല്ല്യപപ്പ - ഞാന്‍ ആദ്യമായിട്ടും അവസാനമായിട്ടും ഒട്ടോയില്‍ കയറിയത് വല്ല്യപപ്പയുടെ ഓട്ടോയിലാണ്. കഴിഞ്ഞ അവധിക്ക് എന്നെയും അനിയനേയും കയറ്റി വല്ല്യപപ്പ അന്ന് കുറേ കറക്കി. തരം കിട്ടിയാല്‍ ഇന്നും ഓട്ടോയിലൊന്നു കയറണം. ' എന്ത് ആലോചിച്ചിരിക്കുവാടീ.... വേഗം തിന്നിട്ട്  എണീറ്റ് പോടീ... അതും വച്ച് മണിക്കുറുകള്‍ ഇരിക്കാതെ.... '  ഞാന്‍ വേഗം കഴിച്ച് തീര്‍ത്ത് ഉമ്മറത്തേക്കോടി.

വല്ല്യപപ്പയും അപ്പയും മുറ്റത്ത് തന്നെ നിന്നു സംസാരിക്കുകയാണ്. ഞങ്ങളുടെ കാറിനു പിന്നിലായി വല്ല്യപപ്പയുടെ ഓട്ടോ. വല്ല്യപപ്പയോ അപ്പയോ എന്നെ ശ്രദ്ധിക്കുന്നേയില്ല. ഓ വല്ല്യപപ്പക്ക് എന്ത് ജാഡയാ. തുള്ളിച്ചാടി ഏതോ ഒരു പാട്ടും പാടി ഒരപ്പുരയിലെ മുറിക്കകത്തേക്ക് കയറി. ചാര്‍ജിങ്ങിനായി കുത്തിയിട്ട ടാബ് എടുത്ത് കട്ടിലിലേക്ക് കിടന്നു. നെറ്റ് ഫ്‌ളിക്‌സില്‍ കണ്ടു കൊണ്ടിരുന്ന ഒരു മൂവിയുടെ ബാക്കി കാണാനായി പ്ലേബട്ടണ്‍ അമര്‍ത്തി. നെറ്റ് വളരെ കുറവാണ്.... കുറേ നേരം ലോഡറ് നിന്നു കറങ്ങി. വീഡിയോ പ്ലേ ചെയ്യാന്‍ തുടങ്ങിയതും പുറത്തുനിന്നും വലിയ ശബദം കേള്‍ക്കുന്നു. അപ്പയുടേയും വല്ല്യ ചാച്ചന്റെയും. ഞാന്‍ ടാബ് ബെഡ്ഡിലേക്കിട്ട് മുറ്റത്തേക്ക് ഓടി.

വല്ല്യപപ്പയുടെ കാക്കി നിറത്തിലുള്ള ഷര്‍ട്ടിന്റെ കോളറില്‍ കുത്തിപ്പിടിച്ച് അപ്പയും അപ്പയുടെ ടീഷര്‍ട്ടിന്റെ കോളറില്‍ കുത്തിപ്പിടിച്ച് വല്ല്യപപ്പയും. മമ്മിയും വല്ല്യപ്പച്ചനും വല്ല്യമ്മച്ചിയും ഒക്കെ ഓടി വന്നു. അവരെ പരസ്പരം പിടിച്ചുമാറ്റി. ' അപ്പയെ ഒന്നും ചെയ്യല്ലേ ' എന്നും പറഞ്ഞ് കരഞ്ഞോണ്ടാണ് ഞാന്‍ ഓടിച്ചെന്നത്. ആ സമയത്ത് ആ മണ്ണുണ്ണി അവിടില്ലാതിരുന്നകൊണ്ട് എന്റെ കരച്ചിലവന്‍ കണ്ടില്ല - അതെനിക്ക് അല്‍പം ആശ്വാസം നല്‍കുന്നുണ്ട്‌

വല്ല്യപ്പച്ചനും വല്ല്യമ്മച്ചിയും മമ്മിയും പിന്നെ ഞാനും ഒക്കെ ക്കൂടി അവരെ പിടിച്ചു മാറ്റി. പക്ഷെ വാക്കുകൾ കൊണ്ടുള്ള ആക്രമണം തുടരുകയാണ്. മമ്മി പപ്പയെ പിടിച്ച് നിർത്തിയിട്ടുണ്ടെങ്കിലും വല്യ പപ്പയോട് എന്തൊക്കെയോ മമ്മിയും പറയുന്നുണ്ട്.

"പടിഞാപ്പറത്തെ കൊച്ചപ്പനെ വല്ലോം വിളിച്ച് സംസാരിക്കാതെ പ്രശ്നം തീരില്ല എനിക്കിനി നിങ്ങളോടൊന്നു പറയാനില്ല " എന്ന് പപ്പ വല്ല പപ്പയോട് പറഞ്ഞു. തന്നെ വരിഞ്ഞ് മുറുക്കിയിരുന്ന കൈകൾ തട്ടി മാറ്റിക്കൊണ്ട് വല്ല്യ പപ്പ പറഞ്ഞു. " ആരെയാണെന്നാ വിളിച്ചിട്ട് എന്നെ വിളിച്ചാ മതി... ഇനി നിന്നോടും എനിക്കൊന്നും പറയാനില്ല.

വല്ല്യ പപ്പ ഓട്ടോയിൽ കയറി എങ്ങോട്ടോ പോയി. പപ്പയും മമ്മിയും കൂടെ പടിഞ്ഞാ പ്റത്തെ വീട്ടിലേക്കാവണം. മുറ്റത്തിൻ്റെ പടിഞ്ഞാറ് വശത്തൂടി റബ്ബർ തോട്ടത്തിലൂടെ നീളുന്ന നടപ്പു വഴിയേ നടന്നു.  പിന്നാലെ ഞാൻ ഓടിയെത്തി. മമ്മി മമ്മിയുടെ ദേഷ്യം മുഴുവനും തീർത്തു കൊണ്ടെന്നവണ്ണം എന്നോടലറി " പോയി.. കൊച്ചിനെ നോക്കെടി " പോയതിലും ഇരട്ടി വേഗത്തിൽ ഞാൻ തിരിച്ചെത്തി. വല്യപ്പച്ചൻ നെടുനീളൻ വരാന്തയിലെ പ്ലാസ്റ്റിക്ക് കസേരയിലേക്ക് വലതുകാല് മടക്കി ചവിട്ടിയിട്ട് അതിലേക്ക് വലത് കയ്യും എടുത്തുവയ്ച്ച് യാതൊരു ഭാവവുമില്ലാതെ ഇരുന്നു. വരാന്തയുടെ അരമതിലിലിരുന്ന് വല്യമ്മച്ചി ആരോടെന്നില്ലാതെ പുലമ്പി ' ഈ പുള്ളേരിതെന്തോന്നു ഭാവിച്ചാ... രണ്ടും ഒരു വയറ്റീന്ന് തന്നേ വന്നതുങ്ങളല്ലേ... എന്നിട്ടാ....' വല്ല്യമ്മച്ചി ആരോടാ ഈ പറയുന്നെ എന്ന് എനിക്ക് ചോദിക്കണമെന്നുണ്ടാരുന്നെങ്കിലും ഒന്നും ചോദിക്കാതെ ഞാന്‍ ഒരപ്പുരയിലേക്ക് കയറി. അവിടെ കട്ടിലില്‍ ഇതൊന്നുമറിയാതെ കിടന്ന് പകല്‍ മയക്കത്തിലാണ് അവന്‍. അവനപ്പുറത്തായി ഞാന്‍ ഓണാക്കിയ മുവി പ്ലേ ആയിക്കൊണ്ടിരിക്കുന്നു. ഞന്‍ അത് നിര്‍ത്തിവെയ്ച്ചു. 

അപ്പോളേക്കും റബ്ബര്‍ തോട്ടത്തില്‍ നിന്നും സംസാരം കേട്ടു തുടങ്ങി. അപ്പയും മമ്മിയും മടങ്ങി വരുന്നു കൂടെ പടിഞ്ഞാപ്പറത്തെ കോച്ചാപ്പനും. അത് ആരാണെന്നെനിക്കറിഞ്ഞൂട പക്ഷെ, ഇന്നലെ വൈകിട്ട്‌
 ഞങ്ങള്‍ എല്ലാവരും കൂടെ ആ വീട്ടില്‍ പോയിരുന്നു. മുറ്റത്ത് ടൈല്‍ വിരിച്ച കൊട്ടാരം കണക്കിനുള്ള രണ്ടുനില വീട്. കൊച്ചാപ്പനെ കണ്ടാല്‍ ശരിക്ക് ഗാന്ധിജിയപ്പുപ്പന്‍ വെള്ള ഷര്‍ട്ടും വെള്ള മുണ്ടും ഉടുത്ത് വരുന്ന പോലുണ്ട്. പക്ഷെ പൊക്കം ഒരല്പം കുറവാണെന്ന് തോന്നുന്നു.

മമ്മി ഞങ്ങളുടെ ബാഗുകള്‍ എല്ലാം പാക്ക് ചെയ്തു പുറത്തേക്ക് വയ്ച്ചു. അപ്പോളേക്കും വല്ല്യ പപ്പയും വന്നു. ഇവര് വിളിച്ച് വരുത്തിയതായിരിക്കും. മമ്മി ബാഗ് കള്‍ ഇറക്കി വയ്ക്കുന്ന കണ്ടതും വല്ല്യമ്മച്ചി മമ്മിയുടെ അടുത്തേക്ക് ഓടിവന്ന് ചോദിച്ചു ' മക്കളേ നിങ്ങള് പോവ്വാണോ... ക്രിസ്മസ് കൂടികഴിഞ്ഞിട്ട് പോയാ പോരേ...  മക്കളെക്കണ്ട് കൊതി തീര്‍ന്നില്ല......' മമ്മിക്ക് മറുപടിയൊന്നും ഇല്ലായിരുന്നു. എല്ലാ ബാഗും ഒരപ്പുരയുടെ വരാന്തയില്‍ നിരന്നു.

നെടു നീളന്‍ വരാന്തയുടെ ഒരറ്റത്ത് എല്ലാവരും ഇരുന്നു. നടുവിലായി കൊച്ചാപ്പന്‍ അതിനോട് ചേര്‍ന്ന് വല്ല്യപ്പച്ചര്‍ ഒരു വശത്ത് വല്ല്യപപ്പ മറുവശത്തായി അപ്പയും മമ്മിയും പിന്നെ ഒരപ്പുരയുടെ വരാന്തയില്‍ പെട്ടകളോട് ചേര്‍ന്ന് നിലത്ത് വല്ല്യമ്മച്ചിയും. ഞാനും വല്ല്യമ്മച്ചിയുടെ അടുത്ത് പോയിരുന്നു.

ഈ തറവാട് പൊളിക്കുകയാണ്. ഇതുവഴിയാണ് പുതിയ ഹൈവേ വീതികൂട്ടി വരുന്നത്. അവരുടെ സംസാരം ശ്രദ്ധിച്ചിരുന്ന എനിക്ക് അവിടുത്തെ പ്രശ്‌നങ്ങള്‍ പിടികിട്ടിത്തുടങ്ങി. ഹൈവേക്ക് വേണ്ടി വീടും സ്ഥലവും ഏറ്റെടുക്കുന്നതിനുവേണ്ടി നല്ലൊരു തുക സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട് അതിനെ വീതം വയ്ക്കുന്നതിനെത്തുടര്‍ന്നാണ് അപ്പയും വല്ല്യപപ്പയും തമ്മില്‍ വഴക്കായത്. വല്ല്യപ്പച്ചന്‍ ആശുപത്രിയില്‍ക്കിടന്നപ്പോള്‍ നോക്കാന്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നൂള്ളൂ എന്ന് വല്ല്യപപ്പയും. ആശുപത്രിയിലെ ചിലവ് മുഴുവനും താന്‍ ആണ് ചെയ്തതെന്ന് അപ്പയും, അതും കാശ് ഉണ്ടായിട്ടല്ല ചെയ്തതെന്ന് മമ്മിയും അവകാശങ്ങളുന്നയിച്ചു. പലപ്പോഴും തര്‍ക്കം മുറുകിയെങ്കിലും കൊച്ചപ്പന്‍ ക്രിത്യമായിത്തന്നെ ഇടപെട്ടു. അവസാനം ഒരു തീരുമാനം എന്നവണ്ണം കൊച്ചപ്പന്‍ സ്ഥലത്തിന്റെയും കാശിന്റെയുമൊക്കെ കാര്യത്തില്‍ തീരുമാനമാക്കി. കൊച്ചപ്പന്‍ പറഞ്ഞകൊണ്ട് ഞങ്ങള്‍ സമ്മതിക്കുന്നു എന്ന് രണ്ട് കൂട്ടരും പറഞ്ഞു. എങ്കിലും ഇരു കൂട്ടരും തൃപ്തരല്ലെന്ന് മനസിലാവുന്നുണ്ട്.

പപ്പയും മമ്മിയും വല്ല്യപപ്പയും എണീറ്റു. 'അല്ലെടാ വീടു പൊളിച്ചുകഴിഞ്ഞാ ഈ തന്തയെം തള്ളയെം ആരു നോക്കും..... ' കൊച്ചപ്പന്റെ ചോദ്യത്തിന് അപ്രതീക്ഷിതമായി മറുപടി പറഞ്ഞത് വല്ല്യമ്മച്ചിയാണ്. ' ഇപ്പം ഞങ്ങക്ക് ആരുടേം സഹായം വേണ്ട... ഞങ്ങളു രണ്ടും ഈ ഒരപ്പെരേക്കഴിഞ്ഞോളാം.... നോക്കിയതിനും ചെലവാക്കിയതിനുമൊക്കെ കണക്ക് വെക്കുന്ന മക്കളല്ലേ.. ഇനി ഈ കണക്ക് കൂടി സൂക്ഷിക്കണ്ട ' അതിനൊരു മറുപടി പറയാന്‍ ആര്‍ക്കുമായില്ല.

വല്ല്യപ്പച്ചനെയും വ്ല്ല്യമ്മച്ചിയേയും തനിച്ചാക്കി എല്ലാവരും ഇറങ്ങി. പട പടാന്നിടിക്കണ ഹൃദയം ചേര്‍ത്ത് വെച്ച് വല്ല്യമ്മച്ചി എന്നെ കെട്ടിപ്പിടിച്ചു - ' പഠിച്ച് മിടുക്കിയാവണട്ടോ..... ' . വല്ല്യപ്പച്ചന്‍ തലയില്‍ തലോടിക്കൊണ്ട് ഞങ്ങളുടെ രണ്ടു പേരുടെ കയ്കളിലേക്കും അഞ്ഞൂറു രൂപ വീതം തന്നു. പല കഥകളുടെയും പശ്ചാത്തലമായ ഈ വീടിനി നേരില്‍ കാണാനാകുമോന്നറിയാതെ ആ വീടിനെയും വല്ല്യപ്പച്ചനേയും വല്ല്യമ്മച്ചിയേയും നോക്കി കാറില്‍ ഇരുന്നു കൈ വീശി.

കാറിനുളളില്‍ കുറേ നേരം നിഴലിച്ചു നിന്ന നിശബ്ദതയെ തുരത്തിക്കൊണ്ട് അപ്പയും മമ്മിയും കിട്ടിയ വീതത്തെക്കുറിച്ച് വര്‍ണ്ണിച്ചും കിട്ടാത്ത്തിനെക്കുറിച്ച് ദുഖിച്ചും ഓരോന്നു പറഞ്ഞു. പിന്നിലെ സീറ്റില്‍ എന്റെ മടിയിലേക്ക് തലവയ്ച്ച് കിടക്കുന്ന അവന്‍ അതൊന്നും കേള്‍ക്കാതെ ഉറങ്ങി. ഞാന്‍ അവന്റെ തലമുടിക്കിടയിലൂടെ വിരലുകളോടിച്ചു, എന്റെ മനസില്‍ എന്തൊക്കെയോ വന്നു തിരയടിച്ചു മറിയുന്നു. അപ്പയുടേയും മമ്മിയുടേയും സംസാരം തടസപ്പെടുത്തിക്കൊണ്ട് ഞാന്‍ ചോദിച്ചു. ' മമ്മീ ഞ്ങ്ങള് വലുതാകുമ്പോ ഇതു പോലെ പപ്പേം വല്ല്യപപ്പേം വഴക്കിട്ടപോലെ വഴക്കിടുമോ ? '

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു ദിനം, വാഗമൺ പരുന്തുംപാറ പഞ്ചാലിമേട്

കാഴ്ച്ചയുടെ ഉയരങ്ങളിൽ മനസിന്റെ പൂക്കാലം

കെ.എസ്.ആർ.ടി.സി ഫോട്ടോസ് - KSRTC Picture Gallery