ശവം തീനികളും കള്ളമ്മാരും
ഭാഗം - 1
ആ ബോട്ടുകളും വള്ളങ്ങളും പള്ളിയുടെ കടവിലേക്ക് ഒന്നൊന്നായി ഒഴുകി അടുത്തു, ബോട്ടുകളുടെ എഞ്ചിന്റെ ഇരമ്പൽ ശബ്ദ്ദം കടവിലെ ഓളങ്ങളെ പ്രകമ്പനം കൊള്ളിക്കുന്നു. പള്ളിയുടെ മുറ്റത്ത് അലസമായി നിന്നിരുന്ന ആളുകള്‍, കടവിൽ ആദ്യം അടുത്ത ബോട്ടിന്റെ അടുത്തേക്ക് ഒത്തുകൂടി. ബോട്ടിനകത്ത് കറുത്ത തുണികൊണ്ട് വിരിച്ച ഒരു ഉയര്‍ന്ന തട്ടില്‍ അലങ്കാരപ്പണികള്‍ നിറഞ്ഞ ശവപ്പെട്ടി. അതില്‍ തൂവെള്ള വസ്ത്രം ധരിപ്പിച്ച് കിടത്തിയിരിക്കുന്ന മൃതദേഹം
നാലഞ്ചാളുകള്‍ ഒപ്പം ചേര്‍ന്ന് ശവമഞ്ചം ബോട്ടില്‍ നിന്നുയര്‍ത്തി കരയില്‍ നില്‍ക്കുന്ന ആളുകള്‍ക്കിടയില്ക്ക് ഉയർത്തി നല്‍കി. മറ്റു ബോട്ടില്‍ വന്നവര്‍കൂടി ആ തുരുത്തിലേക്കിറങ്ങി. ആളുകളുടെ ശബ്ദം തുരുത്തിലാകെ മുഴങ്ങി. ചുവരുകള്‍ക്ക് മുകളിലിരുന്ന് സല്ലപിച്ച പ്രാവുകള്‍ പറന്നകന്നു. ആളുകള്‍ കൂടി നില്‍ക്കുന്നതിനു നടുവിലൂടെ, നാട്ടിലെ പ്രമാണിയും മുന്‍ പഞ്ചായത്ത് പ്രസിഡന്റും വലിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമൊക്കെ ആയിരുന്ന കുന്നേപ്പിള്ളി സ്‌കറിയാച്ചന്റെ മൃതദേഹം പള്ളിയിലേക്ക് ആനയിക്കപ്പെട്ടു.
എരിയുന്ന കുന്തിരിക്കത്തിൻ്റെ ഗന്ധം നിറയുന്ന അന്തരീക്ഷത്തില്‍ വികാരിയച്ചന്റെ ശബ്ദം ഉയര്‍ന്നു. സംസ്കാര ശുശ്രുഷകൾ മുറപോലെ നടക്കുന്നു. പുറത്ത് അതുവരെ തെളിഞ്ഞു നിന്ന ആകാശത്ത് മേഘങ്ങള്‍ മഴയുടെ കോപ്പുകൂട്ടി. കായലില്‍ നിന്നും വീശുന്ന തണുത്ത കാറ്റിന്റെ ശക്തി കൂടി. തുരുത്തിലെ പൊടി മണല്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നു പൊങ്ങി. പൊടുന്നനെ വലിയ ഇടിമുഴക്കത്തിന്റെ അകമ്പടിയോടെ മഴ ആര്‍ത്തലച്ചെത്തി. ആളുകളെല്ലാം തിങ്ങി ഞെരുങ്ങി പള്ളിയുടെ കൂരക്കടിയില്‍ ഒതുങ്ങിനിന്നു. പലരും പരസ്പരം മുഖത്തോട് മുഖം നോക്കി 'ഹോ.... എന്തൊരു മഴയാ... ' എന്ന് പറഞ്ഞ് ആശ്ചര്യം പങ്കുവയ്ച്ചു.
സെമിത്തേരിയില്‍ പണിചെയ്തിരുന്ന ജോണും വര്‍ക്കിയും മഴ വെള്ളം കല്ലറയിലേക്കിറങ്ങതെ പെടാപ്പാട് പാടുപെടുകയാണ്. അവര്‍ വലിയ സ്ലാബ് പിടിച്ചുയര്‍ത്തി കല്ലറയുടെ അടപ്പ് അടയ്ച്ചു. ചാലുകൾ വെട്ടിത്തിരിച്ച് മഴവെള്ളം കല്ലറക്കുള്ളിലേക്ക് ഇറങ്ങാതെ, ശക്തമായ മഴയെപ്പോലും അവഗണിച്ചവർ തങ്ങളുടെ പണികൾ ത്വരിത ഗതിയിൽ തുടർന്നെങ്കിലും അതിനു മുന്നേ തന്നേ കല്ലറയുടെ അകത്തേക്ക് കലങ്ങിയ മഴവെള്ളം ഒഴുകിയിറങ്ങി.
കടവത്ത് അടുപ്പിച്ചിരുന്ന ബോട്ടുകള്‍ കാറ്റിലും ഓളത്തിലും ആടി ഉലഞ്ഞു. പള്ളിയുടെ അകത്തെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി മഴ തോരാനായി എല്ലാവരും അക്ഷമരായി കാത്തിരിക്കുന്നു. കാറ്റിൽ തുരുത്തിലെ തെങ്ങുകൾ നിലതെറ്റിയാടുന്നു, കറിയാച്ചനെപ്പോലെ പ്രായമേറെയായ തേങ്ങകളും തെങ്ങോലകളും തെങ്ങിനെ വിട്ടു പിരിഞ്ഞ് തുരുത്തിലെ പൂഴി മണ്ണിലേക്ക് ചേരുന്നു. പള്ളിയുടെ കൂരയുടെ കീഴിൽ ഒത്തുകൂടിയവർ പലരും പല പല അഭിപ്രായങ്ങള്‍ പറയുന്നു. സമയം ഒച്ചിഴയും പോലെ കടന്നു പോകുന്നു.
ഇരുള്‍ വീഴാനായ് വെമ്പല്‍ കൊള്ളുന്ന സായാഹ്ന സന്ധ്യയില്‍ മഴയുടെ ശക്തി കുറഞ്ഞു. ഇനിയും കാത്തിരിക്കുന്നത് നല്ലതല്ലെന്ന തീരുമാനത്തില്‍, മൃതദേഹം സംസ്‌കരിക്കാനായി കല്ലറയിലേക്ക് എടുത്തു. ഇരു വശങ്ങളിലുമായി ആറുപേര്‍ ചേര്‍ന്ന് താങ്ങിപ്പിടിച്ചിരിക്കുന്ന ശവമഞ്ചം ചാറ്റല്‍ മഴത്തുള്ളികള്‍ വീണ് നനഞ്ഞു. പകുതിയിലധികം ആളുകള്‍ മഴയത്തേക്കിറങ്ങാതെ ഇപ്പോളും പള്ളിയുടെ അകത്തളത്ത് തന്നെനിന്ന് പുറത്ത് ശവമഞ്ചം പോകുന്നതും നോക്കി നിന്നു. അപ്പോളേക്കും ജോണു വര്‍ക്കിയും മഴവെള്ളം കെട്ടിനിന്ന് കല്ലറയിലേക്കിറങ്ങാതെ വെട്ടിത്തിരിച്ച് വിട്ട് വീണ്ടും കല്ലറ വീണ്ടും തുറ.
അച്ഛനും കപ്യാരും പിന്നെ കുറച്ച് ബന്ധുക്കളും മാത്രം കല്ലറയുടെ അടുത്തേക്ക് നടന്നടുത്തു. കല്ലറയുടെ മൂടി പതിയെ തുറന്നു. അതിനുള്ളില്‍ നിന്നും എന്തെന്നില്ലാത്ത ഒരു ഇരമ്പല്‍ ശബ്ദം പുറത്തേക്ക് മുഴങ്ങിക്കേള്‍ക്കുന്നു. ശബ്ദം പതിയെ ഉയര്‍ന്നു വരുന്നു. കൂടി നല്‍ക്കുന്നവര്‍ക്ക് ഒന്നും മനസിലാകാതെ കല്ലറയുടെ ഉള്ളില്ക്ക് ആകാഷയോടെ നോക്കി നിന്നും. ' ഇതെന്താ അകത്ത് ... ' ജോണ്‍ ആരോടെന്നില്ലാതെ ചോദിച്ചു.
ചോദ്യങ്ങള്‍ക്കുള്ള മറുപടി എന്ന വണ്ണം, കല്ലറക്കുള്ളിലെ ഇരുട്ടില്‍ നിന്നും തീ്ക്കനല്‍ പോലെ രണ്ട് ഗോളങ്ങള്‍..... 'അയ്യോ...... പ്രേതം.... ഓട്‌ക്കോ...' ജോണാണോ വര്‍ക്കിയാണോ അലറിയതെന്നറിയില്ല രണ്ടാളും അലറി വിളിച്ചോടി. പള്ളിയുടെ അകത്തുനിന്നവര്‍ നിലവിളികേട്ട് എന്തെന്നറിയാതെ കല്ലറയുടെ സമീപത്തേക്കോടിയെത്തി. തീഗോളം കൂടുതല്‍ വലുതായി വരുന്നു ഭീതിയുടെ നിഴല്‍ എല്ലാവരുടേയും മുഖത്തേക്ക് പടർന്നുകയറി. ശവമഞ്ചമേറി നില്‍ക്കുന്നവരുടെ കയ്യില്‍ നിന്നും ശവമഞ്ചവും മൃതദേഹവും ബാലസ് തെറ്റി മഴ വെള്ളം വീണ് ചളി നിറഞ്ഞ മുറ്റത്തേക്ക് നിലംപതിക്കുന്നു. അതില്‍ നിന്നും എന്തൊക്കെയോ മഴ വെള്ളത്തിലേക്ക് തെറിച്ചു വീണു. ആളുകള്‍ നാലു പാടും കാര്യം അറിയാതെ പരക്കം പായുന്നു.
ഭാഗം - 2
അന്ന് വൈകിട്ട് ടിവി ചാനലുകളുടെ ഫ്ലാഷ് ന്യൂസുകളിൽ ആശങ്കകൾ നിറഞ്ഞു. "ആലപ്പുഴ പൊന്നാമ്പള്ളി തുരുത്തിൽ അജ്ഞാത ജീവിയുടെ ആക്രമണം" പരസ്യത്തിൻ്റെ ഇടവേള കഴിഞ്ഞ് സന്ധ്യാ വാർത്ത തുടർന്നു. മിന്നിമറയുന്ന ബാക്ഗ്രൗണ്ടിനു മുന്നിലായി നിന്ന് മുഖത്ത് നിറയുന്ന ഗൗരവത്തോടെയും തെല്ലാചര്യത്തോടെയും ന്യൂസ് റീഡർ ആ വാർത്ത വായിക്കുന്നു.
വീണ്ടും സന്ധ്യാ വാർത്തയിലേക്ക് സ്വാഗതം, ആലപ്പുഴയിൽ നിന്നും അല്പം ആശങ്ക ഉളവാക്കുന്ന വാർത്തയാണ് ഈ മണിക്കൗറുകളിൽ വരുന്നത്. ആലപ്പുഴ പൊന്നാമ്പള്ളി തുരുത്തിൽ അജ്ഞാത ജീവിയുടെ ആക്രമണത്തെത്തുടർന്ന് നിരവധി ആളുകൾ ആശുപത്രിലായി. അഞ്ഞുറിലധികം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് അറിയാൻ കഴിയുന്നത്. വാർത്തയുടെ കൂടുതൽ വിവരങ്ങളുമായി നമ്മുടെ പ്രതിനിധി അനീഷ മാത്യു പൊന്നാമ്പള്ളിയിൽ നിന്നും ചേരുന്നു, അനീഷ എന്താണ് അവിടെ ഉണ്ടായത്, ഇപ്പോളത്തെ അവിടുത്തെ അവസ്ഥ എന്താണ്, ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളവരുടെ ആരോഗ്യ നില എന്താണ്.
അൽപ നേരത്തെ നിശബദതയ്ക്ക് ശേഷം, ആ റമീസ് ഞാൻ ഇപ്പോൾ നിൽക്കുന്നത് പൊന്നാമ്പള്ളിയിൽ അല്ല, വെമ്പായക്കരി എന്നപ്രദേശത്താണ്. ഇവിടുത്തെ ബോട്ട് ജെട്ടിയിൽ നിന്നും ഏതാണ്ട് ഇരുപത് മിനിട്ട് ബോട്ടിൽ യാത്ര ചെയ്താൽ മാത്രമേ പൊന്നാമ്പള്ളിയിൽ എത്തിച്ചേരാൻ സാധിക്കൂ.. നിലവിൽ ആരേയും ഇപ്പോൾ അങ്ങോട്ട് കിടത്തി വിടുന്നില്ല റെമീസ് ...... ആ അനീഷ അവിടെ എന്താണുണ്ടായത്.
റെമീസ് ഇന്ന് മൂന്നുമണിക്ക് ശേഷമാണ് അന്തരിച്ച മുൻ വെമ്പായക്കരി പഞ്ചാത്ത് പ്രസിഡൻ്റ് കുന്നേപ്പിള്ളി സ്‌കറിയാച്ചന്റെ മൃതദേഹം സംസ്കരിക്കുന്നതിനായി എനിക്ക് പിന്നിൽ കാണുന്ന ഈ ബോട്ട് ജെട്ടിയിൽ നിന്നും വിലാപയാത്രയായി ദൂരെ വെളിച്ചം കാണുന്ന തുരുത്തിലെ പള്ളിയിലേക്ക് കൊണ്ടുപോയത്. പള്ളിയിലെ ചടങ്ങുകൾക്കിടയിൽ കല്ലറയുടെ ഉള്ളിൽ നിന്നു വന്ന അജ്ഞാത ജീവികളാണ് ആളുകളെ ആക്രമിച്ചതെന്നും.. ആക്രമണ
അനീഷ ഞാൻ അനീഷ യിലേക്ക് മടങ്ങിയെത്താം.. ഇപ്പോൾ ആക്രമണത്തിനിരയായവരെ പ്രവേശിപ്പിട്ടുള്ള കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ദീപക് ചേരുന്നു... ദീപക്..
ഓരോ ചാനലുകളും വാർത്തകളും സ്പെഷ്യൽ റിപ്പോർട്ടുകളുമായി സന്ധ്യസമയത്തെ വാർത്തയിൽ ഭീകര ജീവിയേക്കുറിച്ചും അപകടത്തെക്കുറിച്ചും ഒക്കെ കേട്ടതും കേൾക്കാത്തട്ടും തട്ടി വിട്ടു . മറ്റുള്ളവർക് കിട്ടാത്ത റിപ്പോർട്ടികൾക്കായി റിപോർട്ടർമാരും ക്യാമെറാമാൻമ്മാരും പരസ്പരം വെമ്പായക്കാരിയിൽ മത്സരിച്ചു
വെമ്പായക്കരിയിൽ അന്ന് രാത്രി റവന്യൂ ഉദ്യോഗസ്ഥരും പോലീസ്കാരും ഫയർ ആൻ്റ് റെസ്ക്യൂ ടീമും മാധ്യമ പ്രവർത്തകരുമെല്ലാം തമ്പടിച്ചു. പോലീസ് ബോട്ടുകൾ പൊന്നാമ്പള്ളിതുരുത്തിനു വട്ടമിട്ട് നിരീക്ഷണം തുടർന്നു. ഏറെ നേരമായി വെമ്പായക്കരി പഞ്ചായത്ത് ഹാളിൽ തുടരുന്ന യോഗം അവസാനിപ്പിച്ച് മന്ത്രി പുറത്തുവന്നതും മാധ്യമ പ്രവർത്തകരും നാട്ടുകാരും മന്ത്രിയുടെ വാക്കുകൾക്കായി ചുറ്റുംകൂടി. നൂറു നൂറു ചോദ്യങ്ങളുമായി മന്ത്രിയുടെ നേരെ മാധ്യമ പ്രവർത്തകരുടെ മൈക്കുകൾ നീണ്ടു . തനിക്കുനേരെ നീണ്ട മൈക്കുകളിലേക്കും ക്യാമറകളിലേക്കും നിസ്സംഗമായ ഭാവത്തോടെ നോക്കി, മന്ത്രി സംസാരിച്ചു തുടങ്ങി.
നിലവിൽ നമുക്ക് അക്കരേലെ സ്ഥിതികൾ അറിയാത്ത സാഹചര്യമാണുള്ളത്. ഇങ്ങോട്ടൊന്നും ഇതുവരെ അവിടുന്നുള്ള ഭീഷണിയൊന്നും ഇല്ലാത്ത സാഹചര്യത്തിൽ തുടർ നടപടികൾ നാളെ നേരം വെളുത്തിട്ട് നമുക്ക് ആലോചിക്കാം.... അവിടുത്തെ സ്ഥിതികളൊക്കെ രാവിലെ തന്നെ അന്വേഷിക്കാനുള്ള നടപടികൾ എടുത്തിട്ടുണ്ട് - സാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുള്ളവരുടെ അവസ്ഥ എന്താണിപ്പോൾ - .... അവിടുള്ള കാര്യങ്ങൾ ആരോഗ്യ മന്ത്രി തന്നെ നേരിട്ട് എത്തി വേണ്ട നടപടികൾ സ്വീകരിക്കാനുള്ള നിർദ്ധേശം നൽകയിട്ടുണ്ട്...... നമുക്കിനി നാളെ സംസാരിക്കാം... ആളുകൾക്കിടയിലൂടെ മന്ത്രി കാറിനടുത്തേക്ക് നടന്നു. 13ാം നമ്പർ സ്റ്റേറ്റ് കാർ നാട്ടുവഴിയിലൂടെ മെല്ലെ ദൂരേയ്ക്കകന്നു.
ഭാഗം - 3
"എടാ... സജീ ... " കോട്ടയത്ത് മെഡിക്കൽ കോളേജിന് മുന്നിലെ മിൽമ ബൂത്തിൽ നിന്നും ചൂടു ചായ ഊതിക്കുടിക്കുമ്പോൾ ആണ് ആ വിളി സജിയെ തേടി വന്നത്. നോക്കിയപ്പോൾ കോൺഗ്രസ് മണ്ഡലം കമ്മറ്റിയിലുള്ള എൽദോസ്. "ആ... എൽദോസ് ചേട്ടായി എന്താ ഇവിടെ "
എൽദോസിന്റെ അളിയനും സജിയുടെ അപ്പനും ആശുപത്രിയിൽ അഡ്മിറ്റാണ്. എൽദോസിന്റെ അളിയനെ അജ്ഞാത ജീവിയുടെ ആക്ക്രമണത്തെ തുടര്‍ന്നും. സജി യുടെ അപ്പന്‍ ജോണിനെ ഭയന്നോടി വെള്ളത്തില്‍ വീണതിനെ തുടര്‍ന്നുമാണ് ആശുപത്രിയിലാക്കിയിരിക്കുന്നത്. രണ്ടു പേരുടെയും നില അല്പം ഗുരുതരമാണെങ്കിലും നിലവില്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ല. സജിയും എല്‍ദോസും ചുടു ചായ കുടിച്ച് പതിയെ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക് നീളുന്ന വഴിയേ നടന്നു.
അല്ല ചേട്ടായീ... അവിടെ എന്താ സംഭവിച്ചേ. ഒരു വിവരോ കിട്ടീട്ടില്ലെടാ. ഇതുവരെ അവിടേക്ക് ആരും തിരക്കിപ്പോയിട്ടില്ലെന്നാ കേട്ടത്. എനിക്ക് ഒരു കമ്മറ്റി ഉള്ള കൊണ്ട് ഞാന്‍ നേരത്തേ വീട്ടില്‍ പോയിട്ട് പോന്നു പളളിലേക്ക് പോയില്ല. അളിയൻ പള്ളീലുണ്ടാരുന്നു.
മെഡിക്കൽ കോളേജിൻ്റെ അത്യാഹിത വിഭാഗത്തിനു മുന്നിലും വഴിയിലും അർദ്ധരാത്രിയിൽ പോലും അന്ന് വലിയ തിരക്കാണ്. രോഗികളുടെ കാത്തിരിപ്പുകാരും മാധ്യമ പ്രവർത്തകരും അക്ഷമരായി അവിടെ ഉറക്കമളച്ചിരിക്കുന്നു. കൃത്യമായ ഇടവേളയിലെന്നോണം മറ്റു പല സ്ഥലങ്ങളിൽ വിവിധ അപകടങ്ങളിൽപ്പെട്ടവരുമായി ആംബലൻസുകൾ ചീറിപ്പാഞ്ഞ് വരുന്നു. ചോരയിൽ കുളിച്ച് കിടക്കുന്ന ആളുകളെ അകത്തേക്ക് കൊണ്ടു പോകുന്നു. അവരിൽ ചിലർ വലിയൊരു കരച്ചിലിൽ അവസാനിക്കുന്നു. ഇതെല്ലാം കണ്ട് എൽദോസിനെയും സജിയേയും പോലെ നിർവ്വികാരത്തോടെ നൂറുകണക്കിനാളുകൾ.
പുലർച്ചെ നാലുമണിയോടുകൂടി കയ്യിലൊരു പേപ്പറുമായി അകത്തുനിന്നിറങിവന്ന നഴ്സ് എല്ലാവരോടുമായി, ഈ ലിസറ്റിലുള്ളവരെ 12,13,16 വാർഡുകളിലേക്ക് മാറ്റുവാണ്. ബൈസ്റ്റാൻ്റർമ്മാര് പേരുവിളിക്കുന്നേരം കേറിവാ, ജീവിയുടെ കടിയേറ്റവരെ നേരെ സ്പെഷ്യൽ വാർഡിലേക്കാണ് മാറ്റുന്നത്. അവിടേക്ക് ആർക്കും പ്രവേശനമില്ല. പറഞ്ഞു തീരും മുന്നേ തന്നെ കയ്യിലിരുന്ന രോഗികളുടെ ലിസ്റ്റ് കൂട്ടത്തിലുള്ള ഒരാൾക്ക് നൽകി നഴ്സ് അകത്തേക്ക് നടന്നു. കൂട്ടത്തിലുണ്ടാരുന്നവർ പലരും പലIi സംശയങ്ങളും ആശങ്കകളും ചോദിച്ചെങ്കിലും അവയ്ക്കൊന്നും മറുപടികൾ ലഭിച്ചില്ല. ഐസിയു വിൻ്റെ വാതിൽ തുറന്ന് അവർ അകത്തേക്ക് കയറിപ്പോയി.
ആശുപത്രി അധികൃതർ വളരെ പണിപ്പെട്ട് പ്രത്യേക വാർഡും അവിടേക്ക് വേണ്ട സജീകരണങ്ങളും തയ്യാറാക്കി. ജീവിയുടെ ആക്രമണത്തിനിരയായവരെ, ഓരോരുത്തരെയായി അവിടേക്ക് കൊണ്ടുവന്നു. തലയിലും കഴുത്തിലും കയ്യിലുമൊക്കെയായാണ് പലർക്കും കടിയേറ്റിട്ടുള്ളത്. ചിലരുടെ മാസം പറിഞ്ഞു പോയി. പ്രാധമികമായ ചികിത്സ എല്ലാവർക്കും ക്കൊടുത്തു, ഇനി അടുത്ത നാൽപ്പത്തിയെട്ട് മണിക്കുർ നിരീക്ഷണത്തിനു ശേഷം ആണ് തുടർ ചികിത്സക്കും മറ്റും തീരുമാനം. ഏൺപത് ശതമാനത്തിലുമധികം ആളുകൾ സെഡേഷൻ്റെ മയക്കത്തിലാണ്. ബാക്കിയുള്ളവർ ഭയം വിട്ടുമാറാത്ത മനസുമായി വേദനയോട് മല്ലിട്ട് കിടക്കുന്നു. പിപിഇ കിറ്റ് ധരിച്ച് രണ്ട് നഴ്സുമാർ സദാസമയവും വാർഡിലെ രോഗികളെ നിരീക്ഷിക്കുന്നു, വേണ്ട ശുശ്രൂഷകൾ നൽകുന്നു.
അത്യാഹിത വിഭാഗത്തിനു മുന്നിലെ ആൾ തിരക്ക് കുറഞ്ഞു. എൽദോസ് പെങ്ങളുടെ അടുത്ത് ചെന്ന് പറഞ്ഞു - എടീ... ഞാനിപ്പൊ ഇനി നിന്നിട്ട് വല്യ കാര്യമില്ല... ഇവിടെ ഇപ്പൊ ഇവരൊക്കെ ഉണ്ടല്ലോ..... എന്തേലുമുണ്ടേ വിളിക്ക് - കലങ്ങിയ കണ്ണുകളോടെ പെങ്ങൾ തലയാട്ടി, പോക്കറ്റിൽ നിന്നും കുറച്ച് പൈസ എടുത്ത് പെങ്ങളുടെ കയ്യിൽ കൊടുത്ത് എൽദോസ് നടന്നകന്നു.
ആശുപത്രിയിൽ ന്യൂസ് റിപ്പോർട്ടർമ്മാർ അവരുടെ കഴിവും സ്വാധീനവുമുപയോഗിച്ച്, എങ്ങനെയെങ്കിലും പരിക്കേറ്റ ഒരാളുടെ ബൈറ്റിനായി പഠിച്ച പണി പതിനെട്ടും പയറ്റുന്നു. അടുത്തിടെ മനോരമയിൽ നിന്നും മംഗളത്തിലെത്തിയ കൂട്ടത്തിലെ സീനിയറായ വിജയൻ, എങ്ങനെയോ ആ കടമ്പ കടന്ന് ആശുപത്രിയുടെ അകത്ത് കയറി
ഭാഗം - 4
മഞ്ഞു മൂടി നിൽക്കുന്ന മലനിരകൾക്കു താഴെ വിളഞ്ഞ് പാകമായി സ്വർണ്ണത്തിന്റെ നിറം തൂകി നിൽക്കുന്ന നെൽപ്പാടങ്ങൾ. അതിനിടയിൽ അലസമായി നിന്ന് കാറ്റിൽ തലയാട്ടി നിൽക്കുന്ന കരിമ്പനകൾ. പാടത്തിന് നടുവിലൂടെ ദൂരേക്ക് നീളുന്ന റോഡ്, റോഡിന്റെ ഇരുവശങ്ങളിലുമായി പാടത്തിന്റെ ഓരത്ത് ഒരു കൊച്ച് ഗ്രാമം. ഓടുകൾ വിരിച്ച, ക്രമനമ്പർ നൽകിയിരിക്കുന്ന നിരപ്പലകകൾ കൊണ്ട് പൂട്ടുന്ന കെട്ടിടങ്ങൾ. ഇടയ്ക്കെപ്പോഴോ കടന്നുപോകുന്ന വാഹനങ്ങൾ. വലിയ ബഹളങ്ങളും തിരക്കുകളുമില്ലാത്ത ഗ്രാമത്തിലെ കെട്ടിടങ്ങൾക്കു നടുവിലായി രണ്ടു തട്ടുകളായി ഉയർന്നു നിൽക്കുന്ന പഴയ കെട്ടിടം, അതിന്റെ മുന്നിലെ തകര ഷീറ്റ് ബോർഡിൽ എഴുതിയിരിക്കുന്ന "ശ്രീകൃഷ്ണ വിലാസം ലോഡ്ജ്". ബോർഡിലെ അക്ഷരങ്ങൾ പകുതിയോളം മാഞ്ഞ് കളറു മങ്ങിയിരിക്കുന്നു.
ലോഡ്ജിന്റെ മുകളിലെ നിലയിലെ നീളൻ വരാന്തയ്ക്കു പിന്നിൽ നിരനിരയായിരിക്കുന്ന മുറികളിലൊന്നിന്റെ വാതിലിന്റെ പകുതി പാളി കടകട ശബ്ദത്തോടെ തുറന്നു.
പാതി അടഞ്ഞുകിടക്കുന്ന വാതിൽ പാളിയുടെ ഇടയിലൂടെ ഒരു കാവി മുണ്ടും ഷർട്ടും ഇട്ടൊരാൾ പുറത്തിറങ്ങി, വാതിൽ ചേർത്തടച്ച് - മരപ്പലകകൾ നിരത്തിയ ഗോവണിയിലൂടെ, താഴെ ശാന്തമായി കിടക്കുന്ന റോഡിലേക്കിറങ്ങി. ഇരു വശങ്ങളിലേക്കും നോക്കി അയ്യാൾ നടന്നു.
രാവിലെ തന്നെ തുന്ന ഒരു ചെറിയ ചായക്കടയുടെ മുന്നിൽ ആ നടത്തം അവസാനിപ്പിച്ച് - ചായക്കടയുടെ അകത്തേക്ക് കയറി. " ഒരു കട്ടൻ ചായ - മധുരം വേണ്ടാട്ടോ.. " ബഞ്ചിന്റെ അരികത്തേക്കിരുന്നു. മുറിയുടെ ഒരു കോണിലിരിക്കുന്ന അലമാരയുടെ മുകളിലിരിക്കുന്ന റേഡിയോയിലൂടെ ആകാശവാണിയിൽ നിന്നുള്ള വാർത്തകൾ... അതിലും വലിയ ശബ്ദ്ധത്തിൽ ചായക്കടയിലെ ചൂടൻ ചർച്ച. സ്വാഭാവികമായും അന്നത്തെ ചർച്ച ആലപ്പുഴയിലെ പൊന്നാമ്പള്ളിയിലെ ഭീകര ജീവിയെ കുറിച്ച് തന്നെയായിരുന്നു. പ്രേതമായും പിശാശായുമൊക്കെ അതിനെ പലരും വർണ്ണിച്ചു. " കഴിക്കാൻ എന്തേലും വേണോ ?" - " വേണ്ട ". ചോദ്യത്തിനൊപ്പം ആവിപറക്കുന്ന കട്ടൻ ചായ അയ്യാളുടെ മുന്നിലേക്ക് പറന്നിറങ്ങി.
പല ഷീറ്റുകളായി പിരിഞ്ഞ് പലരുടെ കൈകളിലേക്ക് പോയ മനോരമ പത്രത്തിന്റെ ആദ്യ ഷീറ്റ് കട്ടൻ ചായ കുടിക്കുന്നതിനിടയിൽ അയ്യാളുടെ കൈകളിലെത്തി. ആദ്യ പേജ് നിറയെ ഭീകര ജീവിയും അനുബന്ധ വാർത്തകളുമാണ്. ഏറെ നേരം കടയിലിരുന്ന് ചായ കുടിക്കുന്നതിനിടയിൽ അവിടെ വരുത്തുന്ന രണ്ടു പത്രങ്ങളുടേയും തലക്കെട്ടുകളെല്ലാം വായിച്ച് ചായ കുടിച്ചു തീർത്തു. പോക്കറ്റിൽ കിടന്ന ഏഴ് രൂപ ചായക്കടയുടെ മേശപ്പുറത്തേക്ക് വച്ച്, അകത്തേക്ക് നോക്കി പറഞ്ഞു. "ചേട്ടാ പൈസ വച്ചിട്ടുണ്ട്ട്ടോ...." തിരികെ ലോഡ്ജ് മുറിയിലേക്ക് നടന്നു.
ഭാഗം - 5
രാവിലെ തന്നെ വെമ്പായക്കരിയിൽ ആളുകൾ നിറഞ്ഞു. സോഷ്യൽ മീഡിയകളിൽ - "വെമ്പായക്കരിയിൽ സംഭവിച്ചത് കണ്ടാൽ നിങ്ങൾ ഞെട്ടും " , പൊന്നാമ്പള്ളിയിലെ ഭീകര ജീവിയെ നിങ്ങൾ കണ്ടോ ?" തുടങ്ങിയ തലക്കെട്ടോടെ ഒട്ടേറെ പോസ്റ്റുകൾ നിറഞ്ഞു. ഒന്നിനും പക്ഷെ ഒരു വ്യക്തതയില്ല, പോസ്റ്റിന്റെ റീച്ച് കൂട്ടുക എന്ന ലക്ഷ്യം മാത്രമേ അവയ്ക്കെല്ലാം ഉണ്ടായിരുന്നൊള്ളു.
ആശുപത്രിയുടെ അകത്ത് കയറാൻ സാധിച്ച വിജയനും കാര്യമായ വാർത്ത നൽകാൻ സാധിച്ചില്ല. ഭീകര ജീവിയുടെ ആക്രമണത്തിൽ പരിക്കേറ്റവരെ പ്രത്യേകം സജീകരിച്ചിരിക്കുന്ന വാർഡിൽ ഐസൊലേഷനിൽ ആക്കിയിരിക്കുന്നതിനാൽ അവിടേക്ക് മറ്റാർക്കും ആർക്കും പ്രവേശനം ഇല്ലാരുന്നു. അത്ര റിസ്ക് എടുത്ത് അവിടേക്ക് കേറി റിപ്പോർട്ട് ചെയ്യാൻ വിജയനും തയ്യാറായില്ല. അപ്പുറത്തെ വാർഡിൽ പോയി വെള്ളത്തിൽ വീണു പരിക്കേറ്റവരുടെ ഒന്നുരണ്ടു വിഷ്വൽസും എടുത്ത് പേരിനൊരു ഒരു റിപ്പോർട്ട് തയ്യാറാക്കി. ആ റിപ്പോർട്ടിലും കൂടുതലായി ഒന്നും ഉണ്ടായിരുന്നില്ല, ഉണ്ടക്കണ്ണും, തീഗോളവും.... പിന്നെ കുറച്ച ഭാവനയും.
വെമ്പായക്കാരിയിൽ രാവിലെ തന്നെ പ്ലാനുകൾ തയ്യാറാക്കി പ്രവർത്തനങ്ങൾ ആരംഭിച്ചു. രണ്ട് ഡ്രോണുകൾ പൊന്നമ്പള്ളി തുരുത്തിലേക്ക് പറത്തി. വളരെ എളുപ്പത്തിൽ എന്നാൽ കൃത്യമിയി അവിടുത്തെ സ്ഥിതി വിലയിരുത്താനുള്ള മാർഗമായിരുന്നു ഡ്രോൺ നിരീക്ഷണം. പോലീസിന്റെ സഹായത്തോടെ ഡ്രോൺ പരത്തുന്ന രണ്ടു പയ്യൻമാരുമായി കായലിന്റെ നടുവിൽ ഒരു ബോട്ട് അവിടെ തയ്യാറാകുന്നു. പോലീസ് ബോട്ടുകൾ റോന്തു ചുറ്റുന്നതിനും പിന്നിലായി നിന്ന് ഡ്രോൺ പറത്തി ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിനു പ്രത്യേക സംവിദാനങ്ങളും വെമ്പായക്കാരിയിൽ സജ്ജമാക്കി.
ബോട്ട് വെമ്പായക്കാരിയുടെ തീരത്തു നിന്നും അകന്നു, വെമ്പായക്കാരി പഞ്ചായത്ത് ഹാളിൽ റവന്യൗ ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്‌ഥരും പഞ്ചായത്ത് അധികാരികളും പൊന്നമ്പളി യിലെ ദൃശ്യങ്ങൾക്കായി അക്ഷമരായി കാത്തിരിക്കുന്നു.
ഡ്രോണുകൾ പറന്നുയർന്നു പഞ്ചായത്ത് ഹാളിലെ മോണിറ്ററിൽ ദൃശ്യങ്ങൾ തെളിഞ്ഞു. പൊന്നമ്പള്ളി തുരുത്തിന്റെ ആകാശ ദൃശ്യം. കായലിന്റെ നടുവിൽ പച്ചോലകൾ കാട്ടിലാട്ടി നിൽക്കുന്ന തെങ്ങുകൾ തിങ്ങി നിറഞ്ഞ തുരുത്. ഡ്രോൺ പൊന്നമ്പള്ളി തുരുത്തിലേക്ക് പറന്നിറങ്ങി പള്ളിയും സെമിത്തേരിയും പള്ളിമുറ്റവും എല്ലാം ദൃശ്യങ്ങളിൽ തെളിഞ്ഞു അസ്വാഭാവികമായി അവിടെ ഒന്നും കാമറ കണ്ണിൽ പതിഞ്ഞില്ല. "എവിടെ ഡെഡ് ബോഡി എവിടെ ?" ഹാളിലെ കസേരയിൽ നിന്നും ചാടി എഴുന്നേറ്റ സർക്കിൾ ഇൻസ്‌പെക്ടർ അലക്സ് ചോദിച്ചു.
ഭാഗം - 6
വീണ്ടും ഒന്നുകൂടി ക്യാമെറ പറത്തി തുരുത്തിലെ ദൃശ്യങ്ങൾ വിശദമായി പരിശോധിക്കാൻ തീരുമാനിച്ചു. തുറന്നു കിടക്കുന്ന പള്ളി, പള്ളിയുടെ ഉള്ളിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനുകളും തെളിഞ്ഞു കിടക്കുന്ന ലൈറ്റുകളും, പള്ളി മുറ്റത്ത് ചിതറി തെറിച്ച കിടക്കുന്ന ചെരുപ്പുകൾ, സെമിത്തേരിയിൽ കല്ലറയുടെ തലയ്ക്കലിരിക്കുന്ന കുരിശുകളിൽ പലതും ഓടിഞ്ഞും ചരിഞ്ഞും കിടക്കുന്നു , കുന്നേപ്പിള്ളിൽ കല്ലറയുടെ അടപ്പ് തുറന്നിരിക്കുന്നു. അതിനോട് ചേർന്ന് തന്നെ രണ്ടു കറുത്ത ഷൂസും. ഒരു മൺ വെട്ടിയും. അവിടെ എങ്ങും ഒരു മൃദദേഹമോ അത് കിടത്തിയിരുന്ന ശവപ്പെട്ടിയോ ഒന്നും കാണാൻ ഇല്ല. എന്താണ് ഇവിടെ നടക്കുന്നതെന്നറിയാതെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആശ്ചര്യപ്പെട്ടു. ഇനി എന്താണ് അടുത്ത വഴി.
എല്ലാരും ആലോചനയിൽ മുഴുകി ആർക്കും ഒരു ഉത്തരം ഇല്ല.
ഏറെ നേരത്തെ ചർച്ചകൾക്കൊടുവിൽ ഒരു ഡൗത്യസംഘത്തെ അങ്ങോട്ട് അയച്ചാലോ എന്ന തീരുമാനത്തിലേക് എത്തി. പോലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും കുറച്ച ഉദ്യോഗസ്‌ഥരെ അയക്കാന്നുള്ള തയ്യാറെടുപ്പുകൾ നടത്താൻ റ്റീരുമാനമായി. അപ്പോഴേക്കുമാണ് മന്ത്രി യോഗത്തിലേക്ക് വരുന്നത് അദ്ദേഹത്തോട് എല്ലാം വിശദമാക്കി, തീരുമാനം അറിയിച്ചു. കുറച്ചു നേരം നിശബ്ദനായി ഇരുന്ന ശേഷം മാന്ത്രി - " അതിപ്പോ വേണ്ട "
ഉദ്യോഗസ്ഥരും മറ്റു ജനപ്രധിനിധികളും ചേർന്ന് മന്ത്രിയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രെമിച്ചു. അവരുടെ ഒക്കെ വാക്കുകൾ കേട്ടിരുന്ന ശേഷം അദ്ദേഹം പറഞ്ഞു - എടുത്തുചാടി നമ്മൾ അങ്ങോട്ട് ചെല്ലുന്നത് ചിലപ്പോ അപകടം വിളിച്ചു വരുത്തും, കുറെ ആളുകൾ ഒന്നും ഇല്ലാതെ ആശുപത്രിയിൽ കിടക്കില്ലലോ. തത്കാലം മറ്റു അപകടങ്ങളും അപായങ്ങളും ഇല്ലാത്ത സ്ഥിതിക്ക് നമുക് വ്യക്തമായ ഒരു ദാരണയോടെ മാത്രം മുന്നോട്ടുള്ള പ്ലാൻ ഉണ്ടാക്കുന്നതാവും നല്ലത് - ആതീരുമാനത്തോട് മറ്റുള്ളവർക്കും യോജിക്കേണ്ടി വന്നു എടുത്തു ചാടി അപകടം ഉണ്ടാക്കണ്ട എന്ന് എല്ലാരും സമ്മതിച്ചു.
ഡിസ്ട്രിക് പോലീസ് ചീഫ് ചിത്ര ജേക്കബ് ഐ പി എസ് അതിനോട് കൂടി കുറച്ച നിർദേശങ്ങൾ സഹപ്രവർത്തകർക്ക് നൽകി. പലസമയങ്ങളിലായി ഡ്രോൺ നിരീക്ഷണം തുടരുക, പോലീസിന്റെ
രണ്ടോ മൂന്നോ ബോട്ട് കൾ ഇരുപത്തിനാലു മണിക്കൂറും തുരുത്തിനു ചുറ്റും നിരീക്ഷണം നടത്തുക. ഹോസ്പിറ്റലിൽനിന്നും ഡോക്ടർമാരുടെയും ആക്രമണത്തിനിരയായവരുടെയും മൊഴികൾ എടുത്ത് നടന്ന സംഭവത്തെക്കുറിച്ച ഒരു വ്യക്തത ഉണ്ടാക്കുക. ഒപ്പം സദാസമയവും പോലീസിന്റെയും ഫയർന്റെയും യൂണിറ്റ് വെമ്പായക്കാരിയിൽ സർവ്വ സന്നാഹത്തോടെ റെഡി ആയി നിൽക്കുക.
തത്ക്കാലം യോഗം അവസാനിപ്പിച്ച് എല്ലാവരും പുറത്തേക്കിറങ്ങി. മീഡിയ അവരെ വളഞ്ഞെകിലും കൂടുതലൊന്നും പറയാനില്ലെന്നും പത്രക്കുറിപ്പ് തരും എന്നും പറഞ്ഞു ചോദ്യങ്ങളിൽ നിന്നും എല്ലാവരും ഒഴിവായി. കാറിലേക്ക് കയറാനായി പോയ മന്ത്രി തിരികെ എസ് പി യുടെ അടുത്തേക്ക് വന്നു. വണ്ടിയിലേക്ക് കേറാനായി നിന്ന എസ് പി ചിത്ര ഐഎസ് - എന്താ എന്ന ചോദ്യം മുഖത് വിരിയിച്ചു. " ആ അമ്പലപ്പുഴെലെ ഒരു അമ്പലത്തിലെ തിരുവാഭരണവും വിഗ്രഹവും കളവു പോയിട്ട് പോലീസ് ഒരു ആക്ഷനും എടുത്തില്ലാന്നു കേട്ടല്ലോ - ആളെ അറിഞ്ഞിട്ടും ...... " - " സർ അത് ഈ തിരക്കിലായിപ്പോയി ഞാൻ അന്വേഷിച്ച് വേണ്ട നടപടികൾ എടുക്കാം സർ " -- "ശരി ശരി കമ്മറ്റിക്കാരും നാട്ടുകാരും ഒക്കെ എന്നെ കാണാൻ രാവിലെ വന്നിട്ടുണ്ടാരുന്നു "
ഭാഗം 7
അമ്പലപ്പുഴ പോലീസ് സ്റ്റേഷന് മുന്നിൽ കുറച്ച് നാട്ടുകാരായ ആളുകൾ കുത്തിയിരുപ്പ് സമരം നടത്തുകയാണ്. അമ്പലപ്പുഴക്ക് പടിഞ്ഞാറുമാറി പായൽക്കുളങ്ങര എന്ന പ്രദേശത്തെ ഒരു നമ്പൂതിരിയുടെ ഇല്ലാത്തോട് ചേർന്നുള്ള വളരെ പഴക്കം ചെന്ന ഒരു അമ്പലത്തിലെ വിഗ്രഹവും തിരുവാഭരണവും കളവു പോയി, ഒന്ന് രണ്ടു ദിവസം ആയിട്ടും, മോഷണം നടത്തിയ ആളെ അറിയാമായിട്ടുപോലും ഇതുവരെ പോലീസ് ഒരു നടപടിയും എടുത്തില്ലെന്നും പറഞ്ഞാണ് ആളുകൾ കുത്തിയിരുപ്പ് സമരം നടത്തുന്നത്.
വളരെ പുരാതനമായ വിലമതിക്കാനാകാത്ത അമൂല്യ വസ്തുക്കളാണ് കളവു പോയിരിക്കുന്നത്. അമ്പലം ദേവസ്വം ബോർഡ് ഏറ്റെടുത്ത് സംരക്ഷിക്കുന്നതിനുള്ള നടപടികൾ നടന്നു വരുന്നതിനിടയിലാണ് ക്ഷേത്രത്തിലെ വസ്തുക്കൾ മോഷണം പോയത്. ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രസിഡന്റ് ആയിരുന്ന കണ്ണൻ എന്ന നെച്ചിമറ്റത്തിൽ വിനോദ് ആണ് മറ്റുള്ളവരെ പറ്റിച്ച് മോഷണം നടത്തിയത്. വളരെ പ്ലാനോട് കൂടി കണ്ണൻ നടത്തിയ മോഷണം തൊണ്ണൂറു ശതമാനവും വിജയിച്ചെങ്കിലും അവസാനം.
മിനിങ്ങാന്നു അതായത് കഴിഞ്ഞ ബുധനാഴ്ച, നെച്ചിമാറ്റത്തിൽ വിനോദും ശങ്കരൻ നമ്പൂതിരിയും പിന്നെ ഒന്ന് രണ്ട് ക്ഷേത്ര സംരക്ഷണ സമിതി കമ്മറ്റി അംഗങ്ങളും ചേർന്ന് തിരുവനന്തപുരത്തിന് പുറപ്പെടുന്നു. മുൻകൂട്ടി അപ്പോയ്ന്റ്മെന്റ് എടുത്ത പ്രകാരം വ്യാഴാഴ്ച രാവിലെ ദേവാസ്വം മന്ത്രിയെകാണുകയും തുടർന്ന് ദേവസ്വം ബോര്ഡ് ഓഫീസിൽ പോയി ഏറ്റെടുക്കൽ നടപടികൾക്ക് വേണ്ട കാര്യങ്ങൾ ചെയ്യുകയുമാണ് അവരുടെ ആവശ്യങ്ങൾ. മന്ത്രിയുമായുള്ള അപ്പോയ്ന്റ്മെന്റ് രാവിലെ തന്നെ ആയതിനാൽ ബുധനാഴ്ച വൈകിട്ട് വിനോദിന്റെ കാറിൽ തിരുവനന്തപുരത് എത്തി ഒരു ഹോട്ടലിൽ റൂം എടുത്തു. തിരുവനന്തപുരത്തേക്ക് ആദ്യമായി വരുന്ന തിരുമേനിരെ അവർ നഗരം ചുറ്റിക്കാണിച്ച്, രാത്രി ഭക്ഷണവും കഴിഞ്ഞ് രാത്രിവൈകി മുറിയിലേക്ക്.
നന്ദൻകോട് ക്ലിഫ് ഹോക്‌സീനോട് അടുത്തായുള്ള ഹോട്ടലിൽ രണ്ടു മുറികളിലായി അവർ താമസിച്ചു രാവിലെ തന്നെ മന്ത്രിയെ കാണണം. ശങ്കരൻ നമ്പൂതിരി മുറിയിൽ കയറിയതും വിനോദന്റെ കയ്യിൽ കരുതിയ ഒരു ബോട്ടിഇൽ മദ്യം പൊട്ടിച്ചു ബാക്കി മൂന്നുപേരും കൂടി അടിച്ചു. വിനോദ് രണ്ടുപേർക്കും നന്നായി ഒഴിച്ച് കൊടുത്തു. പതിയെ കൂടെ ഇരുന്ന രണ്ടുപേരുടെയും ബോധം മറഞ്ഞുതുടങ്ങിയപ്പോൾ വിനോദിന്റെ ഫോൺലേക് ഒരു കാൾ വരുന്നു. കോള് കട്ടാക്കി ഫോൺ ബെഡിലേക് ഇട്ടിട്ടു വിനോദ് റൂമിനു പുറത്തുകടന്നു.
ഹോട്ടലിനു താഴെ ഒരു ബെകുമായി വിനോദിന്റെ കൂട്ടുകാരൻ അഫ്‌സൽ. അല്പം ഗൗരവം നിറഞ്ഞ മുഖത്തോടെ എല്ലാം ഒകെ ആണെന്ന് കൈകൊണ്ടു കാണിച്ചിട്ട് വിനോദ്, ജാക്കറ്റും ഹെൽമെറ്റും ധരിച് ബൈകിന്റെ പിന്നിലേക്കു കയറി. രാത്രിയിലും തിരക്ക് മറാത്ത നഗരതെരു വീദികളിലൂടെ ബൈക്ക് ശരവേഗത്തിൽ പാഞ്ഞു. ഏതാണ്ട് രണ്ടുമണിക്കൂർ സമയംകൊണ്ട് ബൈക്ക് അമ്പലപ്പുഴയിലെത്തി.
അമ്പലത്തിന്റെ കാര്യം നോക്കുന്ന, അടുത്ത് താമസിക്കുന്ന ആരും അവിടെ ഇല്ല എന്ന ധൈര്യത്തിൽ അവർ രണ്ടുപേരും കൂടെ രാത്രിയുടെ മദ്യയാമങ്ങളിൽ അമ്പലത്തിലെത്തുന്നു അഫ്സൽ പുറത്തു ബൈക്കിൽ കാത്തുനിന്നു . വിനോദ് അകത്തുപോയി കയ്യിൽ കരുതിയിരുന്ന ഡുപ്ലിക്കേറ്റ് കീകൾ ഉപയോഗിച്ച് വാതിലുകളും അലമാരകളും തുറന്നു അമൂല്യമായ വസ്തുക്കളായ വിഗ്രഹവും തിരുവാഭരണവും എല്ലാം കയ്യിലെ ബാഗിലേക്കാക്കി.
കയ്യിൽ കരുതിയ ചുറ്റിക ഉപയോഗിച്ച പോലീസ് കാരെ തെറ്റിധരിപ്പിക്കുന്നതിനായി വാതിലുകളും പൂട്ടുകളും അടിച്ചു തകർത്തു. ആഭരണങ്ങൾ ഇരുന്ന അലമാര അടിച്ചുപൊട്ടിച്ചു. ബാഗ് നിറയേ അമൂല്യ വസ്തുക്കളുമായി പുറത്തേക്കിറങ്ങി വന്നതും അഫ്സൽ ബൈക്ക് ഓണാക്കി. പെട്ടന്നാണ് അവരുടെ മുന്നിലേക്ക് ഒരാൾ വരുന്നത്. ആളെ കണ്ടതും പെട്ടന്ന് ബൈക്ക് എടുത്തുപോകാൻ നോക്കിയെങ്കിലും അപ്പോളത്തെ വെപ്രാളത്തിൽ ബൈക്ക് ഓഫായി പോയി.ഇവരുടെ പരുങ്ങലും തിരക്കും കണ്ട് അയ്യാൾ പെട്ടന്ന് അടുത്തേക്ക് വന്നു. എൽദോസ് ആരുന്നു അത് രാത്രിയിൽ കുന്നെപ്പിള്ളി സ്കറിയ യുടെ വീട്ടിൽ പോയിട്ട് തിരികെ ആരോ മെയിൻ റോഡ് വരെ ബൈക്കിൽ കൊണ്ടാക്കീട്ട് വീട്ടിലേക്കുള്ള ഇടവഴിയിലൂടെ നടന്നു വരികയായിരുന്നു എൽദോസ്. എൽദോസിനെ കണ്ടതും വിനോദ് ഒന്ന് പരുങ്ങിയെങ്കിലും ബൈക്കിൽ നിന്നിറങ്ങി ഓടി. അഫ്സലും ബൈക്ക് നിലത്തേക്ക്തള്ളിയിട്ട് വിനോദന്റെപിന്നാലെ തന്നെ ഓടി. വിനോദ് കുറച്ചുദൂരം പിന്നാലെ ഓടിയെങ്കിലും. ഇരുട്ടിന്റെ മറവിലേക്ക് അവര് രണ്ടും ഓടി മറഞ്ഞു.
ആ രാത്രിയിൽ തന്നെ അവിടെ ആളുകൂടി, വിനോദ് നാട്ടുകാരുടെ കൂടെ നിന്ന് അവരെത്തന്നെ ചതിക്കുകയായിരുന്നെന്നു നാട്ടിലാകെ പരന്നു. പോലീസ് എത്തി പ്രാഥമികമായ റിപ്പോർട്ടികൾ തയ്യാറാക്കി. നമ്പൂതിരിയേയും മറ്റു പ്രദാന കമ്മറ്റിക്കാരെയും തന്റെ സൗകര്യത്തിനു വേണ്ടി തിരുവനന്തപുരത്തേക്ക് ആർക്കും സംശയം ഉണ്ടാകാത്ത രീതിയിൽ മാറ്റിയെന്നും. തിരുമേനിയെയും മറ്റും പറ്റിച്ചു - തെളിവുകൾ ഉണ്ടാവാതിരിക്കാനായി സ്വന്തം കാറും മൊബൈൽ ഫോണും ഒക്കെ തിരുവന്തപുരത്തു തന്നെ വെച്ചുപോയതും പോലീസ് ആ രാത്രിയിൽ തന്നെ കണ്ടെത്തി. പക്ഷെ തിരച്ചിലുകൾ പലരീതിയിൽ നടത്തിയിട്ടും അവരെ കണ്ടെത്താനായില്ല.
അധികം ആര്ഭാടങ്ങളൊന്നും ഇല്ലാതെ തുടങ്ങിയ സമരം, പതിയെ ചാനലുകാർ ഏറ്റെടുത്തു തുടങ്ങി. അതുവരേ ചാനലുകളിൽ നിറഞ്ഞു നിന്ന ഭീകരജീവി - മറ്റു അപ്‌ഡേറ്റകൾ ഒന്നും ഇല്ലാത്തതിനാൽ പുതിയ വർത്തക്കുപിന്നാലെ ലോകം പാഞ്ഞു. വാർത്തകളും, എസ് പി യുടെ ഓഫീസിൽ നിന്നുള്ള ഇടപെടലും അമ്പലപ്പുഴ പോലീസിനെ കൂടുതൽ സമ്മർദ്ദത്തിലാക്കി. സമരം ചെയ്തവരുമായി ചർച്ച നടത്തി, സിഐ അവരോടു നാല്പത്തിയെട്ടുമണിക്കൂറിനുള്ളിൽ പ്രതികളെ പിടിക്കും എന്ന ഉറപ്പിൽ അവരെ സമാധാനിപ്പിച് സമരത്തിൽനിന്നും പിന്തിരിപ്പിച്ചു.
ഭാഗം 8
പോലീസ് തങ്ങളുടെ അന്വേഷണം കുറച്ചുകൂടി ഊർജിതമാക്കി. അന്വേഷണം കൂടുതലായും വിനോദിനെ ചുറ്റിപ്പറ്റി ആരുന്നു. കാരണം വിനോദന്റെ കൂടെ ഉള്ള ആളെ ആ നാട്ടുകാർക്ക് അത്ര പരിചയം ഉണ്ടായിരുന്നില്ല. വിനോദിന്റെ വീടും വീട്ടുകാരും, കൂട്ടുകാരും അവരുടെ ഫോണും എല്ലാം ഇപ്പോൾ പോലീസിന്റെ നിരീക്ഷണത്തിലാണ്. ടിവിയിലും സോഷ്യൽ മീഡിയ കളിലും വിനോദന്റെ ഫോട്ടോസ് നിറഞ്ഞു. പക്ഷെ അവരെങ്ങോട്ട് പോയെന്നു യാതൊരു തുമ്പും ആർക്കും കിട്ടിയില്ല.
ജില്ലയിലെ പോലീസ് സേന മൊത്തത്തിൽ കഷ്ട്ടപ്പെടുന്ന ഒരു ദിവസം ആരുന്നു അന്ന്. വെമ്പായക്കാരിയിൽ ഭീകരജീവിയും - അമ്പലപ്പുഴയിലെ മോഷണവുമൊക്കെയായി തിരക്കുപിടിച്ച ഒരു ദിനം തന്നെ ആരുന്നു. പൊന്നമ്പിളി തുരുത്തിനുചുറ്റും നട്ടുച്ച നേരത്തുപോലും പോലീസ് ബോട്ടുകൾ റൗണ്ട് അടിക്കുന്നു ഇടക്കിടക്ക് പൊന്നമ്പള്ളി തുരുത്തിലൂടെ ഡ്രോൺ പറത്തി ദൃശ്യങ്ങൾ ചിത്രീകരിച്ചു. പക്ഷെ യാതൊരുവിധത്തിലും അവിടുത്തെ അവസ്ഥാ എന്തെന്നോ അവിടെ സംഭവിച്ചതെന്തെന്നോ ആർക്കും പിടികിട്ടിയില്ല.
കോട്ടയത്തെ മെഡിക്കൽ കോളേജിലേക്കും ആലപ്പുഴയിൽ നിന്നൊരു സംഘം പോലീസുകാർ ഡോക്ടറുമ്മാരുടെ അടുത്തു നിന്നും വിവരങ്ങൾ ശേഖരിക്കാനായി പുറപ്പെട്ടു. കോട്ടയം മെഡിക്കൽ കോളേജിനു മുന്നിൽ സർക്കിൾ ഇൻസ്പെക്ടർ അലക്സിൻ്റ നേതൃത്വത്തിലുള്ള സംഘത്തെ മീഡിയ പ്രവർത്തകർ വളഞ്ഞു. റിപ്പോർട്ടർമ്മാരുടെ ചോദ്യങ്ങളെ അവഗണിച്ച് അവർ ആശുപത്രിയുടെ അകത്തേക്ക് പ്രവേശിച്ചു. റൗണ്ട്സിനു പോയ ഡോക്ടേഴ്സിനെയും പ്രതീക്ഷിച്ച് പോലീസുകാർ അവിടെ കാത്തിരുന്നു.
അതേസമയം അമ്പലപ്പുഴ പോലീസിൻ്റെ നേതൃത്തത്തിൽ വിനോദിന്റെ സഹായിയെ തേടി പോലീസ് വലഞ്ഞു. ഫ്രണ്ട്സിൻ്റ ലിസ്റ്റുകളും, കോൾ ലിസ്റ്റുകളുമൊക്കെ പോലീസ് പരിശോധിച്ചു. സംശയം തോന്നിയ വരെ ഒക്ക ഓരോരുത്തരെയായി വിളിപ്പിച്ച് ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഒരുതുമ്പും പോലീസിനു ലഭിച്ചില്ല. വിനോദിന്റെ ഫോണിലേക്ക് അവസാനം വന്ന നമ്പറിനെ ക്കുറിച്ച് അന്വേഷിച്ച് അവസാനം ബംഗാൾ സ്വദേശിയായ മോനി ബാബു എന്ന പേരിലേക്ക് പോലീസ് എത്തി. മോനിയുടെ നമ്പർ അരൂർ പാലം കഴിയുന്നതുവരെ ഓൺ ആയിരുന്നെന്നും പിന്നീട് ആ നമ്പറും ഫോണും ഉണ്ടായിട്ടില്ലെന്നും കണ്ടെത്തി. മോനി ബാബു വിൻ്റെ പേരിലുള്ള മറ്റൊരു നമ്പർകൂടി പോലീസ് കണ്ടെത്തിയെങ്കിലും ആ നമ്പരും നിലവിൽ സ്വിച്ചോഫാണ്.
ഭാഗം 9
മെഡിക്കൽ കോളേജിൽ ഡോക്ടർമാർ അവരുടെ നിഗമനങ്ങൾ പോലീസ് കാരോട് വിവരിച്ചു. ഒരാളുടെ അത്രയും വലുപ്പമുള്ള ജീവിയാണ് ഇത്. കാരണം പരിക്കേറ്റവർക്കെല്ലാം മുറിവുകൾ മുഖത്തും കഴുത്തിലും തോളിലുമൊക്കെയായാണ്. മുറിവുകളിൽ പലതും ദശ കടിച്ചു പറിച്ച പോലെയാണ്. മനുഷ്യന്റെ വായയുടെ അത്ര വലിപ്പം വരുന്ന വായിൽ ദംഷ്ട്രം പോലെ വശങ്ങളിൽ രണ്ടു പല്ലും അതിനിടയിലായി ചെറിയ പല്ലുകളുമാണെന്നാണ് പല മുറിവുകളിൽ നിന്നും മനസിലാവുന്നത്. പിന്നെ ഈ ജീവികൾ ഒന്നു മാത്രമാവാൻ സാധ്യതയില്ല, മുറിവുകൾ പല വലിപ്പത്തിലുണ്ട്. " ഇത് എന്തെങ്കിലും ജീവികൾ ആണേ - മനുഷ്യരുടെ ആക്രമണമാക്കാൻ സാധ്യതയുണ്ടേ ?", പോലീസുകാരിൽ ഒരാൾ സംശയം എന്നോണം ചോദിച്ചു. സീനിയർ ഡോക്ടർ അതിന് മറുപടിയായി - അത്തരം ഒരു തീരുമാനം ഒന്നും ഈ സാഹചര്യത്തിൽ എടുക്കാൻ കഴിയില്ല.. ഞങ്ങൾ കണ്ടത് പറഞ്ഞെന്നേ ഉള്ളൂ... പിന്നെ മനുഷ്യനാകാനുള്ള സാധ്യത വളരെ കുറവാണ്.
ആക്രമണത്തിനിരയായവരെ കണ്ട് വിവരങ്ങൾ അറിയാൻ..... പോലീസുകാരൻ ചോദ്യം മുഴുവനാക്കും മുന്നേ ഡോക്ടർ ഇടപെട്ടു. അവർക്കൊക്കെ സെഡേഷനുള്ള മരുന്നാണ് കൊടുത്തിരിക്കുന്നത്. എല്ലാവർക്കും തന്നെ നല്ല രീതിയിലുള്ള മുറിവുകളാണുള്ളത്. ഏതായാലും ഇന്ന് ഒരു എട്ട് മണിക്ക് ശേഷമേ അതിനെക്കുറിച്ച് നമുക്ക് എന്തെങ്കിലും പറയാൻ കഴിയൂ.....
പോലീസ് സംഘം ആലപ്പുഴയ്ക്ക് തന്നെ മടങ്ങി. വൈകിട്ട് ആശുപത്രിയിൽ നിന്നുള്ള വിവരത്തിനനുസരിച്ച് വീണ്ടും കോട്ടയത്തേക്ക് വരുന്നതിനെക്കുറിച്ച് തീരുമാനിക്കാം എന്ന് അവർ പ്ലാൻ ചെയ്തു.
അമ്പലപ്പുഴ സംഘം മേനി ബായിയുടെ പിന്നാലെ അല്പേരം ഓടിയെങ്കിലും, ഓട്ടം ശരിയായ ദിശയിലല്ലെന്ന് പോലീസിനു മനസിലായി. മോനിയുടെ പോലീസ് കണ്ടെത്തിയ പുതിയ നമ്പർ തിരുവനന്തപുരത്ത് കഴക്കൂട്ടം പരിധിയിൽ കഴിഞ്ഞ രണ്ട് ആഴ്ച്ചയായി ഉണ്ടന്നും, ഇന്ന് രാവിലെ പതിനെന്ന് മണിക്ക് ഓഫ് ആക്കുന്നതും ആ പരിധിയിൽ വയ്ച്ചാണെന്നു മനസിലായി. ഒപ്പം എൽദോസിന്റെ സാക്ഷിമൊഴിയിൽ നിന്നും - ഹെൽമറ്റ് വച്ചിരുന്നെങ്കിലും വ്യക്തമായി മലയാളം സംസാരിക്കുന്ന ആളാണെന്ന് മനസിലായി. എങ്കിലും മോനിയെക്കുറിച്ചേനേ ഷിക്കാൻ കഴക്കൂട്ടം സ്റ്റേഷനിലേക്ക് അറിയിപ്പും നൽകി.
അതിനിടയിൽ അരൂര് ഭാഗത്ത് അന്വേഷണം നടത്തിയ പോലീസിന് ഫോൺ ഓഫായി എന്ന് പറയുന്ന പ്രദേശത്തോട് ചേർന്ന് ഒരു ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്താനായി. വ്യാജ നമ്പർ ഘടിപ്പിച്ച ഒരു സ്പോട്സ് ബൈക്ക് . ബക്കിന്റെ ഫേട്ടോ തിരിച്ചറിഞ്ഞു ആ ബൈക്കിൽ തന്നെയാണ് വിനോദും സുഹൃത്തും വന്നതെന്ന് എൽദോസും സ്ഥിരീകരിച്ചു.
അങ്ങനെ ഒന്നും വ്യക്തമായില്ല എങ്കിലും അന്വേഷിച്ചറിന്റെ കുറച്ച തുമ്പൊക്കെ പൊലീസിന് കിട്ടി. ഏതാണ്ട് ഒരു ചെറിയ മൂടൽ പോലെ തെളിവുകൾ പോലീസ് ശേഖരിച്ചു. കൂടുതൽ വിവരങ്ങൾക്കായി വെമ്പായക്കാരിയിലും അമ്പലപ്പുഴയിലെ പോലീസ്‌കാർ നെട്ടോട്ടം ഓടി. അതിനിടയിൽ മുകളിൽ നിന്നും ഉള്ള ഫോൺ കോളുകളും അവരെ കറക്കി . പോലീസ് കാരുടെ എല്ലാം മുഖത് കഷ്ട്ടപ്പാടിന്റെ ദയനീയതയും, ദേഷ്യവും സമ്മിശ്രമായി തെളിയുന്നു
ഭാഗം 10
അച്ചുവേട്ടൻ പറമ്പിലെ പണിക്കാരുടെ ഒക്കെ അടുത്തുപോയി തിരികെ വീട്ടിലേക്ക് വന്ന്, ഉച്ചയോണും കഴിഞ്ഞ ഉമ്മറത്തെ ചാരുകസേരയിൽ ചാരികിടന്നു പോക്കറ്റിലെ മൊബൈൽ എടുത്ത് വട്സാപ്പും ഫേസ്ബുക്കും ഒക്കെ പരതി. എന്തൊക്കെയോ വീഡിയോസ് വാർത്തകൾ ഒക്കെയായി സമയം കടന്നു പോയി. അതിനിടയിൽ എവിടെനിന്നോ ഓപ്പൺ ആയ ലിങ്കിൽ വിനോദന്റെ ഫോട്ടോ. ' ഇത് അവനല്ലേ ഇന്നലെ വന്നവൻ ' അച്ചുവേട്ടൻ പെട്ടന്ന് എന്നേറ്റപ്പോയി ടി വി ഓൺ ആക്കി. കാര്യം വിഡിയോയിൽ കണ്ടത് സെരി തന്നെ അമ്പലപ്പുഴയിലെ അമ്പലം കുത്തിത്തുറന്ന് മോഷ്ട്ടിച്ച കേസിൽ പോലീസ് തിരയുന്ന രണ്ടുപേരിൽ ഒരാൾ . അധികം ആലോചിക്കാതെ തന്നെ അച്ചുവേട്ടൻ ഫോൺ എടുത്ത് ലോഡ്‌ജിലെ റിസെപ്ഷനിസ്റ്റും റൂം ബോയിയും ഒക്കെ ആയ നാട്ടുകാരാണ് പയ്യനെ വിളിച്ഛ് കാര്യം പറഞ്ഞു. താൻ വരുന്നതുവരെ അവരവിടെ തന്നെ ഇരിക്കട്ടെ എന്നും പറഞ്ഞു അച്ചുവേട്ടൻ കാൾ കട്ടാക്കി
തമിഴൻ പയ്യൻ അവർ റൂമിൽ തന്നെ ഉണ്ടോ എന്ന് നോക്കാനായി പതിയെ മുകളിലെ നിലയിലേക്ക് കയറി. അധികം ശബ്ദം ഉണ്ടാക്കട്ടെ കയറിച്ചെന്ന അവൻ, മുന്നിലെ ഒറ്റപ്പാളി ജനാല പതിയെ തുറന്നു അകത്തേക്ക് നോക്കി. ഒരാൾ കട്ടിലിലും മറ്റേ ആൾ മേശയോട് ചേർന്ന് കിടക്കുന്ന കസേരയിലും ഇരിക്കുന്നു. ആരും ഒന്നും മിണ്ടാതെ എന്ത് ചെയ്യണം എന്നറിയാത്ത ഭാവതിൽ നിർവികാരനായി ഇരിക്കുന്നു. പയ്യൻ പതിയെ ജനാല അടച്ചെങ്കിലും. തുരുമ്പിച്ച വിജാഗിരിയിൽ ഞരങ്ങുന്ന ശബ്ദം നിശബ്ദമായ റൂമിൽ പരന്നു. വിനോദും അഫ്സലും ജനാലയുടെ വശത്തേക്ക് നോക്കിയപ്പോളേക്കും അവിടെനിന്നും ഒരാൾ പെട്ടന്ന് ഓടിപ്പോകുംപോലെയും. പാലകത്തട്ടിനു മുകളിലൂടെ കല്‌പതിയുന്ന ശബ്ദവും അവർ ശ്രെദ്ദിച്ചു. ഇരുവരും മുഖത്തോടു മുഖം നോക്കി.
അപകടം മനസിലാക്കിയ ഇരുവരും അധികം സമയം കളയാതെ റൂം വാക്കേറ്റചെയ്യാൻ തയ്യാറായി താഴെ തമിഴന്റെ അടുത്തെത്തി. പക്ഷെ അവരെ പിടിച്ചുനിർത്താൻ പയ്യൻ പഠിച്ചപണി പതിനെട്ടും പയറ്റി. ഇടക്ക് മുതലാളിയെ വിളിച്ചെങ്കിലും വണ്ടി ഓടിക്കുന്നതിന്റെ ഇടയിൽ അച്ചുവേട്ടൻ കാൾ എടുത്തില്ല. വലിയ വകവാദങ്ങൾക്കപ്പുറം പയ്യനെ പറ്റിച്ചു രണ്ടുപേരും പുറത്തു കടന്നു. എങ്ങോട്ടെന്നില്ലാതെ നടന്നു. കണ്ട നാട്ടുവഴികളിലൂടെ ഒക്കെ നടന്നു . നടക്കുന്നതിനെതിരെ ദിശയിൽനിന്നും വന്ന ഒരു ബസിനു അവർ കൈ നീട്ടി ഗുരുവായൂരിലേക്ക് പോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്. എന്താണ് നാട്ടിൽ നടക്കുന്നതെന്ന് ദാരണയില്ലാതെ അഫ്സലും വിനോദും ബസിൽ ഗുരുവായൂരിലേക്ക് ടിക്കറ്റ് എടുത്തു.
ലോഡ്‌ജിലേക്കെത്തിയ അച്ചുവേട്ടൻ പയ്യനെ കണ്ണുപൊട്ടുന്ന ചീത്ത വിളിച്ചു - അല്ലേലും നിന്നെ ഏൽപ്പിച്ച എന്നെ പറഞ്ഞമാറ്റിയല്ലോ - പോലീസിൽ അറിയിക്കാം എന്ന് വെച്ചാൽ അച്ചുവേട്ടൻ തന്നെ കുടുങ്ങുമ്മ എന്നുള്ളത്കൊണ്ട്. പയ്യനോട് പറഞ്ഞു ആര് ചോദിച്ചാലും " അറിയില്ല. ഇവിടെ അവര് താമസിച്ചിട്ടില്ല .". ഐ ഡി പ്രൂഫ് ഒന്നും ഇല്ലാതെ റൂം കൊടുത്തതിനു പോലീസിന്ഇ വായിലിരിക്കുന്നത് കേൾക്കണമല്ലോന്നോർത് അവറുപോട്ടെ എന്ന് ആദ്മാഗദം പറഞ്ഞു.
ഉച്ചവെയിലിൽ ചൂടും വണ്ടിഓടുന്നതിൻറെ കാറ്റും അവർ പതിയെ മയങ്ങി. ഉറക്കം എന്നേക്കുമ്പോൾ വണ്ടി ഗുരുവായൂർ എത്തി. ആൾത്തിരക്കിന്റെ നഗര വീഥി. തിരക്കിനിടയിലേക് അവരേയും ഇറങ്ങി. നല്ല വിശപ്പുണ്ട് രാവിലെ ഓരോ ഏത്തപ്പഴം കഴിക്കാതെ ഉള്ളൂ. കയ്യിൽ അധികം പൈസ ഇല്ലെങ്കിലും തരക്കേടില്ലാത്ത ഒരു വെജിറ്റേറിയൻ ഹോട്ടലിൽ കയറി ഓരോ മസാലദോശ ഓർഡർ ചെയ്തു. കൈ കഴുകിയിട്ട് മസാലദോഷക്കായി ടാബ്ലെറ്റിൽ കാത്തിരിക്കുമ്പോൾ ചുവരിലിരിക്കുന്ന ടി വിയിൽ ഞെട്ടിക്കുന്ന വാർത്തകൾ. വിനോദിന്റെ ഫോട്ടോ ഇടക്കിടക്ക് മിന്നി മറഞ്ഞു പോകുന്നു. മറ്റുള്ളവർക്കദികം മുഖം കൊടുക്കാതെ അവർ അവിടെ ഇരുന്നു തിടുക്കത്തിൽ മസാലദോശ കഴിച്ച, മുഖം ആരുടേയും സ്രെദ്ധയിൽ പെടാതെ എങ്ങോട്ടെന്നില്ലാതെ വഴിയിലേക്കിറങ്ങി. തൊട്ടടുത്ത ഒരു ചെറിയ കടയിൽ കയറി അഫ്സൽ പേസ്റ്റ്, സോപ്പ് , ബ്രഷ് , ഷേവിങ്സ്റ്റ് എന്നിങ്ങനെയുള്ള കുറച്ച സാധനങ്ങൾ വാങ്ങി. അതിനിടയിൽ അവിടെകിടന്ന പേപ്പർ എടുത്ത് വിനോദ് വായിച്ചു.
വിനോദെ ഇനി എന്ത് ചെയ്യുമെടാ - ഗുരുവായൂരമ്പലത്തിന്റെ മുന്നിലെ നടപ്പാതലിനു സൈഡിൽ മുഖം കുനിച്ചിരുന്നു അവർ സംസാരിച്ചു. അഫ്സലിന്റെ കണ്ണുകളിൽ പേടിയും വിനോദിന്റെ കണ്ണുകളിൽ പ്രതീക്ഷയുടെയും ഭാവങ്ങൾ വിരിഞ്ഞു. നമ്മൾ എന്തായാലും പെട്ട്, പിടിക്കപ്പെടാതെ നോക്കണം പോലീസും ആ മാര്വാഡിയുടെ ആളുകളും. പോലീസിനേക്കാൾ പ്രശനം അവരാണ്. അവരുടെ ക്യാഷ് എന്തായാലും തിരികെ കൊടുക്കാൻ നമ്മുടെ കയ്യിൽ ഇല്ല. അവരോടു പറഞ്ഞപോലുള്ള സദനം നമ്മൾ കൊടുക്കണം. ബാക്കി ക്യാഷ് കൂടി കിട്ടിയാൽ നമുക് എന്തേലും ചെയ്യാം അല്ലാതെ... ഇപ്പോ നമ്മുടെ കയ്യിൽ ഒന്നും ഇല്ല. ഒരു വഴി തെളിയുന്നുണ്ട് നമുക് നോക്കാം.
(തുടരും...)