തിങ്കളാഴ്ച്ച യാത്ര, തൊടുപുഴക്കാരി സുന്ദരിക്കൊപ്പം
സമയം ആറ് മണി, ഉറക്കം വിട്ടുമാറാത്ത ആലസ്യത്തിൽ കൂത്താട്ടുകുളം ടൗൺ. ശനിയും ഞായറും കഴിഞ്ഞ് ജോലി സ്ഥലത്തേക്കുള്ള എന്റെ യാത്ര കൂത്താട്ടുകുളം കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിൽ നിന്നും ആരംഭിക്കുന്നു തിങ്കളാഴ്ച കളിലെ ഒരു യാത്ര. ഇത് ഒരു യാത്രാ വിവരണമല്ല ഒന്നരക്കൊല്ലക്കാലമായി ഓരോ തിങ്കളാഴ്ച്ചകളിലും തുടരുന്ന യാത്രയുടെ ഒരോർത്തെടുക്കൽ .
ഇരുട്ട് വിട്ടുമാറിയില്ല സൂര്യൻ മലകൾക്കപ്പുറത്തു നിന്ന് പുറത്തുവന്നിട്ടില്ല. വൈദ്യുതി വിളക്കുകളുടെ പ്രകാശം ബസ് സ്റ്റേഷനിൽ പരന്നു കിടക്കുന്നു. പല സ്ഥലങ്ങളിലേക്കു പോകാനുള്ള യാത്രക്കാരോരുത്തരായി വന്നു തുടങ്ങിയിട്ടേ ഉള്ളൂ. കട തുറന്ന് കടക്കാരൻ ചേട്ടൻ സാധനങ്ങൾ അടുക്കി വയ്ക്കുന്നു. സ്റ്റാന്റിൽ പാർക്ക് ചെയ്തിരിക്കുന്ന ബസുകൾക്കിടയിൽ ഒന്നോ രണ്ടോ ബസുകൾ യാത്ര പുറപ്പെടാൻ തയ്യാറായി ബോർഡും വയ്ച്ച് അകത്തെ ലൈറ്റുകളും തെളിയിച്ച് കിടക്കുന്നു. പുറത്ത് യാത്രക്കാരെ കാത്ത് കിടക്കുന്ന ഓട്ടോയിലെ ചേട്ടന്മാർ പാതി മയക്കത്തിലാണ്.
എന്റെ കാത്തുനിൽപിനു വിരാമമിട്ട് സ്റ്റാന്റിലേക്കുള്ള പാതി വെളിച്ചം വീണ വഴിയിലൂടെ അവൾ വന്നു, വെളുത്ത സുന്ദരി, തൊടുപുഴയിൽ നിന്നും വരുന്ന ആലപ്പുഴ ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് വേണാട് ബസ്, പകുതിയിലധികം ഒഴിഞ്ഞ സീറ്റുകൾ. ഞാൻ സാധാരണ ഇരിക്കുന്ന, മുന്നിലെ ഡോറിന്റെ തൊട്ടു പിന്നിലുള്ള സീറ്റ് തന്നെ എനിക്കു കിട്ടി. എന്റെ കയ്യിലുണ്ടായിരുന്ന രണ്ട് ബാഗുകളും ഞാൻ സീറ്റിൽ തന്നെ വയ്ച്ച് ഷട്ടർ പൊക്കി വെച്ച് ജനാലയോട് ചേർന്നിരുന്നു. സമയം വെയ്ക്കാൻ പോയ കണ്ടക്ടർ വന്ന് കയറിയതും ബസ് മുന്നോട്ട് നീങ്ങി. ഇനി അടുത്ത വെള്ളിയാഴ്ച്ച വൈകിട്ട് വരാം എന്ന ഭാവത്തിൽ ഞാൻ ഇരിക്കുമ്പോൾ ഒന്ന് ആലപ്പുഴ വരെ പോയി ഇപ്പൊ വരാം എന്ന ഭാവത്തിൽ തൊടുപുഴയുടെ സുന്ദരി സ്റ്റാന്റിനു പുറത്തു കടന്നു ഇരുപത്തഞ്ച് രൂപ പേഴ്സിൽ നിന്നെടുത്ത് വൈക്കത്തേക്കുള്ള ടിക്കറ്റ് എടുത്ത് ഭദ്രമാക്കി വെയ്ച്ചു.
എം.സി റോഡിൽ നിന്നും ബസുകൾ സ്റ്റാന്റിലേക്കു വരുന്ന വഴിയേ വൺവേ തെറ്റിച്ച് ഞങ്ങൾ എം.സി റോഡിലെത്തി. കെ.എസ്.റ്റി.പി യുടെ റോഡുപണിയുടെ ഭാഗമായി കുത്തി പൊളിച്ചിട്ടിരിക്കുന്ന റോഡിലൂടെ, കുഴിയും ചെളിയും ഒന്നും വകവയ്ക്കാതെ ഇരമ്പുന്ന ശബ്ദവുമായി പിന്നിൽ ഉയരുന്ന പൊടിയിൽ നിന്നും അവൾ എന്നെ പോലുള്ള യാത്രക്കാരെയും വഹിച്ച് മുന്നോട്ട് പായുകയാണ്.
ഇടുക്കി ജില്ലയിൽ നിന്നും യാത്ര ആരംഭിച്ച വണ്ടി ചോരക്കുഴി പാലം കഴിഞ്ഞതോടെ എറണാകുളം ജില്ലയിൽ നിന്നും കോട്ടയം ജില്ലയിലേക്ക് കടന്നു. പുതുവേലി സ്കൂളിനു മുന്നിലെ കയറ്റം കയറി വലത്തോട്ട് തിരിഞ്ഞ് വൈക്കം റോഡിൽ കയറിയ ആശ്വാസം അറിഞ്ഞ യാത്ര. രാത്രിയിൽ പെയ്ത മഴയോ മഞ്ഞുതുള്ളിയോ വീണ് കൂടുതൽ ഹരിതാഭമായ കൃഷിയിടങ്ങൾക്കും റബ്ബർ തോട്ടങ്ങൾക്കു നടുവിലൂടെയും വളഞ്ഞു തിരിഞ്ഞു കിടക്കുന്ന വഴിയിലൂടെയുള്ള ചെറിയ കയറ്റം കേറിയുള്ള യാത്ര.
ചെറിയ കയറ്റം കയറി അടുത്ത സ്റ്റോപ്പിലേക്കടുക്കുമ്പോൾ വഴിയോരത്ത് ഇരിക്കുന്ന ചെറിയ കുടിലുകൾ ഓലയോ ഷീറ്റോ കെട്ടിയ മേൽക്കൂര. ഇന്ന് വീടുവയ്ക്കാൻ മനുഷ്യൻ കോടികൾ മുടക്കുമ്പോൾ വഴിയരികിലെ പുറമ്പോക്കിൽ പരിമിതമായ സൗകര്യങ്ങളിൽ ഇവിടെ കുറെ ആളുകൾ
ചെറിയ കയറ്റം കയറി അടുത്ത സ്റ്റോപ്പിലേക്കടുക്കുമ്പോൾ വഴിയോരത്ത് ഇരിക്കുന്ന ചെറിയ കുടിലുകൾ ഓലയോ ഷീറ്റോ കെട്ടിയ മേൽക്കൂര. ഇന്ന് വീടുവയ്ക്കാൻ മനുഷ്യൻ കോടികൾ മുടക്കുമ്പോൾ വഴിയരികിലെ പുറമ്പോക്കിൽ പരിമിതമായ സൗകര്യങ്ങളിൽ ഇവിടെ കുറെ ആളുകൾ
വലിയ ഇറക്കവും ഇറങ്ങി വലിയ വളവുകളും താണ്ടി മുത്തോലപുരം പള്ളിയുടെ മുന്നിലെ സ്റ്റോപ്പിലെത്തി. ആധുനികമായ രീതിയിൽ മോഡി പിടിപ്പിച്ചിരിക്കുന്ന പള്ളി. പള്ളിയുടെ മുന്നിൽ നിന്നും ഒന്നോ രണ്ടോ പേർ കയറി. ആറു മണി കഴിഞ്ഞ് നേരം അധികമായിട്ടില്ലാത്തതിനാലാവാം ഇടുക്കി ക്കാരിയിൽ ചാർത്തിയിട്ടുള്ള മണി അധികം മുഴങ്ങാത്തത് .
വണ്ടി വീണ്ടും എറണാകുളം ജില്ലയിൽ. കാർഷിക മേഖലയായ ഇലഞ്ഞിയിലൂടെ ഒരു കുട്ടി കുറുമ്പിയേ പോലെ സ്റ്റാന്റിൽ കയറി സമയം കളയാനില്ലെന്നന മട്ടിൽ അടഞ്ഞു കിടക്കകുന്ന കടകൾക്കു നടുവിലൂടെ വിജന മായ വീഥിയിലൂടെ. "ഒരു സങ്കീർത്തനം പോലെ "- പെരുമ്പടവം എന്ന എഴുത്തുകാരനും ഇപ്പോഴത്തെ സാഹിത്യ അക്കാദമി ചെയർമാനു മായശ്രീ പെരുമ്പടവം ശ്രീധരൻ സാറിന്റെ നാട്ടിലൂടെ പെരുവയിൽ. അങ്ങനെ യാത്ര വീണ്ടും കോട്ടയം ജില്ലയിലൂടെ. പെരുവയിൽ അഞ്ചാറു പേർ ഇറങ്ങിയെങ്കിലും ഒന്നോ രണ്ടോ പേർ മാത്രമാണ് കയറിയത്.
മഞ്ഞു പുതച്ചു കിടക്കുന്ന കൃഷി ചെയ്യാത്ത പച്ച പുല്ല് പരന്ന പാടങ്ങൾ, വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയിലേക്ക് നീളുന്ന വീഥിയും ഇരുവശങ്ങളിലുമായി നിൽക്കുന്ന മരങ്ങളും. പ്രകൃതിയിൽ മനുഷ്യന്റെ കടന്നു കയറ്റം വ്യക്തമാക്കി മണ്ണു മാന്തി എടുത്തിടത്ത് ബാക്കിയായി നിൽക്കുന്ന പാറക്കല്ലുകളും , അങ്ങ് ദൂരെ കിഴക്കൻ മലയിൽ സൂര്യന്റെ വർണ കാഴ്ച്ചയും. പാറമടയുടെ ഭാഗങ്ങളും കാഴ്ച്ചക്കു വിരുന്നൊരുക്കി പിന്നോട്ട് പറയുന്നു.
വഴിയിൽ വാഹനങ്ങളുടേയും ആളുകളുടേയും തിരക്ക് കൂടി, തലയോലപറമ്പിൽ . കൂത്താട്ടുകുളത്തുകാർ കുറച്ചു നാളുകൾക്കു മുൻപുവരെ പുതിയ സിനിമകൾ കാണാൻ വന്നിരുന്ന സ്ഥലങ്ങളിലൊന്നാണ് തലയോലപ്പറമ്പ്, പണ്ടത്തെ ക്യൂൻ ഓഫ് ഷീബയും, നൈസും ഒക്കെ പേരുമാറിയെങ്കിലും അനിയത്തിപ്രാവിന്റെയും പൊന്തൻ മടയുടേയും ഓർമകൾ എനിക്കു സമ്മാനിക്കുന്നു. പള്ളിക്കവലയിൽ പാലാ, ഏറ്റുമാനൂർ റോഡ് ചേരുന്നിടത്ത് മദ്യ ഭാഗത്ത് എ.ജെ ജോൺ എന്ന പഴയ സ്വാതന്ത്ര സമര സേനാനിയുടെ പ്രതിമ. കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ നാടാണ് തലയോലപ്പറമ്പ്. വലതുവശത്തെ കടകൾക്കു പിന്നിലുള്ള ചന്ത. പ്രശസ്തമായ പാത്തുമ്മയുടെ ആട് എന്ന കഥയിലെ ഒരു പശ്ചാത്തലമായിരുന്നു. മൂവാറ്റു പുഴ ആറിനു കരയിലൂടെ ഏറെ നേരമെടുക്കാതെ തൊടുപുഴക്കാരി വൈക്കത്തെത്തി.
ഇവിടെയും സ്റ്റാന്റിലേക്ക് വൺവെ തെറ്റിച്ചെത്തിയ ബസിൽ നിന്നും ഇറങ്ങാൻ ഉള്ളവരോടൊപ്പം ബാഗും എടുത്ത് ഞാൻ ഇറങ്ങി. വൈക്കത്തപ്പന്റെ മണ്ണിൽ. തൊടുപുഴക്കാരി പെണ്ണിനോട് യാത്ര പറഞ്ഞ് ബാഗും നേരയിട്ട് കെ.എസ്.ആർ.ടി.സി സ്റ്റാന്റിലെ ബസുകൾ ക്കിടയിലൂടെ ഞാൻ നടന്നു. പുറത്ത് വഴിയരികിൽ കിടക്കുന്ന പ്രൈവറ്റ് ബസുകൾ. ഇപ്പോഴത്തെ നഗരസഭ ഷോപ്പിംഗ് കോപ്ലക്സ് ഇരിക്കുന്നത് മുൻപുണ്ടായിരുന്ന പ്രൈവറ്റ് ബസ് സ്റ്റാന്റിലാണ്. വഴിയരികിൽ ബസുകൾ കിടക്കുന്നതും ആളുകൾ ബസ് കാത്ത് വഴിയരികിൽ തന്നെ നിൽക്കുന്നതും അൽപം ഒരു തിരക്ക് ഇവിടെ അനുഭവപ്പെടുന്നു. തിരക്കിനിടയിലൂടെ ഞാൻ ബോട്ട് ജെട്ടി ലക്ഷ്യമാക്കി നടന്നു. താലൂക്ക് ആശുപത്രിയുടെ മുന്നിലെ മതിലിൽ സിനിമ പോസ്റ്ററുകളും സമ്മേളനത്തിന്റെയും മറ്റും ചുവരെഴുത്തുകൾ. ആശുപത്രി കവാടത്തിനോട് ചേർന്ന് പെൺ ഭ്രൂണ ഹത്യക്കെതിരെ ഉള്ള ബോർഡ്. ആശുപത്രിക്കു മുന്നിൽ റോഡിനു മറുവശത്തായി ഷീറ്റ് കൊണ്ട് കെട്ടിയിരിക്കുന്ന ചെറിയ കടകൾ , കടകൾ ഒന്നും തുറന്നിട്ടില്ല ഒന്നോ രണ്ടോ ലബോറട്ടറികൾ തുറന്നിട്ടുണ്ട് അവിടെ രാവിലെ തന്നെ തിരക്കും ഉണ്ട്.
ആശുപത്രി യുടെ മുന്നിലൂടെ മുന്നോട്ട് ചെന്ന് വലത്തോട്ട് തിരിഞ്ഞാൽ പഴയ ബോട്ട് ജെട്ടി കാണാം. ഇടത്തോട്ട് തിരിഞ്ഞ് ഏകദേശം ഒരു കിലോമീറ്റർ പോയാൽ വൈക്കം മഹാദേവക്ഷേത്രം. പഴയ ബോട്ട് ജെട്ടിക്കു സമീപത്തെ പുതിയ ജെട്ടിയിലേക്ക് ഞാൻ നടന്നു. 1924 ൽ ആരംഭിച്ച വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി മഹാത്മാ ഗാന്ധിയും ശ്രീനാരായണ ഗുരുവും ഒക്കെ വന്നിറങ്ങിയത് പഴയ ജെട്ടിയിലാണ്. പുതിയ ജെട്ടിയുടെ മുന്നിലുള്ള സത്യാഗ്രഹ സ്മാരകം പുതു തലമുറക്കു മുന്നിൽ വൈക്കം സത്യാഗ്രഹത്തിന്റെ ഓർമ്മകൾ പേറി തല ഉയർത്തി നിൽക്കുന്നു.
അടുത്ത ബോട്ട് എത്തി നാലു രൂപ ടിക്കറ്റ് എടുത്ത് ബോട്ടിൽ കയറി. വൈക്കം കായലിനെ തൊട്ടു തലോടിയെത്തുന്ന തണുത്ത കാറ്റിൽ കണ്ണുകൾ അടഞ്ഞു തുടങ്ങി അപ്പോഴേക്കും ബോട്ട് അക്കരെ തവണക്കടവിലെത്തി. അവിടെ നിന്നൊരോട്ടോ യിൽ ചേർത്തല ഇൻഫോ പാർക്കിലേക്ക് .
ഓട്ടോയ്ക്കു മുന്നിൽ ഇൻഫോപാർക്കിന്റെ വലിയ ഗെയ്റ്റ് തുറന്നു. പൂന്തോട്ടത്തിനു നടുവിലൂടെ നീളുന്ന വഴിയിലൂടെ പാർക്ക് ബിൽഡിംഗിനു മുന്നിൽ ഓട്ടോ നിന്നു. ഓട്ടോയിൽ നിന്നിറങ്ങി നടന്ന എനിക്കു മുന്നിൽ ചില്ലു വാതിലുകൾ താനേ തുറന്നു. മനസിനെയും കണ്ണിനെയും കാഴ്ച്ചകൾ കൊണ്ട് കുളിരണിയിച്ച യാത്ര ഇവിടെ വരെ. അടുത്ത യാത്രക്കുള്ള കാത്തിരിപ്പുമായി ഇനി ശീതീകരിച്ച മുറിയിലെ ജോലിത്തിരക്കിലേക്ക് .
ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. പുതിയ അറിവുകളാണ് കാത്തിരിക്കാം അടുത്തൊരു നല്ല യാത്രക്കായി