ഷോളയാർ കാടിന്റെ മടിത്തട്ട്
സുഹൃത്തുക്കൾക്ക് പത്താംനമ്പർ ബീഡി വാങ്ങാനാണ് അരുണിനൊപ്പം പുറത്തിറങ്ങിയത്. അസ്തമയ സൂര്യന്റെ കിരണങ്ങളേറ്റ് ചുവപ്പ് ചായം ചാർത്തി നിൽക്കുന്ന കുറ്റി പുല്ലുകളെ ചവിട്ടി മുന്നോട്ട് നടക്കുന്നതിനിടയിൽ കണ്ണിൽ പെടുന്ന ഓരോന്നും തമിഴിൽ എനിക്ക് പറഞ്ഞു തന്നു. തമിഴ് മനസിലാക്കാൻ ഉള്ള എന്റെ ബുദ്ധിമുട്ട് മനസിലാക്കി ഓരോ കാര്യങ്ങളും ഒന്നും രണ്ടും തവണ എനിക്ക് വിശദീകരിച്ചു തരുന്നുണ്ടായിരുന്നു അരുൺ. എ സി. ഉള്ള ഓഫീസ് കെട്ടിടവും, ഡി.റ്റി.എച്ചിന്റെ ഡിഷും, അയ്യാൾ ജനിച്ച ആശുപത്രിയും, ക്ലബ്ബും ഗ്രൗണ്ടും എല്ലാം അതിനു കാരണങ്ങളായി. പത്താം നമ്പർ ബീഡിയും വാങ്ങി തിരിച്ച് റൂമിലെത്തുന്നതു വരെ അയ്യാൾ പറഞ്ഞ ഓരോ വാക്കും ആ നാടിനെ ക്കുറിച്ചായിരുന്നു. ആ വാക്കുകൾ അയ്യാൾക്ക് ആ നാടുമായുള്ള ബന്ധം വരയ്ച്ചു കാട്ടുന്നു. അയ്യാളുടെ മനസിൽ നിറയെ ആ നാടാണ് , ഇപ്പോൾ അയ്യാളുടെ മനസിൽ മാത്രമല്ല ഞങ്ങളുടെ മനസിലും.
ലക്ഷദ്വീപ്, വയനാട് , പറമ്പിക്കുളം അങ്ങനെ പലസ്ഥലങ്ങൾ പല പ്ലാനുകൾ, ജോലി തിരക്കുകളിൽ നിന്ന് വിട്ടകന്ന് രണ്ടു ദിവസത്തെ യാത്ര പ്ലാൻ ചെയ്യുമ്പോൾ മണോമ്പള്ളി ഒരിക്കലും ലിസ്റ്റിൽ ഇടം പിടിച്ചിട്ടില്ലായിരുന്നു. ശനിയും ഞായറും പിന്നെ പൂജാ അവധികളും കൂടി നാലഞ്ചു ദിവസത്തെ അവധികൾ കാരണം പ്ലാൻ ചെയ്ത സ്ഥലങ്ങളിലൊന്നും താമസ സൗകര്യം ലഭിക്കാതെ പ്ലാനുകൾ പൊളിയുമ്പോളാണ് മണോമ്പള്ളിയിലേക്കുള്ള ചെക്ക് പോസ്റ്റുകൾ ഞങ്ങൾക്കു മുന്നിൽ ഉയരുന്നത്.
കത്തിയെരിയുന്ന മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ കേളമംഗലം പള്ളിയുടെ മുന്നിലെ കൊച്ചു ചായപ്പീടികയിൽ നിന്നും ചൂടു ചായയും കുടിച്ച് നിൽക്കുമ്പോൾ ദൂരേന്നു വരുന്ന ഓരോ വെളിച്ചവും തങ്ങൾക്കു പോകാനുള്ള കാറിന്റെതാണെന്ന പ്രതീക്ഷ നൽകി കടന്നു പോയി. അഞ്ചരയോടെ കാത്തിരിപ്പിനു വിരാമമിട്ട് രണ്ട് കാറുകൾ, പത്തു പേരടങ്ങുന്ന ഞങ്ങളുടെ സംഘത്തിന്റെ യാത്ര ഇവിടെ ആരംഭിക്കുന്നു.
അരൂർ ടോൾ ഗേറ്റ് ഞങ്ങളുടെ വണ്ടിക്കു മുന്നിൽ അടഞ്ഞെങ്കിലും കമ്പ്യൂട്ടർ തകരാറുമൂലം ടോളു കൊടുക്കാതെ രക്ഷപെട്ടു. വൈറ്റിലയിലേയും കുണ്ടന്നൂരിലേയും കുരുക്ക് മുറുകുന്നതിനു മുൻപേ തങ്ങൾക്കു മുന്നിലെ വിശാല മായ റോഡിലൂടെ, കൊച്ചി മെട്രോയുടെ കുതിപ്പിനായി തയ്യാറെടുക്കുന്ന മെട്രോ റെയിൽ പാലങ്ങൾക്കു കീഴിലൂടെ ആൾട്ടോ കെ.10 ഉം ബലേനോയും മുന്നോട്ട് കുതിച്ചു.
അങ്കമാലി കരയാപറമ്പ് സിഗ്നൽ ജംഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞതോടെ വഴിയുടെ മട്ട് മാറി. വീതി കുറഞ്ഞ വഴി, മറ്റു വാഹനങ്ങളുടെ തിരക്കില്ല. കാഴ്ച്ചക്ക് പച്ചപ്പ് കൂടുതൽ ചന്തം ചാർത്തുന്ന നാട്ടുവഴി. രാവിലെ ഒന്നും കഴിച്ചില്ല, വിശപ്പിന്റെ വിളി വന്നതോടെ തൊട്ടടുത്ത ജംഷനിൽ വഴിയരികിൽ വണ്ടി ഒതുക്കി. ചില്ലലമാരയും ബെഞ്ചും ഡസ്കും പുക പിടിച്ച ഭിത്തിയും പഴമയുടെ പ്രൗഡി വിളിച്ചോതുന്ന ചായക്കട, പക്ഷെ ഇത്രയും ആളുകൾക്ക് കഴിക്കാനുള്ളതൊന്നും അവിടില്ല എന്ന് ഹോട്ടലുകാരൻ പറഞ്ഞതോടെ വെച്ച കാൽ പുറകോട്ടെടുത്ത് തിരിച്ച് വണ്ടിയിലേക്ക്. "അടുത്തെങ്ങും വേറേ ഹോട്ടൽ ഇല്ല" ഹോട്ടലുകാരന്റെ മുന്നറിയിപ്പ്. യാത്ര വീണ്ടും തുടർന്നു
ആദ്യ ചെക്ക് പോസ്റ്റ് , ഓഫീസ് കെട്ടിടത്തിന്റെ വരാന്തയിലെ പഴയ തടി മേശക്കു പിന്നിലിരിക്കുന്ന ഫോറസ്റ്റ് ഓഫീസറുടെ അടുത്ത് വണ്ടി നമ്പർ പറഞ്ഞ് യാത്ര തുടർന്നു. സഞ്ചാരികളെ കാത്ത് ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിന്റെ ബോർഡും കമാനവും, വഴിയിലെ കുഴികളിൽ ഇറങ്ങി കയറി മെല്ലെ യാത്ര തുടർന്നു. ഓയിൽ പാം കോർപ്പറേഷന്റെ എണ്ണപ്പനകൾ കാവൽ നിൽക്കുന്ന വഴിയുടെ ഇരുവശങ്ങൾ, നിറം മങ്ങിയ കുമ്മായ ചുവരുകൾ ചന്തം ചാർത്തുന്ന തോട്ടം തൊഴിലാളികളുടെ കൊച്ചു കൊച്ചു വീടുകൾ. ഞങ്ങളുടെ മുന്നിലൂടെ ഒരു ലോറി നിറയെ തൊഴിലാളികൾ ഇല്ലാത്ത വഴിയിലൂടെ തോട്ടത്തിനകത്തെ കാടുകളിലേക്ക് ജീവിത പ്രാരാബ്ദങ്ങളെയും തലയിലേന്തി കാഴ്ച്ചക്കപ്പുറത്തേക്ക് മറയുമ്പോൾ, ഉല്ലാസത്തിനും അനന്ദത്തിനും വേണ്ടി കാട്ടിലേക്കുള്ള ഞങ്ങളുടെ യാത്ര ചാലക്കുടി പുഴയുടെ സൗന്ദര്യം നുണഞ്ഞ് മുന്നോട്ട്
ചാലക്കുടി പുഴക്കു കുറുകെ വെറ്റിലപ്പാറ പാലത്തിലൂടെ സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിനു മുന്നിൽ ചാലക്കുടി ആനമല റോഡിലേക്ക്. ഇനിയും പിടിച്ചു നിൽക്കാൻ വയ്യ, അടുത്ത ഒരു ഹോട്ടലിൽ തന്നെ കയറി.
ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ മരങ്ങൾക്കിടയിലൂടെയുള്ള ദൂരക്കാഴ്ച്ച പോലും ആസ്വദിക്കാതെ, ആതിരപ്പള്ളിയിലെ റോഡിൽ സഞ്ചാരികളുടെ തിരക്കു വരുന്നതിനു മുൻപേ വാഴച്ചാലിൽ ഫോറസ്റ്റിന്റെ ചെക്ക് പോസ്റ്റ് കടന്നു. പച്ചിലച്ചാർത്തകൾ സൗന്ദര്യം നൽകുന്ന വീതി കുറഞ്ഞ കാടിനു നടുവിലൂടെയുള്ള വഴി. കാഴ്ച്ചക്ക് ചന്തം ചാർത്തി ഇലകൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശം. മരച്ചില്ലയിലും വള്ളിപ്പടർപ്പിലും ചാടി മറിയുന്ന വാനരസംസംഘങ്ങൾ. മലക്കപ്പാറയിലെ ചെക്കിംഗ് കഴിഞ്ഞ് ചെക്ക് പോസ്റ്റ് കടന്നതോടെ കേരളത്തിന്റെ അതിര് കടന്നു.
50 വർഷങ്ങളുടെ ചരിത്രവും പേറി 1965 ൽ ചാലക്കുടി പുഴയ്ക്കു കുറുകെ നിർമിച്ച ഷോളയാർ ഡാമും, ഷോളയാർ ഡാം സിറ്റിയും പിന്നിട്ട് തേയില തോട്ടങ്ങൾക്കിടയിലൂടെ കാറുകൾ മുന്നോട്ട് പാഞ്ഞു. പിന്നിലായി ചിത്ര കാരന്റെ ക്യാൻവാസിലെന്ന പോലെ, ഷോളയാർ ഡാമിലെ വെള്ളക്കെട്ടും നീലാകാശവും തേയില തോട്ടങ്ങളും വർണ വിസ്മയം തീർത്ത് പ്രകൃതി.
മനോമ്പള്ളിയിലേക്കുള്ള ചെക്ക് പോസ്റ്റ് ഉയർന്നതോടെ യാത്രയുടേയും വഴിയുടേയും മട്ട് മാറി. വീതി കുറഞ്ഞ വഴി. ടാറിട്ട റോഡിന്റെ നടുവിൽ മുളച്ചു പൊങ്ങുന്ന പുൽ നാമ്പുകൾ അധികം വാഹനങ്ങൾ ഇതുവഴി സഞ്ചരിച്ചിട്ടില്ലെന്ന സത്യം വിളിച്ചോതുന്നു. കാടിന്റെ നിറം കൂടുതൽ കഠിനമാകുന്നു. കാണാമറയത്തുനിന്ന് പക്ഷികളുടെ കളകളാരവം, എഞ്ചിന്റെ ഇരമ്പലോടെ മെല്ലെ ഇറക്കമിറങ്ങുന്ന വണ്ടികൾക്കു മുന്നിൽ ഒറ്റയാനെ പോലെ ടി.എൻ ടി.സി യുടെ ബസ്, ബസിനെ കടത്തി വിടാൻ ഞങ്ങൾ അല്പം പ്രയാസപ്പെട്ടു. മണോമ്പള്ളിയിൽ നിന്ന് വാൽപാറയിലേക്ക് സർവ്വീസ് നടത്തുന്ന ഏക ബസ്സാണ് അത്. പിന്നീടങ്ങോട്ട് വേറെ വാഹനങ്ങളുടെ ശല്യമൊന്നുമുണ്ടായില്ല. ഇറക്ക മിറങ്ങി നേരേ ചെല്ലുമ്പോൾ തുരുമ്പിച്ച ബോർഡ് മണോമ്പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നു. വലിയ ആൽ മരത്തിനു കീഴിലൂടെ പാലം കടന്ന് ചെറിയ അമ്പലവും പിന്നിട്ട് ചെല്ലുമ്പോൾ നസീറിക്കയും അരുണും ഞങ്ങളെ കാത്ത് അവിടെ നിൽക്കുന്നുണ്ടായിരുന്നു.
തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡിന്റെ ഷോളയാർ പവർ ഹൗസും, ഓഫീസ് കെട്ടിടവും, ജോലിക്കാർക്ക് താമസിക്കാനുള്ള ചെറിയ വീടുകളുമാണ് മണോമ്പള്ളിയിലുള്ളത്. സഞ്ചാരികൾ അധികം കടന്നു വരാത്ത മണോമ്പള്ളിയിൽ സഞ്ചാരികൾക്കായി ഒരു ഗസ്റ്റ് ഹൗസ് ഫോറസ്റ്റ് ഡിപ്പാർട്ട് മെന്റും ഒരുക്കിയിട്ടുണ്ട്. വണ്ടിയിൽ നിന്നും സാധനങ്ങളെല്ലാം താമസമൊരുക്കിയ വീട്ടിനുള്ളിൽ വയ്ച്ചു. ആരുടെ കൂടെയും പോകാൻ തയ്യാറായി നിൽക്കുന്ന കുമ്മായം നിറം നൽകുന്ന ചുവരുകളുള്ള ഒരു കൊച്ചു വീട്. അടുക്കളയിൽ ഭക്ഷണത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് ഞാനും അരുണും പത്താം നമ്പർ ബീഡി വാങ്ങാൻ പുറത്തേക്ക് പോയത്. അരുണിന്റെ അപ്പ പവർ ഹൗസിലെ ജോലിക്കാരനാണ്. അരുൺ ജനിച്ചതും പഠിച്ചതും വളർന്നതുമെല്ലാം ഇവിടെ തന്നെ. വീടുകളിൽ തന്നെയാണ് ഇവിടുത്തെ കടകൾ, കടയിൽ നിന്നും പത്താം നമ്പർ ബീഡിയും നുറുക്കും വാങ്ങി തിരിച്ചെത്തുന്നതു വരെ അരുൺ മണോമ്പള്ളിയെക്കുറിച്ച് വാതോരാതെ സംസാരിച്ചു.
ഭക്ഷണം കഴിഞ്ഞ് വീണ്ടും പുറത്തേക്ക്. മലകളാൽ ചുറ്റപ്പെട്ടവനപ്രദേശം. ആളുകൾക്കിടയിലൂടെ ഓടി മറിയുന്ന കുരങ്ങന്മാരും അവയുടെ ശബദ്ധവും പക്ഷികളുടേയും കിളികളുടേയും കാണാ മറയത്ത് ഒളിച്ചിരുന്നുള്ള കളകളാരവങ്ങളും അതിനിടയിലൂടെ പവർ ഹൗസിലെ ജനറേറ്ററിന്റെ ശബ്ദംവും കാതുകളെ തേടി എത്തിക്കൊണ്ടേ ഇരുന്നു. മലകളാൽ ചുറ്റപ്പെട്ട വനപ്രദേശം, അതിലൊരു മലയുടെ മുകളിൽ നിന്ന് പാലു പോലെ താഴേക്കു പതിക്കുന്ന കാട്ടരുവി. പടിഞ്ഞാറൻ മലക്കു പിന്നിലൊളിക്കാൻ സൂര്യൻ തയ്യാറെടുക്കുന്നു, ഞങ്ങൾക്ക് വഴികാട്ടിയായി അരുൺ മുന്നിൽ നടന്നു. പവർ ഹൗസിനു പിന്നിലൂടെ കാടിനുള്ളിലൂടെ മരച്ചില്ലകൾ തട്ടിമാറ്റി കാട്ടരുവിയിലേക്ക്. പാറക്കെട്ടും ഉരുളൻ കല്ലും നിറഞ്ഞ കാട്ടരുവി. അസ്തിയിലേക്ക് തുളച്ചു കയറുന്ന തണുത്ത വെള്ളത്തിൽ ഒരു മുങ്ങിക്കുള്ളി. സൂര്യൻ മലകൾക്കപ്പുറം ഒളിച്ചു ഇരുട്ടിന്റെ കനം കൂടി, കാട്ടുവഴിയിലൂടെ മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ തിരിച്ച് റോഡിലെത്തി. അവസാന ടിപ്പ് പോയി വരാൻ തയ്യാറായി കിടക്കുന്ന റ്റി.എൻ.ടി.സി ബസ് മഞ്ഞ വെളിച്ചം തൂകി ചിരിക്കുന്ന വഴി വിളക്കുകൾ.
റൂമുകളിലേക്ക് തണുപ്പ് കൂടി വരുന്നു. അടുപ്പത്ത് ഭക്ഷണം തയ്യാറാകുന്നു. അടുപ്പിനു ചുറ്റും വട്ടം കൂടി ഇരുന്ന് സൊറ പറച്ചിൽ പതിയെ പാട്ടിലേക്കും അരുണിന്റെ ഡാൻസിലേക്കും വഴിമാറി. മൊബൈലും വാട്ട്സ്ആപ്പും, ഫെയിസ് ബുക്കും വഴി മാറി നിന്ന ഒരു രാവ്, ഭക്ഷണം കഴിഞ്ഞ് കിടന്നതെപ്പോളെന്നറിയില്ല. തണുത്ത രാവിൽ പുതപ്പിനെ പ്രണയിച്ച് ഉറക്കം.
രാവിലെ കിളികളുടെ ഒച്ചയിൽ ഉറക്കമുണർന്നു, തണുപ്പു മാറാത്ത അന്തരീക്ഷം. സൂര്യന്റെ പ്രഭാത കിരണങ്ങളേറ്റു വാങ്ങി ഒരു മോണിംഗ് വാക്ക് . അടിപിടി കൂടുന്ന കുരങ്ങൻമാരും പാറിപറന്നു വരുന്ന പക്ഷി കൂട്ടങ്ങളും, കോട്ടേഷ്സിനു മുന്നിലെ പുൽ പരപ്പിൽ ഓടികളിക്കുന്ന കുട്ടികളും കാഴ്ച്ചകൾക്ക് സൗന്ദര്യമേകി. നടത്തത്തിനിടെ കണ്ടുമുട്ടിയ ഗോവിന്ദൻ എന്ന മലയാളിയായ തമിഴൻ, മുപ്പതു വർഷത്തിലധികമായി മണോമ്പള്ളിയിലെ നാട്ടുകാരനായി സകുടുംബം താമസിക്കുന്ന ഈ ത്രിശൂരു കാരന്റെ മലയാളത്തിലേക്ക് അതിരുകൾ ഭേദിച്ച് തമിഴ് ഭാഷ. മലയാളവും തമിഴും കൂട്ടി കലർത്തി ഗോവിന്ദൻ ഞങ്ങളോട് മണോമ്പള്ളിയേക്കുറിച്ചും കേരളത്തെക്കുറിച്ചുമുള്ള വാർത്തകളും വിവരങ്ങളും പങ്കുവെയ്ച്ചു. ഗോവിന്ദന്റെ കഥകളും മണോമ്പള്ളിയുടെ കാഴ്ച്ചകളും ബാക്കിയാക്കി. കാഴ്ച്ചകൾ വറ്റാത്ത മണോമ്പള്ളിയിൽ നിന്ന് മടക്കം. ഇനിയും വരും എന്ന് മനസിലുറപ്പിച്ച് നസീറിക്കയോടും അരുണി നോടും യാത്ര പറഞ്ഞ് വണ്ടിയിൽ കയറി, ആൽ മരത്തിനു കീഴിലൂടെ അമ്പലവും പാലവും കടന്ന് മടക്കയാത്ര. മനസ്സും കണ്ണും നിറച്ച ഒരു പിടി കാഴ്ച്ചയും അനുഭവങ്ങളുമായി.