മൂന്നാറിനിപ്പുറം - മാങ്കുളം

"എങ്ങോട്ടാ യാത്ര ? " . വീട്ടുകാരുടേയും സുഹൃത്തുക്കളുടെയും ചോദ്യത്തിന് യാത്രയ്ക്കു മുന്നേ ഉള്ള ഉത്തരം മൂന്നാർ എന്നായിരുന്നത് യാത്ര കഴിഞ്ഞതോടെ മാങ്കുളം എന്നായി  മാറി.  മാാങ്കുളമെന്ന് കേൾക്കുന്നവരെല്ലാം നെറ്റി ചുളിച്ച് ആശ്ചര്യത്തോടെ മറ്റൊരു ചോദ്യം ചോദിക്കും. " മാങ്കുളമോ അതെവിടെയാ ?"

അതെ മാങ്കുളം. കേരളത്തിൻ്റെ കാശ്മീർ എന്ന വിളിപ്പേരുള്ള മൂന്നാറിനോട് ചേർന്ന് പശ്ചിമഘട്ട മലനിരയിലാണ് അധികമാരും അറിയാത്ത മാങ്കുളം ഗ്രാമപഞ്ചായത്ത്.  യാത്രയ്ക്കു മുന്നേ ഗൂഗിളിൽ നടത്തിയ പരതലിനൊടുവിൽ കിട്ടിയ കുറച്ചു വിവരങ്ങൾ മാത്രമാണ് എനിക്ക് മാങ്കുളത്തേക്കുറിച്ചുള്ള മുൻ അറിവുകളായി ഉള്ളത്.  കാട്ടാനക്കൂട്ടം വേനലിൽ വെള്ളം കുടിക്കാാനെത്തുന്ന ആനക്കുളമാണ് ഇവിടേക്കു വരുന്ന സഞ്ചാരികളുടെകളുടെ പ്രധാന ആകർഷണം. 2000 ത്തിൽ ഒക്ടോബർ രണ്ടാം തീയതി യിലാണ്  ഈ പഞ്ചായത്ത്  രൂപീകൃതമായത്. ടൂറിസത്തതിന് കൂടുതൽ ഊന്നൽ കൊടുക്കുന്ന പഞ്ചായത്തിൽ  ഇന്നും ആചാരാനുഷ്ഠാനങ്ങളിൽ തനിമ പുലർത്തുന്ന നിരവധിയായ ആദിവാസി ഗോത്രങ്ങൾ വസിക്കുന്നുണ്ട് .  തികച്ചും കാർഷിക സമ്പദ് വ്യവസ്ഥയിൽ തേയിലയും ഏലവും കാപ്പിയും റബ്ബറും നിറഞ്ഞ, വികസനത്തിൻ്റെ കടന്നു കയറ്റമെത്തിയിട്ടില്ലാത്ത  ഹരിത നിബിഡമായ ഒരിടം.

രണ്ടായിരത്തി പതിനെട്ടിലെ ഓഗസ്റ്റ് മാസത്തിൽ ഉഗ്ര സ്വരൂപിണി യായി, സംഹാരതാണ്ഡവമാടി കരകളെ കവർന്നെടുത്ത്,  ഇടുക്കി ഡാമിൽ നിന്ന് ജലവുമായി അറബിക്കടലിലേക്ക് കലിയിളകി ഒഴുകിയ പെരിയാർ മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ടാകും. എന്നാൽ പെരിയാർ വീണ്ടും വയലാറിൻറെ മധുരമാർന്ന ഈരടികൾ പോലെ കുളിരും കൊണ്ട് കുണുങ്ങി നടക്കുന്ന മലയാളിപെണ്ണായിരിക്കുന്നു.  ഇടുക്കിയുടെ മലനിരകളെ തഴുകി ഇറങ്ങുന്ന ഈ സുന്ദരിയായ  പെരിയാർ നദിയുടെ  മുകളിലൂടെ ആയിരത്തി തൊള്ളായിരത്തി മുപ്പ്പത്തി അഞ്ചിൽ  തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ പണികഴിപ്പിച്ച പാലത്തിലൂടെ ഹെെറേഞ്ചിന്‍റെ കവാടം കടക്കുന്ന ഓരോ സഞ്ചാരിയേയും രാജ പ്രൗഡിയിൽ തന്നെ തല ഉയർത്തി നിൽക്കുന്ന നേര്യമംഗലം പാലം ഇടുക്കിയുടെ വന്യമായ സൗന്ദര്യത്തിലേക്ക് സ്വാഗതം അരുളുന്നു. കടും പച്ച പ്പുതപ്പിട്ട കാട്ടു മരങ്ങൾക്കിടയിലൂടെ പ്രഭാത സൂര്യൻറെ കിരണങ്ങൾ വീണുകിടക്കുന്ന വീഥിയിലൂടെയുള്ള യാത്രക്കിടയില്‍ പലയിടത്തും നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന്‍റെ ശേഷിപ്പുകളായി മലയിടിഞ്ഞതും റോഡ് ഇടിഞ്ഞു താഴ്ന്നതും എല്ലാം ഭീതിയുടെ മുഖങ്ങളാണ് സമ്മാനിക്കുന്നത്. വാകമരങ്ങള്‍ പൂവിട്ടു നിൽക്കുന്നത് കീഴിലൂടെ ചീയപ്പാറ വെള്ളച്ചാട്ടവും വെള്ളറ വെള്ളച്ചാട്ടം പിന്നിട്ട് ഞങ്ങളുടെ അടിമാലിയിലേക്കുള്ള  ഈ യാത്രക്കിടയിൽ പുത്തന്‍ കാഴ്ച്ചകളായത് പ്രളയത്തിൽ തകര്‍ന്നടിഞ്ഞതിന്‍റെയും, അവയിൽ പലതിന്റെയും പുനര്‍ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നതുമായ കാഴ്ചകളായിരുന്നു.

കൂട്ടത്തിലുണ്ടായിരുന്ന സുഹൃത്തിന് പനിയുടെ ലക്ഷണം, ചെറിയ എന്തെങ്കിലും മരുന്ന് വാങ്ങി കൊണ്ട് അടിമാലിയിൽ നിന്ന് പോകാമെന്ന് തീരുമാനിച്ചു. മാങ്കുളത്തെത്തിയാൽ ആശുപത്രികളോ ക്ലിനിക്കുകളോ മരുന്ന് കടകളോ, ഉണ്ടാക്കുമോ എന്ന വലിയ നിശ്ചയമില്ല. അടിമാലി ഇടുക്കിയുടെ ഒരു പ്രധാന വാണിജ്യ വ്യാപാരകന്ദ്ര മാണ്.  സാധാരണ അടിമാലിയിൽ എത്തുന്നതോടെ കൂട്ടുകൂടാൻ ഒടി വരുന്ന തണുപ്പ് ഇത്തവണ  വെയിലിന്റെ കാഠിന്യത്തിൽ പേടിച്ച് ഒളിച്ച് നിൽക്കുകയാണെന്ന് തോന്നുന്നു. രാവിലെ ഒൻപത് മണിയോടടുക്കുന്ന സമയത്തിലും തണുപ്പിനെ കാളും ശരീരത്തിലേക്ക് അനുഭവപ്പെടുന്നത് വെയിലിന്റെ ചൂടായിരുന്നു. അടിമാലിയിൽ നിന്നും വീണ്ടും മൂന്നാറിലേക്കുള്ള മാർഗത്തിലൂടെ ഞങ്ങൾ യാത്ര തുടർന്നു, പച്ചയണിഞ്ഞു നിൽക്കുന്ന വലിയ കുന്നുകൾക്കും മലകൾക്കും മുകളിൽ കോടമഞ്ഞിന്റെ ദൃശ്യവിരുന്ന് യാത്രയ്ക്കിടയിൽ മനസ്സിൽ ശരിക്കും കുളിരു കോരി  ഇടുന്ന കാഴ്ച്ച തന്നെയായിരുന്നു അടിമാലി മൂന്നാർ റോഡിൽ, അടിമാലിയിൽ നിന്നേകദേശം പതിമൂന്നു കിലോമീറ്ററോളം സഞ്ചരിച്ചതോടെ  കല്ലാർ വട്ടയാർ എന്ന സ്ഥലത്തെത്തി. ഇനിയുള്ള നമ്മുടെ യാത്ര കല്ലാർ മാങ്കുളം റോഡിലൂടെയാണ് ഏകദേശം പതിനെട്ട് കിലോമീറ്റർ.

അടിമാലി മൂന്നാർ റോഡിൽ നിന്നും ഇടത്തോട്ട് സ്റ്റീയറിംഗ് തിരിച്ച് കല്ലാർ മാങ്കുളം റോഡിലേക്ക് കയറിയതോടെ ആ ഇടുങ്ങിയ റോഡിൽ കാടിൻറെ കാഴ്ചകൾ വിശാലമാവുകയായിരുന്നു. ഏലവും കാപ്പിയും തേയിലയും ഇരുവശങ്ങളിലും തിങ്ങിനിറയുന്ന, പൂത്തുലഞ്ഞു നൃത്തം ചെയ്യുന്ന കാട്ടു ചെടികൾ അതിർവരമ്പ് തീർക്കുന്ന വഴി. എതിരെ വരുന്ന വാഹനങ്ങൾക്ക് വളരെ ആയാസപ്പെട്ട് വഴിയൊരുക്കി മുന്നോട്ടു പോകുന്ന ഓരോ നിമിഷവും അത്ഭുതപ്പെടുത്തുന്ന കാഴ്ചകളായിരുന്നു മുന്നിൽ തെളിയുന്നത്. റിസോർട്ടു കളുടെയും ഹോംസ്റ്റേ കളുടെയും ബോർഡുകൾ വഴിയിൽ പലയിടത്തും ഉയർന്നു നിൽക്കുന്നു. കേരളത്തിന്റെ പഴയകാലഘട്ടത്തിന്റെ സ്മരണകൾ പേറി നിൽക്കുന്ന കൊച്ചു കവലകളും കടകളും. ഇതിനിടയിൽ സാധാരണക്കാരുടെ ചെറു വീടുകളും വീടുകളും, പച്ച വിരിച്ച വലിയ കുന്നിൻചരിവിൽ അമ്പലങ്ങളും പള്ളികളും കാഴ്ചകളിൽ മിന്നിമറയും. വഴിയോരത്ത് കൊച്ചരുവി വേനലിലും കണ്ണുനീര് തെളിമയോടെ ഒഴുകിയകലുന്നു. ഉരുളൻ കല്ലുകൾ നിറഞ്ഞ അരുവിയുടെ കരകളിൽ മാനംമുട്ടെ നിൽക്കുന്ന വലിയ മരങ്ങൾ. ആ മരച്ചില്ലകളിൽ ഇരുന്ന് മലയണ്ണാനും വേഴാമ്പലും ഉൾപ്പെടുന്ന പക്ഷിമൃഗാദികൾ യഥേഷ്ടം നാദം പൊഴിച്ചു കൊണ്ടേയിരിക്കുന്നു. വലിയ മരക്കൂട്ടങ്ങൾക്കിടയിൽ നിന്നും വീണ്ടും പുറത്തു കിടന്നു. നീലാകാശത്തിന് താഴെ മലനിരകൾ അതിനോടുചേർന്ന് യൂക്കാലി മരങ്ങൾ ഇടതൂർന്നു നിൽക്കുന്ന തേയിലത്തോട്ടങ്ങൾ. അതാ മുന്നിൽ തെളിയുന്നു ഇക്കോ എക്സോട്ടിക്കയുടെ ബോർഡ്, ഞങ്ങൾ റൂം ബുക്ക് ചെയ്തിരിക്കുന്നത് അവിടെയാണ്. വളഞ്ഞ് പിരിഞ്ഞ് കിടക്കുന്ന പോലത്തെ വഴിയും കയറി ചെങ്കൽ പടവുകളും കടന്ന്
ചെക്കിൻ നടപടികൾ പൂർത്തിയാക്കി ബാഗുകൾ റൂമിൽ വച്ച് ക്യാമറയും തൂക്കി പുറത്തേക്കിറങ്ങിയപ്പോൾ ഞങ്ങളെയും കാത്ത് താഴെ ഒരു പഴയ മഹീന്ദ്ര ജീപ്പുമായി രതീഷ് കാത്തുനിൽപ്പുണ്ടായിരുന്നു ഒൻപത് പേരടങ്ങുന്ന സംഘത്തെ ഇനിയുള്ള മണിക്കുറുകൾ ഈ ജീപ്പിനും രതീഷിനും ഒപ്പമാണ്. എറണാകുളത്ത് ഒരു ഡെക്കറേഷൻ കമ്പനിയിലെ ഡ്രൈവർ ആണ് രതീഷ്, ഇതുപോലുള്ള ട്രിപ്പുകൾ ഒത്തുവരുന്ന ദിവസം രതീഷ് എറണാകുളത്തു നിന്നും വണ്ടി കയറും. ഇവിടെ എത്തുന്ന സഞ്ചാരികളെ തന്റെ വണ്ടിയിൽ കാട് കാണിക്കാൻ. അല്പം ആയാസപ്പെട്ട് ആണ് ഞങ്ങൾ ഒൻപത് പേരുടെ ജീപ്പിന്റെ അകത്തെ ഇരുത്തം. ഇറക്കങ്ങളും വളവുകൾ നിറഞ്ഞ വഴിയിലൂടെ തലേന്ന് പെയ്ത വേനൽ മഴയിൽ ചെളി നിറഞ്ഞു കിടക്കുന്ന പാതയിലൂടെ അധികം വേഗത്തിൽ അല്ലാതെ മാങ്കുുളത്തേക്ക്. 

മാങ്കുളം ഗ്രാമത്തിലെ കാഴ്ചകൾ നിന്ന് കാഴ്ചകളിലേക്ക് ഞങ്ങളെയുംകൊണ്ട് ജീപ്പിൻറെ ചക്രങ്ങൾ ഉരുണ്ടു. ബ്ലൂട്ടൂത്ത് സ്പീക്കറിൽനിന്നുയരുന്ന സംഗീതത്തിനൊപ്പം താളം പിടിച്ചും പാട്ടുപാടിയുമുള്ള യാത്രയുടെ ആദ്യ ഇടവേള
മാങ്കുളം ടൗണിലായിരുന്നു. വഴിയുടെ ഇരു വശങ്ങളിലുമായി പഴയതും പുതിയതുമായ ഏതാനും കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന പല തരത്തിലുള്ള വ്യാപാരസ്ഥാപനങ്ങൾ. സഞ്ചാരികളെ കാത്തിരിക്കുന്ന കടകളോയിരുന്നില്ല അവയൊക്കെ. ഇവിടുത്തെ ജനങ്ങളുടെ നിത്യോപയോഗ സാധനങ്ങളുടെ വ്യാപാര സ്ഥാപനങ്ങളാണ് അവയെല്ലാം. കുളിക്കാനായി തോർത്ത് വാങ്ങാനാണ് ആണ് അവിടെ ഞങ്ങൾ വണ്ടി നിർത്തിയത്. അതിനിടയിലാണ് ഞങ്ങളുടെ ശ്രദ്ധയിലേക്ക് ആ കാഴ്ച്ച പെടുന്നത്, അവിടെ നിർത്തിയിട്ടിരിക്കുന്ന ഓട്ടോറിക്ഷകളിൽ അധികം പ്രായം തോന്നിക്കാത്ത ഒരു യുവാവിൻറെ പടത്തിനൊപ്പം ആദരാഞ്ജലികൾ എഴുതിയ പോസ്റ്ററുകൾ. കാര്യം തിരക്കിയ ഞങ്ങൾ ശരിക്കും ഞെട്ടി നാലഞ്ചു ദിവസങ്ങൾക്ക് മുന്നേ പാമ്പുകടി ഏറ്റതാണ്. അടിമാലിയിലെ ആശുപത്രിയിൽ ആദ്യം എത്തിച്ചെങ്കിലും അവിടെ വാക്സിൻ ഇല്ലാത്തതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ അവിടേക്ക് പോകാൻ ഉള്ള ബുദ്ധിമുട്ടിൽ അവർ തിരിച്ചുപോരുകയും പച്ച മരുന്നുകൾ അരച്ചിട്ട് ദിവസങ്ങൾ കഴിയുന്നതിനിടയിൽ ആണ് ഈ അത്യാഹിതം സംഭവിച്ചിരിക്കുന്നത്. പഴയകാല രീതികളിൽനിന്ന് മുഴുവനായും പറിച്ചു നടത്ത ഒരു സംസ്കാരത്തെയാണ് ഈ സംഭവം നമുക്ക് മുന്നിൽ വരച്ചുകാട്ടുന്നത്. നാട്ടുവൈദ്യത്തിൽ മാത്രം വിശ്വസിക്കാതെ മറ്റൊരു ആശുപത്രിയിൽ പോയിരുന്നു എങ്കിൽ ഒരു പക്ഷെ !. 

മനസിൽ ഓട്ടോയുടെ ഗ്ലാസിൽ പതിപ്പിച്ച ചിത്രം മാഞ്ഞു തുടങ്ങും മുൻപേ ഇരുവശങ്ങളിലും ഈറ്റകൾ അതിരുവിരിക്കുന്ന കോൺക്രീറ്റ് ചെയ്ത പാതയിലൂടെ ഗർജിക്കുന്ന ശബ്ദത്തോടെ കയറ്റം കയറി ജീപ്പ് ഞങ്ങളെയും കൊണ്ട് സമുദ്ധമായ കൃഷിയിടങ്ങൾക്കു നടുവിേലേക്കാണ് എത്തുന്നത്. ഭീതിയുടെ അശം ഉള്ളിൽ ജനിപ്പിക്കുന്ന തരത്തിെലെ യാത്ര, ചെമ്മണ്ണ് ചായം നൽകിയ പാറക്കല്ലുകൾ ഇളകി കിടക്കുന്ന  മറ്റൊരു കയറ്റത്തിനു കീഴിലായ് ഒരു  കൊക്കോ മരത്തണലിനു കീഴിലായി അവസാനിച്ചു. ഇനി ബാക്കി ഈ കാനന പാത നടന്നു തന്നെ കയറണം. തലക്കു മുകളിൽ ഉദിച്ചു നിൽക്കുന്ന സൂര്യൻ്റെ കടും ചൂടിൽ നിന്നും ഞങ്ങളെ രക്ഷിക്കാൻ, കൃഷിയിടങ്ങളിലെ വൻമരങ്ങൾക്കോ ഈറ്റക്കാടുകൾക്കോ കഴിഞ്ഞില്ല. കയ്യിലെ തോർത്ത് മുണ്ടും തലയിലിട്ട് മുകളിലേക്ക് കയറുമ്പോൾ ഉള്ളിൽ നിന്നും ഒരു ചോദ്യം തികട്ടി വന്നു.
" ഈ പെടാ പാട് കഴിച്ച് കേറുന്നത്  എന്ത് കാണാനാണോ ?"
ആയാസപ്പെട്ട് കുന്നുകയറി മുകളിലെത്തുമ്പോൾ, മുകളിലെ പാറയിൽ നിന്നും സൂര്യകിരണങ്ങളിൽ തട്ടി തിളങ്ങി താഴേക്ക് തട്ടു തട്ടുകളിലായി പാലു പോലെ പതഞ്ഞ് പതിക്കുന്ന ഒരു കൊച്ചു വെള്ളച്ചാട്ടം. 

"രതീഷേ... സൂപ്പർ , എന്താ ഈ വെള്ളച്ചാട്ടത്തിന്റെ പേര്. ? "
" ഇത് മുപ്പത്തി മൂന്ന് "
പേരു വളരെ വിചിത്രമായിരിക്കുന്നു . അധികം ശക്തിയിലല്ലാതെ താഴേക്ക് ഒഴുകി ഉറങ്ങുന്ന മുപ്പത്തി മൂന്നിലെ തെളിനീരിനെ കൈക്കുമ്പിളിലാക്കി മുഖത്തേക്ക് ഒഴിച്ചതോടെ അതുവരെ ഏറ്റ വെയിലിന്റെ ചൂട് തണുത്തുറഞ്ഞതുപോലെ. പാറക്കല്ലുകൾക്കിടയിലൂടെ മരത്തിന്റെ വേരുകളിൽ പിടിച്ച് മുകളിലെ തട്ടുകളിലെത്തുന്നതിലൂടെ കാഴ്ച്ചയുടേയും തട്ടുകൾ ഉയരുന്നു. അവസാന തട്ടിലെ ജലപാതത്തിൽ നിന്നുള്ള കുളി ബാത്ത് റൂമുകളിലെ ഷവറുകളിൽ കുളിച്ചു ശീലിച്ച ശരീരത്തിന് പുതിയ അനുഭൂതി തന്നെയായിരുന്നു. മറ്റ് സഞ്ചാരികളുടെ തിരക്കില്ലാത്തതിനാൽ മതി വരുവോളം മനസും ശരീരവും തണുപ്പിച്ച കുളിക്കു ശേഷമായിരുന്നു. മുപ്പത്തിമൂന്നിൽ നിന്നുള്ള മടക്കം.

ഇനി പെരുമ്പൻ കുത്തിലേക്കാണ്. ഞങ്ങൾക്കായി ഉണ്ടാക്കിയ തനി നാടൻ ഭക്ഷണം രതീഷിന്റെ വീട്ടിൽ നിന്നും വണ്ടിയിലെടുത്തു വയ്ച്ചായിരുന്നു ആ യാത്ര. വഴിയിൽ പലയിടത്തും പ്രളയത്തിന്റെ അതി ഭീകരകാഴ്ച്ചകൾ ആയിരുന്നു. നിലം പൊത്തി ക്കിടക്കുന്ന വീടുകളും, പാലങ്ങളും എല്ലാം തീഷ് ചൂണ്ടി കാണിച്ചു കൊണ്ടേയിരുന്നു ആ യാത്രയിലുടനീളം. നമ്മൾ ഇപ്പോൾ പോയ്ക്കൊണ്ടിരിക്കുന്ന ഈ റോഡ് പോലും പ്രളയത്തിൽ തകർന്ന ശേഷം വീണ്ടും കെട്ടി ഉയർത്തിയതാണെന്ന് രതീഷിന്റെ വിവരണങ്ങൾക്കൊപ്പം പുറത്തുവന്നു. വഴിയുടെ ഇരുവശത്തും കൊച്ചു കൊച്ചു വീടുകൾ.  അത്തരമൊരു കൊച്ചു വീടിന്റെ മുന്നിൽ നിക്കറിടാതെ കരിപുരണ്ട ഷർട്ടും ഇട്ട് , ഷർട്ടിന്റെ ഒരറ്റം വായിലാക്കി ഞങ്ങളെയും ജീപ്പിനെയും അത്ഭുതത്തോടെ നോക്കി നിൽക്കുന്ന ബാലനും തൊട്ടടുത്ത അംഗൻവാടിയിലെ കുരുന്നുകളുടെ അത്ഭുതം സ്പുരിക്കുന്ന കണ്ണുകളും പിന്നിലേക്ക് അകലുമ്പോൾ. അധിക സഞ്ചാരികൾ അതുവഴി വരാറില്ല എന്നതിന്റെ സൂചനകളാണ് നൽകുന്നത്. ടാറിങ്ങ് കഴിഞ്ഞു .. കോൺക്രീറ്റും കഴിഞ്ഞു ഇനിയും ഉരുളൻ കല്ലുകൾക്കു മുകളിലൂടെയാണ് യാത്ര. വണ്ടിയിലെ ഭക്ഷണപാത്രങ്ങൾ മറിയാതെ പിടിച്ചുള്ള യാത്ര. ഓലയും ഷീറ്റും മേൽക്കൂരക്ക് അടക് നൽകുന്ന അകത്ത് ഇരുട്ട് കട്ടപിടിച്ച ഒരു കടയ്ക്കപ്പുറം വണ്ടി വീണ്ടും ഒതുക്കി.

പെരുമ്പൻ കുത്തിലെ ജലാശയത്തിനു ചുറ്റുമായി വലിയ വൃക്ഷങ്ങൾ തണൽ വിരിക്കുന്നതിനു കീഴിൽ വലിയ പാറക്കെട്ടുകൾക്കു മുകളിൽ , മാമ്പഴ പുളിശ്ശേരിയും മീൻ വറുത്തതും മീൻ കറിയും കപ്പളങ്ങ തോരനും ഒക്കെ കൂട്ടി സ്വാദിഷ്ടമായ ഉച്ചഭക്ഷണം അകത്താക്കി. കാലങ്ങളായി പാറയ്ക്കു മുകളിലൂടെ ഒഴുുകുന്ന കാട്ടരുവികളിലെ ജലം പാറയ്ക്കക്ക് മുകളിൽ ശിൽപികൾ തോറ്റു പോകുമഴകോടെ കുഴികളും രൂപ മാറ്റങ്ങളും വരുത്തി അതി മനോഹരമാക്കിയിരിക്കുന്നു. ശരിക്കും അത്ഭുതപ്പെടുത്തന്ന കാഴ്ച്ചകളാണ് അവിടെ. തട്ടു തട്ടായി കിടക്കുന്നതിനു മുകളിലെ പാറകൾക്കു മുകളിൽ ഓടി കളിച്ചിരുന്ന കുട്ടിപ്പട്ടാളം ഞങ്ങളെ കണ്ട മാത്രയിൽ ഈറ്റക്കാടുകൾക്കു പിന്നിൽ മറഞ്ഞു. ഒരു പക്ഷെ അതിനപ്പുറത്തെെവിടെയോ താമസമാക്കിയതോ, ജീവിതമാർഗ്ഗമായി ഈറ്റ വെട്ടുന്നതിനു വന്നവരുടെ കുട്ടികളോ ആവാം അതുവഴി ഓടിക്കളിച്ചിരുന്നത്. നമ്മുടെ നാട്ടിലെ കുട്ടികളെല്ലാം മൊബൈലിന്റെയും ടാബ്ലറ്റ് കമ്പ്യൂട്ടറിന്റെയും സ്ക്രീനുകൾക്ക് മുന്നിലേക്ക് ചുരുങ്ങുമ്പോൾ. ഇവിടുത്തെ കുട്ടിപ്പട്ടാളം കാടിന്റെ വിശാലതയിലേക്ക് ചിറകുകൾ വിരിക്കുകയാണ്.

ഇവിടുത്തെ ജനങ്ങളുടെ ഒരു പ്രധാന വരുമാന മാർഗ്ഗമാണ് ഈറ്റവെട്ടുന്നത്. പെരുമ്പൻ കുത്തിലെ മരത്തണലിൽ മുഖത്ത് വാർദക്യത്തിന്റെ ചുളിവുകളുമായി വിശ്രമിക്കുന്ന ഈറ്റവെട്ടുകാരിലൊരാൾ ഞങ്ങളുടെ അവിടുത്തെ കളികളും തമാശകളും ഒക്കെ കണ്ട് നിർവ്വികാര ഭാവത്തോടെ ഒരു പാറയ്ക്കു മറവിലായി ഇരിപ്പുണ്ടായിരുന്നു. ഞങ്ങളുടെ സാരഥിയായ രതീഷിന്റെ അച്ചനും അമ്മയും എല്ലാം ഈ ഈറ്റ വെട്ടി ജീവിക്കുന്നവരാണ്. മഴക്കാല മായാൽ അക്കരെ പോയുള്ള ഈറ്റ വെട്ടൽ ഉണ്ടാകില്ല. " അത് പട്ടിണിയുടെ കാലമാണ് - " സർക്കാരിൽ നിന്നും ലഭിക്കുന്ന സൗജന്യ അരി കൊണ്ട് കഞ്ഞി ഉണ്ടാക്കി മുളകും പൊട്ടിച്ചാണ് മഴക്കാലമത്രയും ഇവിടുത്തെ പല കുടുംബങ്ങളും കഴിഞ്ഞ് പോകുന്നതെന്ന് പറയുമ്പോൾ രതീഷിന്റെ വാക്കുകൾക്ക് ഒരു ഇടർച്ചയുണ്ടായിരുന്നു. പെരുമ്പൻ കുത്തിലെ രതീഷ് ചൂണ്ടിക്കാണിച്ച ആഴം കുറഞ്ഞിടത്ത് ഐസ് പോലെ തണുത്ത വെള്ളത്തിലേക്ക് കുളിക്കാനിറങ്ങിയതും മാനത്തു നിന്നും മഴത്തുള്ളികൾ വീണു തുടങ്ങി. മഴ പെയ്താൽ ക്ഷണനേരത്തിൽ ചിലപ്പോൾ വലിയ തോതിൽ വെള്ളം ഒഴുകി വരുനുള്ള സാഹചര്യം മനസിലാക്കി മനസില്ലാ മനസ്സോടെ പെരുമ്പൻ കുത്തിൽ നിന്നും ഞങ്ങൾ യാത്രയായി.

മഴ ശക്തമായിരിക്കുന്നു. റബ്ബർ തോട്ടങ്ങളിൽ മഴയ്ക്കൊപ്പം മഞ്ഞിന്റെ മൂടലും കൂട്ടിനെത്തി. റോഡിലൂടെ കുത്തിയൊലിച്ചൊഴുകുന്ന ചളിവെള്ളം വശങ്ങളിലേക്ക് തെറിപ്പിച്ച് കൊണ്ട് ജീപ്പ് ആനക്കുളത്തേക്ക് മെല്ലെ ഉരുണ്ടു. മാങ്കുളത്തിന്റെ പ്രധാന ടൂറിസം ആകർഷണം ആനക്കുളത്താണ്. മഴക്കാലമായാൽ ആനകൾ വെള്ളം കുടിക്കാൻ വരാറില്ലെന്നാണ് പറയുന്നതെങ്കിലും. കോരിച്ചൊരിയുന്ന ആ മഴയിലും ഒന്നു രണ്ടു ജീപ്പുകളിലായി സഞ്ചാരികൾ അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. _ "പേടി ഇല്ലെങ്കിൽ നമുക്ക് മറ്റൊരു സ്ഥലത്ത് പോയാലോ?" രതീഷ് ചോദിച്ചതും എല്ലാവരും സമ്മതം മൂളിയതും ഒരുമിച്ചായിരുന്നു. ഉള്ളിൽ എന്താണ് എന്ന ഉദ്ഘണഠ ഉണ്ടായിരുന്നെങ്കിലും എല്ലാവർക്കും ഒപ്പം ഞാനും സദൈര്യം സമ്മതം മൂളി. വീണ്ടും മഴയത്ത് ചോരുന്ന ജീപ്പിൽ ഞങ്ങളുടെ യാത്ര തുടർന്നു. വീതി കുറഞ്ഞ ചെളി നിറഞ്ഞ വഴിയിലൂടെ റബ്ബർ തോട്ടങ്ങൾക്കു നടുവിലൂടെ പറക്കല്ലുകൾ നിറഞ്ഞു കിടക്കുന്ന ഒരു ചപ്പാത്തിലേക്കായിരുന്നു അത് ചെന്നു നിന്നത്.

വേനൽക്കാലമായതിനാൽ വെള്ളം വറ്റിക്കിടക്കുന്ന ഒരു വലിയ ജലാശയമാണ് അത്. അതിലെ ഓരോ പാറക്കല്ലുകൾക്കും മുകളിലൂടെ ആടി ഉലഞ്ഞ് ജീപ്പ് ഒരു കല്ലിൽ നിന്നും ഒരു കല്ലിലേക്ക് മെല്ലെ നീങ്ങി. വീണ്ടും കാടുപോലെ മരങ്ങൾ തിങ്ങി നിൽക്കുന്ന ഇടുങ്ങിയ കാട്ടു പാതയിലൂടെ,  ജലാശയത്തിന്റെ മറ്റൊരു ഭാഗത്ത് ഞങ്ങൾ എത്തി. അവിടെ മുട്ടൊപ്പം വെള്ളം പരന്നൊഴുകുന്ന നദി. ആ നദിയിലൂടെ നീന്തി ജീപ്പ് മറുകരയിലെത്തി. ഇനിയും മുന്നോട്ട് പോകാം അവിടെയും കാഴ്ച്ചകൾ ഉണ്ട് സാഹസികതയുണ്ട് പക്ഷെ മഴ പെയ്ത് ചെളിയായ വഴിയിലെ യാത്ര അത്ര സുരക്ഷിതമല്ല - ഇനിയത്തെ വരവിന് അവിടെ പോകാം - ഞങ്ങൾ ആ റിസ്കി യാത്ര ഉപേക്ഷിച്ചു. അവിടെ ഇറങ്ങി കാടിനു നടുവിലെ നദിയിൽ കുളിച്ചും, കാനന ഭംഗി ആവോളം ആസ്വദിച്ചും ചിത്രങ്ങൾ പകർത്തിയും ചിത്രങ്ങൾക്ക് പോസ് ചെയ്തും. ഒട്ടേറെ സമയം അവിടെ ചിലവഴിച്ചു.

വീണ്ടും ഞങ്ങൾ മടങ്ങി ആനക്കുളത്തെത്തി. സന്ധ്യ മയങ്ങി തുടങ്ങുമ്പോൾ അവിടെ സഞ്ചാരികളുടെ എണ്ണം കൂടിയിരിക്കുന്നു. മഴ പെയ്തു പോയതിന്റെ മൂകതയിലും പുഴയ്ക്കപ്പുറത്തെ കാട്ടിൽ നിന്നും  കാട്ടാനക്കൂട്ടം വെള്ളം കുടിക്കാൻ വരുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. ഞങ്ങൾക്ക് അത്ര പ്രതീക്ഷയില്ല. കാത്തിരിപ്പിന്റെ സമയം കൂടുമ്പോൾ ഇരുട്ട് പടരുന്ന ആനക്കുളത്തെ പുഴയുടെ ഇക്കരയിലെ മൈതാനത്ത് വോളീബോൾ കളിക്കുന്ന നാട്ടുകാരും. അതിനും ഇപ്പുറം വഴിയിൽ  സഞ്ചാരികളും അവരുടെ വാഹനങ്ങളും. റോഡിനു മറുവശത്ത് ചെറുകടകളും ഒരു കുരിശടിയും ഒരു കൊച്ച് അമ്പലവും എല്ലാം ആനക്കൂട്ടത്തെ കാണാൻ കഴിഞ്ഞില്ലെങ്കിലും സഞ്ചാരികൾക്ക് ഇക്കാലത്തെ കൗതുക കാഴ്ച്ചകൾ തന്നെയാണ് ഒരുക്കുന്നത്.

ഇനി ഒരു ചായ കുടിക്കാം. ആനക്കുളത്തെ കൊച്ച് കവലയോട് ചേർന്ന് തന്നെ  ചായക്കടയുണ്ട്. അരണ്ട വെളിച്ചം  പടർത്തി നിൽക്കുന്ന കരിപുരണ്ട ബൾബും, ചില്ലലമാരയും, ബഞ്ചും, ഡെസ്കും ഒക്കെയായി ഒറ്റ മുറിയും അതിനോട് ചേർന്നൊരു ചായ്യ്പ്പും. ഇന്ന് പേരിൽ തന്നെ ഹോട്ടലെന്നും, മോട്ടലെന്നും, റെസ്റ്റോറന്റെന്നു മെക്കെ യുളള  പരിഷ്കാരങ്ങളും നക്ഷത്ര പദവികളുമൊക്കെ  നേടി ഭക്ഷണശാലകൾ ആഡംബര മാകുമ്പോൾ, ഓർമ്മയിൽ തന്നെ കരിപുരണ്ടു പോയ ഒരു തനി പഴയ കാല നാട്ടിൻ പുറത്തെ ചായക്കട തന്നെ. ചില്ലലമാരയിൽ അവശേഷിച്ച നാലഞ്ച് പഴംപൊരി ത്തങ്ങൾ പങ്കിട്ടു കഴിച്ചു. കൂട്ടത്തിൽ നല്ല ചൂടൻ കട്ടൻ ചായയും. ചെറുതണുപ്പ് നിറഞ്ഞ മഴ പെയ്ത് തോർന്ന സായംസന്ധ്യയിൽ ഇരുട്ട് അരിച്ചരിച്ച് ഇറങ്ങി. അപ്പോഴും മൈതാനത്ത് വോളീബോൾ കളി പുരോഗമിക്കുകയാണ്. സഞ്ചാരികളെല്ലാം  അപ്പോളും ആനക്കൂട്ടത്തെയും കാത്തു നിൽക്കുക യാണ്. ആനക്കൂട്ടത്തെ കാണാൻ നിന്നവരിൽ ചിലർക്കൊക്കെ ചെറിയൊരു സംശയം, ഈ ആനക്കൂട്ടമെത്തുമ്പോൾ വോളിബോൾ കളി നിർത്തുമോ എന്ന്. എന്നാൽ പാറയ്ക്ക് അടിയിൽ ഊറുന്ന സ്വാദിഷ്ഠമായ ഓര് വെള്ളം കുടിക്കാനായി ഇറങ്ങുന്ന കൊമ്പനും പിടിയും കുറുമ്പൻമ്മാരും അടങ്ങുന്ന  സംഘം കാടിന്റെ അതിർഥി കടന്ന് ഇപ്പുറത്തേക്ക് വരാറില്ലെന്നും. കളിക്കുന്നവർ അവിടെ കളിക്കുമെന്നും കാഴ്ച്ച കാണുന്നവർ ഇവിടെ നിന്ന് കാഴ്ച്ച കാണുമെന്നും, പൊടിപ്പും തൊങ്ങലും വയ്ച്ച് കഥ പറയുന്ന നാട്ടുകാർ ആൾക്കൂട്ടത്തിനിടയിലിരുന്ന് പറഞ്ഞു. കാടിന്റെ നിറം കറുപ്പായിരിക്കുന്നു. ഇനിയും കാത്തു നിൽക്കുന്നതിൽ കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ് ഞങ്ങൾ മടങ്ങി. പോയതിലും ദൂരം തിരിക്ക ഉണ്ടെന്ന തോന്നലിൽ വിരി പാറയിലെ റിസോർട്ടിലെ റൂമിലേക്ക്. ഇളം തണുപ്പിൽ സുഖകരമായ ഉറക്കത്തിലേക്ക്. നാളെ നേരം പുലരുന്നതോടെ ചെറിയ ഇടവേള എടുത്തു പോന്ന പഴയ ജീവിതത്തിലേക്ക്  മടക്കയാത്ര തുടങ്ങും. ഇനിയും ഏറെ കാണാനും ആസ്വദിക്കാരം  മാങ്കളത്ത് വിസ്മയങ്ങൾ കാത്തിരിക്കുന്നുണ്ട് എന്ന ഓർമ്മപ്പെടുത്തലോടെ, സുഖകരമായ ഉറക്കത്തിലേക്ക്.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തിങ്കളാഴ്ച്ച യാത്ര, തൊടുപുഴക്കാരി സുന്ദരിക്കൊപ്പം

ഒരു ദിനം, വാഗമൺ പരുന്തുംപാറ പഞ്ചാലിമേട്

കാഴ്ച്ചയുടെ ഉയരങ്ങളിൽ മനസിന്റെ പൂക്കാലം