മഞ്ഞിന്റെ വിസ്മയം വിരിക്കുന്ന കോട്ടപ്പാറ



പുലർകാലെ അഞ്ചരയോടടുക്കുമ്പോൾ ഞങ്ങൾ കോട്ടപ്പാറ മലയുടെ മുകളിലാണ്. വലിയ തിരക്കു തന്നെയാണ് ഈ കുന്നിൻ മുകളിൽ. മലമുകളിലെ ഇടുങ്ങിയ വീഥിയുടെ ഇരുവശങ്ങളിലും വാഹനങ്ങളുടെ നീണ്ട നിര തന്നെയുണ്ടെങ്കിലും വീണ്ടും വീണ്ടും നിരനിരയായി സഞ്ചാരികളുടെ വാഹനങ്ങൾ കുന്നുകയറി എത്തിക്കൊണ്ടേയിരിക്കുകയാണ്. വാഹനങ്ങളുടെ വെളിച്ചവും ഒന്നോ രണ്ടോ ചെറിയ മാടക്കടയിലെ അരണ്ടവെളിച്ചവുമൊഴിച്ചാൽ കോട്ടപ്പാറ ഇരുളിന്റെ കയത്തിൽത്തന്നെയാണ്.  മഞ്ഞിൻ കണങ്ങളെ താലോലിച്ച് നാണം കുണുങ്ങി നിൽക്കുന്ന പുൽനാമ്പുകൾ പാദത്തെ  തഴുകി തലോടുന്ന നടപ്പു വഴിയിലൂടെ, മൊബൈൽ ടോർച്ചിനെ നുറുങ്ങുവെട്ടത്തിൽ ഞങ്ങൾ  ആയിരക്കണക്കിനു കണ്ണുകൾ മഞ്ഞിന്റെ വിസ്മയം വിരിയുന്നത് കാണാൻ കാത്തു നിൽക്കുന്ന കുന്നിൻ ചരിവിലേക്കെത്തി .


അധിക കാലമായിട്ടില്ല കോട്ടപ്പാറ ഇത്ര ഫേമസ് ആയിട്ട് . ഒന്നു രണ്ട് വർഷങ്ങൾക്കു മുൻപ് സമൂഹമാധ്യമങ്ങളിലൂടെ നാട്ടിൽ പരന്ന കോട്ടപ്പാറയുടെ ചിത്രങ്ങളും വീഡിയോകളും എഴുത്തുകളുമാണ് കോട്ടപ്പാറ തേടിയെത്തുന്നവരുടെ ഒഴുക്കിന് തുടക്കമിടുന്നത്.  പുലർച്ചെ ഏഴ് ഏഴര വരെ മാത്രം തെളിയുന്ന മത്തിന്റെ മാസ്മരിക കാഴ്ച്ച ഡിസംബർ ജനുവരി മാസങ്ങളിലാണ് കൂടുതലായി കാണാൻ കഴിയുന്നതെങ്കിലും ഒക്ടോബർ മാസത്തിന്റെ ഈ തുടക്ക നാളുകളിൽ ഇത്രയധികം ആളുകൾ മികവുറ്റൊരു കാഴ്ച്ച പ്രതീക്ഷിച്ച് കാത്തു നിൽക്കുന്നതും ഒരു അത്ഭുതം തന്നെയാണ്.

മഞ്ഞിന്റെ നാടു തന്നെയാണ് ഇടുക്കി. നട്ടുച്ചക്ക് പോലും കോടയിറങ്ങുന്ന മലരണിക്കാടുകൾ നിറഞ്ഞ നാട്. എന്നാൽ ഇടുക്കിയിലേക്ക് അധികം സഞ്ചരിക്കാതെ തന്നെ ഇവിടെ മഞ്ഞിന്റെ ദൃശ്യ ചാരുത നിറയുന്നു.  തൊടുപുഴയിൽ നിന്നും 22 KM ഉം മൂവാറ്റുപുഴ കോതമംഗലം എന്നിവിടങ്ങളിൽ നിന്ന് യഥാക്രമം 28 ഉം 25 ഉം കിലോമീറ്റർ ദൂരവുമാണ് കോട്ടപ്പാറയിലേക്കുള്ളത്. വണ്ണപ്പുറം- മുള്ളരിങ്ങാട് റോഡിന്റെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കോട്ടപ്പാറയിലേക്കുള്ള  ഇടുങ്ങിയ വഴിയുടെ ഇരുവശങ്ങളിലും ഏതു കാലത്തും ഏതു നേരത്തും കാഴ്ച്ചയുടെ വിസ്മയ ലോകം തന്നെയാണ് കാത്തിരിക്കുന്നത്. 

കിഴക്കൻ മലനിരകൾക്കപ്പുറം സൂര്യൻ പതിയെ തല ഉയർത്തുമ്പോൾ വെളിച്ചം വീശുന്ന കോട്ടപ്പാറയുടെ മുകളിലെ കാഴ്ച്ചകൾ, കാത്തു നിന്ന കണ്ണുകളെ നിരാശപ്പെടുത്തിയില്ല. അവർണ്ണനീയമായ കാഴ്ച്ചയുടെ അനുഭവമാണ് . വണ്ണപ്പുറത്തിനും കാളിയാറിനുമൊക്കെ മുകളിലൂടെ കടലുപോലെ വിദൂരതയിലേക്ക് നീളുന്ന മഞ്ഞിന്റെ പുതപ്പ്.അതിനും മുകളിലായി മഞ്ഞിൻ കണങ്ങൾ വീണു തിളങ്ങി നിൽക്കുന്ന പച്ചപ്പുൽനാമ്പുകളും, കാറ്റിനൊപ്പം താളം പിടിച്ചു തലയാട്ടി നിൽക്കുന്ന കുറ്റിചെടികളും, പിന്നിലായി  ഉയർന്നു നിൽക്കുന്ന വൻ മരങ്ങളും കഴ്ചയുടെ  ഫ്രെയിംകളെ കണ്ണെഴുതി പൊട്ടുതൊടീച് കൂടുതൽ സുന്ദരിയാക്കുന്നു .  കിഴക്കേ ക്യാൻവാസിൽ സൂര്യൻ ചായം ചാലിക്കുന്നതോടെ കാഴ്ച്ചകൾക്ക്  പത്തരമാറ്റാകുന്നു. മഞ്ഞില്ലാത്ത സമയങ്ങളിലിവിടെ എത്തിയാൽ വണ്ണപ്പുറം ടൗണിന്റെ ആകാശകാഴ്ച്ചയാണ് പ്രധാനം. വൈകുന്നേരങ്ങളിൽ കാഴ്ച്ചയുടെ ഭാവം വീണ്ടും മാറും. വൈദ്യുത ദീപങ്ങളാൽ അണിഞ്ഞൊരുങ്ങുന്ന വണ്ണപ്പുറത്തിന്റെയും സൂര്യാസ്ഥമനത്തിന്റെയും സുന്ദര ദൃശ്യങ്ങളാകും  .

സമയം കടന്നു പോകും തോറും കാറ്റിനൊപ്പം പഞ്ഞിക്കെട്ടുപോലുള്ള മഞ്ഞിൽ മേഘം അലിഞ്ഞൊഴുകി പോകും. താഴെ വണ്ണപ്പുറം ടൗണിന്റെ കാഴ്ച്ചകൾ തെളിയും. കാഴ്ച്ചക്കാർ പതിയെ കോട്ടപ്പാറ മലയിറങ്ങാൻ തുടങ്ങും. വഴിയിലും വഴിയിലെ ചെറു ചായക്കടകളിലും ഇനി വലിയ തിരക്കാവുന്ന നിമിഷങ്ങളാണ്. റോഡിലെ ബ്ലോക്ക് മുറുകും, സ്ഥലപരിമിതിയിൽ തോന്നും പോലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് അതിന്റെ പ്രദാന കാരണം.സമയം 7.30 യോടടുക്കുകയാണ്  ഈ സമയത്തും മല കയറി കാഴ്ച്ചക്കാർ വന്നു കൊേണ്ടേയിരിക്കുന്നുണ്ട് . 


മഞ്ഞിന്റെ വിസ്മയം വിരിഞ്ഞ കാഴ്ച കണ്ട്  വലിയ പുൽതലപ്പുകൾ വഴിയിേക്ക് തല നീട്ടി നിൽക്കുന്ന പാതയിലൂടെ മലയിറക്കമാണ്.  ചെങ്കുത്തായ ഇറക്കം ഇറങ്ങുമ്പോൾ ഒരു കാര്യം കൂടി ഒരു കാര്യം കൂടി സൂചിപ്പിക്കാതെ വയ്യ, ഒരു പ്രദേശത്തെ ജന സമൂഹങ്ങൾക്ക് അത്യാഹിത സാഹചര്യങ്ങളിലുൾപ്പെടെ ആശുപത്രികളലേക്ക് പോലും എത്തിച്ചേരുന്നതിനുള്ള ഒരേ ഒരു മാർഗ്ഗമാണ് ഇതെന്ന്. അവർക്കൊക്കെ വഴിമുടക്കാതെ സുഗമമായ സഞ്ചാരം സാധ്യമാക്കുന്നതിന് നമ്മൾ ഓരോരുത്തരും ശ്രദ്ധ ചെലുത്തേണ്ടതാണ്. നല്ലൊരു കാഴ്ച്ച നമ്മൾക്ക് സമ്മാനിക്കുന്ന നാടിനും നാട്ടാർക്കും നമ്മളൊരു ദ്രോഹമാകരുതല്ലോ.




ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തിങ്കളാഴ്ച്ച യാത്ര, തൊടുപുഴക്കാരി സുന്ദരിക്കൊപ്പം

ഒരു ദിനം, വാഗമൺ പരുന്തുംപാറ പഞ്ചാലിമേട്

കാഴ്ച്ചയുടെ ഉയരങ്ങളിൽ മനസിന്റെ പൂക്കാലം