അന്നമാണ് - ദൈവമാണ്
"റേഷനരി കിട്ടണത് ഞങ്ങള്‍ പട്ടിക്ക് കൊടുക്കും"
"ഞങ്ങടെ പട്ടിക്ക് കൊടുത്താല്‍ അത് ഞങ്ങളോട് തന്നെ തിന്നാന്‍ പറയും"
രണ്ട് പേരുടെ അല്ലെങ്കില്‍ രണ്ട് സുഹൃത്തുക്കളുടെ സംസാരത്തിനിടയില്‍ അവര് പറഞ്ഞതാണിത്. രണ്ട് എന്ന ചെറിയ സംഖ്യ അല്ല, ഇത്തരത്തിലുള്ള വലിയൊരു സമൂഹം തന്നെ ഉണ്ട് റേഷനേയും റേഷനരിയേയും ചവിട്ടി താഴ്‌ത്തി തങ്ങളുടെ സ്റ്റാറ്റസ് കാണിക്കുന്നവര്‍. ശരിയാണ് റേഷനരിക്ക് ചിലപ്പോ മണം പോര, രുചി പോര, ഗുണം പോര. നാട്ടിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും കടകളില്‍ നിന്നുമൊക്കെ പായ്‌ക്ക് ചെയ്‌ത അഞ്ചും പത്തും ഇരുപത്തഞ്ചും അന്‍പതും കിലോയിലുള്ള പലവര്‍ണ്ണത്തിലുള്ള അരിച്ചാക്ക് കാറിന്റെ ഡിക്കിയില്‍ കൊണ്ടുവന്നു വയ്‌ക്കുമ്പോള്‍ സംതൃപ്‌തി ഉണ്ടാകുമായിരിക്കാം - അഹങ്കാരമായാലോ ?
സൗജന്യത്തിനും രണ്ട് രൂപയ്‌ക്കും ഒക്കെ അരി മേടിക്കുന്നവരും. ആ അരികൊണ്ട് മാത്രം രണ്ട് നേരവും മൂന്നുനേരവും നാലുനേരവും ഒക്കെ തിന്ന് വിശപ്പകറ്റി വയറുമുറുക്കി ഉടുക്കുന്നവരും, ഇതു പോലും വാങ്ങാന്‍ ഗതി ഇല്ലാത്തവരുമൊക്കെയായി എറെ ആളുകളുണ്ട് ഈ നാട്ടില്‍. അവര്‍ക്കൊക്കെ ഇത് അന്നമാണ്. ദൈവമാണ്.
പട്ടികള്‍ക്കും പന്നികള്‍ക്കും കന്നുകാലികള്‍ക്കും കോഴികള്‍ക്കും ഒക്കെ കൊടുക്കാം അവര്‍ക്കും വിശപ്പണ്ടല്ലോ. വേണ്ടാത്തവര്‍ ഇഷ്ടം പോലെ ഉണ്ടാകും അതിലേറെ അത് വേണ്ടവര്‍ തന്നെ ഉണ്ടാവും. വേണമെങ്കിലും വേണ്ടെങ്കിലും നിന്നിക്കണ്ട, ചവിട്ടി താത്തണ്ട അന്നമാണ് - ആവശ്യക്കാര്‍ക്കെല്ലാം സുലഭമായി ലഭിക്കട്ടെ.