സൂപ്പര്‍ഫാസ്റ്റ്‌ സംതൃപ്‌തി - ഒരു കേസാര്‍ടിസി കഥ


ചുറ്റും ഇരുളിന്റെ കാണാക്കയങ്ങള്‍, തെരുവുപട്ടികള്‍ പട്ടികള്‍ കടിപിടികൂടുന്ന ശബ്ദം, അപ്രതീക്ഷിതമായി ഇരുളിന്റെ മറവില്‍ നിന്നും മുഖത്തിനുനേരേ കൂരച്ചുകൊണ്ട്‌ - കടിക്കാനായി വായും പൊളിച്ച്‌ ചാടിവരുന്ന കറുത്ത തെരുവുപട്ടി. പിന്നോട്ടോടിക്കൊണ്ട്‌ സര്‍വ്വശക്തിയുമെടുത്ത്‌ കൈയ്യുടെ മുഷ്ടി ചുരുട്ടി ആഞ്ഞ്‌ വീശി. " ആ....... " ഭിത്തിയിലാണ്‌ കയ്യിടിച്ചത്‌. വേദനകൊണ്ട്‌ രാവിലത്തെ സുഖകരമായ ഉറക്കം പമ്പകടന്നു. കൈയ്യും തിരുമിക്കൊണ്ട്‌ പതിയെ കണ്ണുകള്‍ തുറക്കുമ്പോള്‍ ജനലിലൂടെ സൂര്യപ്രകാശം മുറിയില്‍ പരന്നു കഴിഞ്ഞിരിക്കുന്നെങ്കിലും, തണുപ്പ്‌ മുറിയില്‍ തളം കെട്ടി തന്നെ കിടക്കുന്നു. വലതു കൈ മടക്കി കണ്ണ് മൂടി കുറച്ചു നേരം കൂടി കണ്ണടച്ച് കിടന്നു. താഴെ റോഡിലൂടെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പോകുന്ന ശബ്ദം കൂടി വന്നു. കിടക്കയില്‍ കിടന്നു തന്നെ കട്ടിലിനു താഴെ വെച്ചിരുന്ന മൊബൈല്‍ ഫോണ്‍ കൈനീട്ടി എടുത്ത്‌ ഡിജിറ്റല്‍ ലോകത്തേക്കുള്ള ചിറകുകള്‍ വിരിച്ചു. സമയം റോക്കറ്റുപോലെ..., ഓഫീസില്‍ പോകണം, റെഡിയാകണം, പോരാത്തതിന്‌ വെളളിയാഴ്‌ച്ചയും ഹാങ്ങറില്‍ തൂങ്ങിക്കിടക്കുന്ന ഡ്രസ്സുകള്‍ എടുത്ത്‌ പായ്‌ക്ക്‌ ചെയ്യണം. പുതച്ചിരുന്ന പുതപ്പ്‌ വലിച്ചുമാറ്റി ചാടി എണീറ്റു. പിന്നെ സമയത്തോടുള്ള മല്‍ പ്പിടുത്തമായിരുന്നു, റെഡിയായി വന്നപ്പോള്‍ തന്നെ ഓഫീസില്‍ പഞ്ച്‌ ചെയ്യാനുള്ള സമയമായി. പ്രഭാതഭക്ഷണം കഴിച്ചെന്ന മട്ടു വരുത്തി ഓടിപ്പിടിച്ച്‌ ഓഫീസിലേക്ക്‌.

രാവിലെ താമസിച്ചാണ്‌ വന്നതെങ്കിലും വൈകുന്നേരം ആറുമണിക്കു തന്നെ പഞ്ച്‌ഔട്ട്‌ ചെയ്‌തിറങ്ങി. ബൈക്കില്‍ നേരെ ടൗണിലേക്ക്‌. ബേബി മെമ്മോറിയല്‍ ഹോസ്‌പിറ്റലിനു മുന്നിലായി ഉയര്‍ന്നു നില്‍ക്കുന്ന ഫ്‌ളയ്യോവറിനു മുകളിലേക്ക്‌ ബൈക്ക്‌ ഓടിക്കയറുമ്പോള്‍ കാഴ്‌ച്ച കോഴിക്കോട്‌ നഗരത്തിനു മുകളിലേക്ക്‌ ചിറകുവിരിക്കും പോലെയാണ്‌. പ്രകാശം മങ്ങിയ സന്ധ്യയില്‍ നഗരം വൈദ്യുത ദീപങ്ങളാല്‍ തെളിഞ്ഞു തുടങ്ങി. ഫ്‌ളൈ ഓവറിനു മുകളിലെ കൈവരിയിലെ വൈദ്യുത ദീപങ്ങള്‍ കണ്ണുതുറന്നു. പകലു മുഴുവന്‍ കത്തി ജ്വലിച്ച സൂര്യന്‍, നഗരം ചുറ്റി കോഴിക്കോടിന്റ പൊന്നോളങ്ങളില്‍ നീരാട്ടിനിറങ്ങിയട്ടുണ്ടാകും. അതുകണ്ട്‌ നാണം പണ്ട മേഖങ്ങളാകാം ചുവന്ന്‌ തുടുത്തിരിക്കുന്നത്‌. ആകാശത്തിലെ മേഖങ്ങള്‍ തീര്‍ത്ത വര്‍ണ്ണ വിസ്‌മയം ആസ്വദിച്ച്‌ പാലമിറങ്ങുന്നത്‌ പുതിയബസ്റ്റാന്റിനു മുന്നിലേക്കാണ്‌. ബസ്സുകളുടേയും ഓട്ടോകളുടേയും ആളുകളുടേയും ഒക്കെ ബഹളമാണ്‌ അവിടെ. ആ ബഹളത്തിനിടയിലൂടെ ഞാനും ബൈക്കും പതിയെ കെ.എസ്‌.ആര്‍.ടി.സി യുടെ കോംപ്ലക്‌സിനു മുന്നിലെത്തി. ബൈക്ക്‌ അണ്ടര്‍ ഗ്രൗണ്ടിലെ പാര്‍ക്കിഗ്‌ ഏരിയയിലേക്ക്‌ തിരിച്ചു. നിര നിരയായി പാര്‍ക്ക്‌ ചെയ്‌തിര്‌ക്കുന്ന നൂറുകണക്കിന്‌ ബൈക്കുകള്‍ക്കിടയില്‍ എന്റെ ബൈക്കും പാര്‍ക്ക്‌ ചെയ്‌ത്‌ മുകളിലെ നിലയിലെ ബസ്റ്റേഷനിലേക്ക്‌ നടന്നു കയറി.

അടുപ്പിച്ചുവരുന്ന അവധിദിവസങ്ങളുടെ തിരക്കാണ്‌ സ്റ്റാന്റഡില്‍, കോട്ടയം വഴിയുള്ള വണ്ടികളൊന്നും സ്‌റ്റാന്‍ിലില്ല. കുറെ അധികനേരം കാത്തുനിന്നു. ആദ്യം വന്ന തിരുവനന്തപുരം സൂപ്പറിലും കോട്ടയം ഫാസ്റ്റിലും ആളുകള്‍ ഇടിച്ചു കയറി. ഞാന്‍ പിന്നോട്ടുമാറി, ഉടനെ തന്നെ തിരുവമ്പാടി - കോട്ടയം ഫാസ്റ്റ്‌ വരാനുണ്ട്‌. അരമണിക്കൂറോളം ഇനിയും കാത്തുനില്‍ക്കണം. കാത്തിരിപ്പു കേന്ദ്രത്തില്‍നിന്നും താഴേക്കുനീളുന്ന പടികളിറങ്ങി പുറത്തെ റോഡിലെത്തി. യാത്രക്കാരെ കാത്ത്‌ നിരനിരയായി കിടക്കുന്ന ഓട്ടോറിക്ഷകള്‍. റോഡിനപ്പുറം നിരന്നിരിക്കുന്ന ഹോട്ടലുകളും ബേക്കറികളും. ബേക്കറികളുടെയെല്ലാം മുന്നിലെ ചില്ലു കൂടുകളില്‍ പലനിറത്തിലുള്ള കോഴിക്കോടന്‍ ഹല്‍വകള്‍ അടുക്കി വെച്ചിരിക്കുന്നു. അതിനുമുന്നിലൂടെ നടന്ന്‌ ഒരു വെജിറ്റേറിയന്‍ ഹോട്ടലില്‍ കയറി ന്‌ല്ല ചൂടന്‍ മഷ്‌റൂം ദോശ ഒരെണ്ണം അകത്താക്കി. തിരകെ സ്‌റ്റാന്റിലെത്തിയപ്പോഴേക്കും ആളുകളുടെ തിരക്ക്‌ കുറഞ്ഞിരിക്കുന്നു, ഇരിപ്പിടങ്ങള്‍ പലതും കാലിയായി. കാത്തുനിന്ന വണ്ടി വരണ്ട സമയം കഴിഞ്ഞിരിക്കുന്നു. ക്ഷമയോടെ കസേരകളിലൊന്നില്‍ കാത്തിരുന്നു

സമയം ഒച്ചിഴയും പോലെ നിരങ്ങി നീങ്ങി. അങ്ങനെ വിരസമായ കാത്തിരിപ്പിനൊടുവില്‍ ഒരു സൂപ്പര്‍ഫാസ്റ്റ്‌ നാലാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക്‌ കയറി നിന്നു. കോട്ടയം - പൊന്‍കുന്നം ബാഗും എടുത്തോടി ബസ്സില്‍കയറി. അധികം തിരക്കൊന്നുമില്ല സൈഡ്‌ സീറ്റ്‌ തന്നെ കിട്ടി. ബാഗൊക്കെ ഒതുക്കിവെച്ച്‌ ആശ്വാസത്തോടെ സീറ്റില്‍ നടു നിവര്‍ത്തി. ബസ്സ്‌ യാത്ര തുടര്‍ന്നു. ഉറങ്ങാന്‍ തയ്യാറാകുന്ന നഗരത്തിന്റെ ജീവ നാഡിയിലൂടെ ബസ്സ്‌ മുന്നോട്ട്‌ കുതിച്ചു. ടിക്കറ്റ്‌ -ടിക്കറ്റ്‌ കണ്ടക്ടറുടെ മുഖത്തേക്ക്‌ നോക്കി, - ഇത്‌ അയ്യാളല്ലേ - മനസില്‍ ഒര്‍മകള്‍ തിരയടിച്ചുയര്‍ന്നു. ഈ മുഖം അത്രപെട്ടന്ന്‌ മറക്കില്ല. ടിക്കറ്റ്‌ തന്ന്‌ മുന്നിലേക്ക്‌ അയ്യാള്‍ നടന്നു. അന്നത്തെ അതേ ബസ്സ്‌ തന്നെ ആര്‍.എസ്‌.സി 873.

അന്നൊരു വ്യാഴാഴ്‌ച്ച ആയിരുന്നു. വെള്ളിയാഴ്‌ച്ചത്തെ കാഷ്വല്‍ ലീവ്‌ റിക്വസ്‌റ്റിന്റെ അപ്രൂവല്‍ മെയില്‍, ഇന്‍ ബോക്‌സില്‍ വരുന്നത്‌ വ്യാഴാഴ്‌ച്ച വൈകുന്നേരമായിരുന്നു. അതുകൊണ്ട്‌ ടാസ്‌ക്‌ കംപ്ലീറ്റാക്കി ഓഫീസില്‍ നിന്നിറങ്ങാന്‍ വൈകി. പഞ്ച്‌ ഔട്ട്‌ ചെയ്‌ത്‌ അല്‌പം തിടുക്കത്തില്‍ തന്നെ ഓഫീസിനു പുറത്തെത്തി ബൈക്കും എടുത്ത്‌ കെ.എസ്‌.ആര്‍.ടി.സി ബസ്‌റ്റാന്റിലെത്തിയപ്പോഴേക്കും സാദാരണ പോകുന്ന ബസ്സുകള്‍ എല്ലാം തന്നെ പോയിരുന്നു. വിരസതയുടെ നിഴല്‍ വീണ നീണ്ട കാത്തിരുപ്പായിരുന്നു. ആ കാത്തിരുപ്പിന്‌ വിരാമമിട്ടുകൊണ്ട്‌ സ്റ്റാന്റിലേക്ക്‌ ഒരു പൊന്‍കുന്നം സൂപ്പര്‍ഫാസ്റ്റ്‌ ബസ്സ്‌ കയറിവന്നു - അതെ മൂവാറ്റുപുഴ കോട്ടയം വഴി പൊന്‍കുന്നത്തേക്ക്‌ പോകുന്ന വണ്ടി. ചാടിക്കയറി ഒരു സീറ്റ്‌ തരപ്പെടുത്തി. ആശ്വാസമായി, ആനവണ്ടി യാത്ര തുടര്‍ന്നു. ആറുമണിക്കൂറിലധികം നീളുന്ന യാത്രയ്‌ക്കിടയില്‍ ഉറക്കം എപ്പോളോ കൂട്ടായിവന്നു. മൂവാറ്റുപുഴ അടുത്തതോടെ പതിയെ ഉറക്കത്തില്‍ നിന്നും എണീറ്റു. സമയം പുലര്‍ച്ചെ രണ്ടുമണിയോടടുക്കുന്നു 
പിന്നീടുള്ള യാത്രയില്‍ ഉറക്കവുമായുള്ള മല്‍പ്പിടുത്തമായിരുന്നു.


"കൂത്താട്ടുകുളം ഇറങ്ങാന്‍ ഉള്ളവര്‍ വന്നേ വന്നേ... " മുന്നിലെ സീറ്റില്‍ നിന്നും തിരിഞ്ഞു നിന്ന്‌ കണ്ടക്ടര്‍ വിളിച്ചു പറഞ്ഞു. പെട്ടന്ന്‌ സ്ഥലകാലബോധം വന്നപോലെ ഞാന്‍ ഞെട്ടി ചുറ്റും നോക്കി. കൂത്താട്ടുകുളം ടൗണിലേക്ക്‌ ബസ്സ്‌ എത്തുന്നതേയുള്ളു. പതിയെ ബാഗും എടുത്ത്‌ ഞാന്‍ എണീറ്റു, മുന്നിലെ സീറ്റിനടുത്തേക്ക്‌ ചെന്നു "സ്റ്റാന്റില്‍ പോവില്ലേ" രാത്രിയ്‌ല്‍ സ്‌റ്റാന്റില്‍ കയറില്ലെന്ന മറുപടി ശരം പോലെ എന്നിലേക്ക്‌ തുളഞ്ഞുകയറി. `രാത്രിയില്‍ എല്ലാ വണ്ടിയും കയറുമല്ലോ` കേട്ടഭാവം നടിക്കാതെ ബെല്ലിന്റെ വള്ളിയില്‍ പിടിച്ച്‌ വലിച്ച്‌ ഇവിടെ ഇറങ്ങിക്കോളാന്‍ പറഞ്ഞു. ബെല്ല്‌ മുഴങ്ങി, വണ്ടി നിന്നു ഓട്ടോമാറ്റിക്‌ ഡോര്‍ തുറന്നു. ഡ്രൈവറോടും കണ്ടക്ടറോടുമായി വീണ്ടും ഞാന്‍ ചോദിച്ചു "ഒരോട്ടോ പോലും കിട്ടാത്തിടത്ത്‌ ആളെ ഇറക്കി വിട്ടാലെങ്ങനാ " ഒരു മറുപടിയും ഇല്ല കേട്ടഭാവം നടിക്കാതെ - വലതുവശത്തെ മീശക്കു മുകളിലായ തടിച്ചമറുകും വട്ടകണ്ണടയും ക്രൂരമായ നോട്ടവുമായി പുറത്തേക്ക്‌ നോക്കി വേഗം ഇറങ്ങിക്കോളാന്‍ കണ്ടക്ടര്‍ വീണ്ടും ആവര്‍ത്തിച്ചു.

നിവര്‍ത്തിയില്ലാതെ ഞാന്‍ നടു റോഡില്‍ ഇറങ്ങി. വണ്ടി ഇരുളില്‍ മറഞ്ഞു. കടത്തിണ്ണയില്‍ നിന്നും സ്‌ട്രീറ്റ്‌ ലൈറ്റില്‍ നിന്നും പ്രകാശം പരന്നുകിടക്കുന്ന വിജനമായ റോഡ്‌. പെട്രോള്‍ പമ്പിലെ കസേരയില്‍ ചാരിയിരുന്നു പാതി മയക്കത്തിലിരിക്കുന്ന പമ്പ്‌ ജീവനക്കാരന്‍, നിശബദതയെ കീറിമുറിച്ചുകൊണ്ട്‌ ഇടയ്‌ക്ക്‌ ചീറിപാഞ്ഞു പോകുന്ന വാഹനങ്ങള്‍. അല്‌പനേരം അവിടെതന്നെ നിന്നു. ഒരോട്ടോറിക്ഷയെങ്കിലും വരുമെന്ന്‌ പ്രതീക്ഷിച്ചു, വന്നില്ല. ബസ്‌റ്റാന്റിലേക്ക്‌ തന്നെ നടക്കാന്‍ തീരുമാനിച്ചു. ടൗണ്‍ തോടിനുകരയിലൂടെ നീളുന്ന വഴിയില്‍ കൂരിരുട്ട്‌ പരന്നുകിടക്കുന്നു. വഴിയുടെ തുടക്കത്തില്‍ കുരിശുപള്ളിയുടെ മുകളിലെ ക്രിസ്‌തുദേവന്റെ രൂപത്തിലേക്ക്‌ നോക്കി തോടിന്റെ കരയിലെ ഫുട്ട്‌ പാത്തിലൂടെ ഇരുട്ടിലേക്ക്‌ നടന്നു. ഇരുട്ടില്‍ പട്ടികള്‍ ഓടിമറയുന്നത്‌ ഭീതിയുടെ വേലിയേറ്റത്തിന്‌ വേഗം കൂട്ടി. മുന്നോട്ടു പോയേ പറ്റൂ സദൈര്യം നടിച്ച്‌ മുന്നോട്ട്‌ തന്നെ നടന്നു. സവാരി കഴിഞ്ഞ്‌ മടങ്ങി വരുന്ന ഓട്ടോയുടെ ശംബ്ദം പലതവണ കാതില്‍ മുഴങ്ങന്ന പോലെ തോന്നി. കെ.എസ്‌.ആര്‍.ടി.സി സ്‌റ്റേഷനിലെ ഹൈമാസ്‌ ലൈറ്റിന്റെ പ്രകാശം ആകാശത്തില്‍ പരന്നു കിടക്കുന്നു. സ്റ്റാന്റിനോട്‌ അടുത്തടുത്ത്‌ വരുന്നു. പെട്ടന്നാണ്‌ ഇരുളിന്റെ മറവില്‍ നിന്നും ഒരു കറുത്ത പട്ടി മുരണ്ടുകൊണ്ട്‌ എന്റെ നേരെ ഓടിവന്നത്‌. ശ്വാസം നിലച്ചു പോലെ, ഓടാന്‍ പോലും പറ്റാത്ത നിമിഷം. അറ്റകൈ പ്രയോഗം എന്നു പറയാം തോളില്‍ കിടന്ന ബാഗ്‌ ഊരി വട്ട്‌ം കറക്കി പട്ടിക്കു മുന്നില്‍, കടിക്കാനായി വായും പൊളിച്ചു ചാടുന്ന പട്ടിയുടെ തലക്കിട്ട്‌ തന്നെ ബഗിന്റെ അടികിട്ടി. നല്ല വെയിറ്റുള്ള
തു കൊണ്ടാവണം പട്ടി മുരണ്ടു കൊണ്ട്‌ പിന്നോട്ടോടി. ഇരുട്ടിന്റെ മറവില്‍ നിന്നവന്‍ നീട്ടി കുരച്ചു, ഊരിപിടിച്ച ബാഗ്‌ കയ്യിലിട്ട്‌ കറക്കി മുന്നോട്ടുള്ള നടത്തത്തിന്റെ വേഗം കൂട്ടി. ബസ്‌റ്റാന്റിനു മുന്നിലെ ഓ്‌ട്ടോസ്‌റ്റാന്റിലേക്കെത്തി.

വെറുതെ അങ്ങ്‌ വീട്ടിലേക്ക്‌ പോകാന്‍ മനസനുവദിച്ചില്ല. നേരെ സ്‌റ്റേഷന്‍ മാസ്‌റ്ററെ കണ്ട്‌ പരാതി ബോധിപ്പിച്ചു. ടിക്കറ്റ്‌ വാങ്ങി നോക്കി അദ്ധേഹം അപ്പോള്‍ തന്നെ പൊന്‍കുന്നം ഡിപ്പോയിലേക്ക്‌ വിളിച്ച്‌ ബസ്സ്‌ സ്റ്റാന്റില്‍ കേറാതെ പോയതും യാത്രക്കാരനെ വഴിയില്‍ ഇറക്കിവിട്ടതും പരാതിപ്പെട്ടു. ഇനി മേലില്‍ അങ്ങനൊരു ബുദ്ധിമുട്ടുണ്ടാവില്ലെന്ന ഉറപ്പില്‍ അദ്ധേഹം എന്നെ യാത്രയാക്കി. പക്ഷെ അതൊന്നും എന്നെ സംതൃപ്‌തനാക്കിയില്ല. ഓട്ടോയില്‍ കയറി വീട്ടിലേക്കുള്ള യാത്രയില്‍ തന്നെ കോര്‍പ്പറേഷന്റെ വാട്ട്‌സ്‌ആപ്പ്‌ സെല്ലിലേക്കും ടിക്കറ്റിന്റെ ഫോട്ടോ ഉള്‍പ്പടെ പരാതി അയച്ചു.

പിറ്റേന്നു രാവിലെ ഉറക്കം എണീറ്റത്‌ ഏതാണ്ട്‌ എട്ടുമണിയോടടുത്തു. കിടക്കയില്‍ കിടന്നു തന്നെ വാട്ട്‌സ്‌ആപ്പിലെ മെസേജുകള്‍ ഓരോന്നായി വായിച്ചു. കെ.എസ്‌.ആര്‍.ടി.സി യില്‍ നിന്നുള്ള മറുപടിയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു "തീര്‍ച്ചയായും പരിശോധിച്ച്‌ ശക്തമായ നടപടി സ്വീകരിക്കും" മെസേജ്‌ കണ്ടതോടെ പ്രഭാതത്തിന്‌ കൂടുതല്‍ ശോഭയാര്‍ന്നപോലെ. മറ്റ്‌ പലകാര്യങ്ങളിലായി ദിവസത്തിന്റ പാതി കടന്നുപോയിരിക്കുന്നു വീട്ടില്‍ തിരിച്ചെ
ത്തി ടി.വി ഓണാക്കി ചാനലുകള്‍ മാറ്റിക്കൊണ്ടിരുന്ന്‌ വീണ്ടും മൊബൈലില്‍ പരതി, കെ.എസ്‌.ആര്‍.ടി.സി യുെട അടുത്ത മെസേജ്‌, ഒപ്പം ഒരു മൊബൈല്‍ നമ്പരും പൊന്‍കുന്നം ഡിപ്പോയിലെ യൂണിറ്റോഫീസറുടെ നമ്പറാണ്‌. അദ്ധേഹത്തിനടുത്തും പരാതി ബോധിപ്പിക്കാന്‍ ആണ്‌ സന്ദേശം. സമയം ഒട്ടും പാഴാക്കിയില്ല അപ്പോള്‍ തന്നെ ആ നമ്പരില്‍ വിളിച്ചു. പരാതി പറഞ്ഞുതുടങ്ങിയപ്പോള്‍ തന്നെ അദ്ധേഹം കൂത്താട്ടുകുളത്തെ സ്‌റ്റേഷന്‍ മാസ്‌റ്റര്‍ വിളിച്ചു പറഞ്ഞ പരാതി എഴുതി വയിച്ചിരിക്കുന്നത്‌ എന്നെ വായിച്ചു കേള്‍പ്പിച്ചു. അടുത്ത ഡ്യൂട്ടിക്ക്‌ കേറുന്നതിനു മുന്നേ അദ്ധേഹത്ത്‌ കണ്ട്‌ കാരണം ബോധിപ്പിക്കണമെന്നാണ്‌ പരാതിക്കൊപ്പം എഴുതി ചേര്‍ത്തിരിക്കുന്നത്‌. അത്രയും കേട്ടപ്പോള്‍ തന്നെ എനിക്ക്‌ സന്തോഷമായി ഫോണ്‍ വയ്‌ക്കുന്നതിനു മുന്നേ അദ്ധേഹം എനിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക്‌ ക്ഷമാപണവും ഇനി ഒരിക്കലും അങ്ങനെ ഉണ്ടാവില്ലെന്ന ഉറപ്പും തന്നു. ഞാന്‍ അതീവ സന്തോഷവാനായി.

ലീവും അവധിയുമെല്ലാം കടന്നുപോയി. തിരികെ കോഴിക്കോട്ടെത്തി. ജോലിത്തിരക്കിലേക്ക്‌, എല്ലാ വെള്ളിയാഴ്‌ച്ചകളിലും രാത്രി വീണ്ടും കൂത്താട്ടുകുളത്തേക്ക്‌ ഫാസ്റ്റ്‌ പാസഞ്ചറിലും സൂപ്പര്‍ഫാസ്റ്റിലുമൊക്കെയായി യാത്രകള്‍ തുടര്‍ന്നു. അവയെല്ലാം കൂത്താട്ടുകുളത്തെ കൊച്ചു ബസ്‌റ്റേഷനിലൂടെ കയറിയിറങ്ങി പോയിക്കൊണ്ടിരുന്നു. അപ്പോഴും മനസില്‍ ഒരാഗ്രഹം ഒളിച്ചുകിടന്നു ആ ഡ്രൈവ്‌റും കണ്ടക്ടറും ഉള്ളപ്പോള്‍ ആ ബസ്സില്‍ ഒന്നുകൂടിയാത്ര ചെയ്യണമെന്ന്‌.

ആ ഡ്രൈവര്‍ തന്നെ ആണോ എന്ന്‌ നിശ്ചയമില്ലെങ്കിലും കണ്ടക്ടര്‍ അന്നത്തെ അതേ ആള്‌ തന്നെയാണ്‌. എനിക്കത്‌ തന്നെ ധാരാളമാണ്‌, വീണുകിട്ടിയ ഈ അവസരം ഉള്ളുകൊണ്ട്‌ ഞാന്‍ സന്തോഷിച്ചു. ഓരോതവണ കണ്ടക്ടര്‍ എന്നെ കടന്ന്‌ പോകുമ്പോളും ചെറുപുഞ്ചിരി ഞാന്‍ ചുണ്ടില്‍ കാത്തുവെച്ചു. എടപ്പാളും കുറ്റിപ്പുറവും കുന്നംകുളവുമൊക്കെ പിന്നിട്ട്‌ അര്‍ഥ രാത്രിയില്‍ ബസ്സ്‌ തൃശ്ശൂര്‍ കെ.എ.സ്‌.ആര്‍.ടി.സി ബസ്സ്‌റ്റേഷനിലേക്കെത്തി. കുറെ അധികം ആളുകള്‍ അവിടെ ഇറങ്ങി, ബാക്കി ബസ്സിലുള്ളവരില്‍ ഭുരി ഭാഗവും ഉറക്കത്തില്‍. എനിക്കാണേല്‍ ഒട്ടും തന്നെ ഉറക്കമേ വരുന്നില്ല. ഒരു യുദ്ധം ജയിച്ചവന്റെ ആഹ്‌ളാദമാണ്‌ മനസില്‍. ഇരുട്ടില്‍ മുങ്ങിയ വഴിയോര കാഴ്‌ച്ചകള്‍ക്ക്‌ എന്നത്തേക്കാള്‍ സൗന്തര്യം ഉള്ളതായി തോന്നുന്നയാത്ര.

യാത്രയുടെ അവസാന നിമിഷങ്ങള്‍. മൂവാറ്റുപുഴ പട്ടണത്തെ പിന്നിലാക്കി കൂത്താട്ടുകുളത്തേക്ക്‌ ബസ്സ്‌ അടുക്കുന്നു. എവിടെ നിന്നെന്നറിയില്ല അതുവരെ ഇല്ലാതിരുന്നൊരാശങ്ക മനസിലേക്കിടിച്ചു കയറി. ഇന്നും ഇവരോട്‌ വഴക്കിടേണ്ടിവരുമോ. സ്‌റ്റാന്‍ഡില്‍കയറുമോ അതോ വഴിയില്‍ ഇറങ്ങേണ്ടി വരുമോ എന്നൊക്കെയുള്ള ചോദ്യ ശരങ്ങള്‍ വന്നു തുളച്ചുകയറി . ചുണ്ടില്‍ കാത്തുവെച്ച പുഞ്ചിരി എപ്പോളോ ഇരുട്ടില്‍ മറഞ്ഞു. അതിനിടയില്‍ രാവിലെ കണ്ട സ്വപ്‌നം ഓര്‍മയിലെത്തിയത്‌ - ദൈവമേ ഇന്നും പട്ടിയുടെ മുന്നിലേക്കാണോ - ആ എന്ത്‌ വന്നാലും വഴിയല്‍ ഇറങ്ങില്ലെന്ന്‌ മനസില്‍ ഉറപ്പിച്ചു. അല്‍പം ഗൗരവത്തില്‍ തന്നെ ഇരുന്നു. വഴിയോരത്തെ പച്ചബോര്‍ഡ്‌ ബസ്സിന്റെ ലൈറ്റില്‍ തിളങ്ങി. - കൂത്താട്ടുകുളം - . പഴയതുപോലെ കണ്ടക്ടര്‍ മുന്നിലെ സീറ്റില്‍ നിന്നും എണീറ്റു. എന്റെ ആശങ്കകളെ നിഷ്‌പ്രഭമാക്കി അദ്ധേഹം എന്നോടായി ചോദിച്ചു " സ്‌റ്റാന്റിലേക്കല്ലേ... ? ". പൊട്ടാനായി തിളച്ചുമറിഞ്ഞ അഗ്നി പര്‍വ്വതം ക്ഷണ നേരം കൊണ്ട്‌ തണുത്തുറഞ്ഞിരിക്കുന്നു. കൈവിട്ടു പോയ പുഞ്ചിരിയെ തിരികെ പിടിച്ച്‌ അതെയെന്ന മറുപടി നല്‍കി. ബസ്സിന്റെ ഇന്‍ഡിക്കേറ്ററുകള്‍ മിന്നി തെളിഞ്ഞു. കൂത്താട്ടുകളം ബസ്റ്റാന്‍ഡില്‍ ബാഗുകളുമെടുത്ത്‌ ഞാന്‍ ഇറങ്ങി. കണ്ടക്ടര്‍ക്ക്‌ മനസ്സു നിറഞ്ഞൊരു ചിരിയും നല്‍കി. പൂര്‍ണ്ണ സംതൃപ്‌തിയോടെ ആ യാത്ര അവസാനിച്ചു. ബസ്സ്‌ അതിന്റെ യാത്ര വീണ്ടും തൂടര്‍ന്നു. എല്ലാ യാത്രകളും പുഞ്ചിരി മായാത്ത യാത്രകളാവട്ടെ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു ദിനം, വാഗമൺ പരുന്തുംപാറ പഞ്ചാലിമേട്

കാഴ്ച്ചയുടെ ഉയരങ്ങളിൽ മനസിന്റെ പൂക്കാലം

കെ.എസ്.ആർ.ടി.സി ഫോട്ടോസ് - KSRTC Picture Gallery