തിങ്കളാഴ്ച്ച യാത്ര, തൊടുപുഴക്കാരി സുന്ദരിക്കൊപ്പം
സമയം ആറ് മണി, ഉറക്കം വിട്ടുമാറാത്ത ആലസ്യത്തിൽ കൂത്താട്ടുകുളം ടൗൺ. ശനിയും ഞായറും കഴിഞ്ഞ് ജോലി സ്ഥലത്തേക്കുള്ള എന്റെ യാത്ര കൂത്താട്ടുകുളം കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിൽ നിന്നും ആരംഭിക്കുന്നു തിങ്കളാഴ്ച കളിലെ ഒരു യാത്ര. ഇത് ഒരു യാത്രാ വിവരണമല്ല ഒന്നരക്കൊല്ലക്കാലമായി ഓരോ തിങ്കളാഴ്ച്ചകളിലും തുടരുന്ന യാത്രയുടെ ഒരോർത്തെടുക്കൽ . ഇരുട്ട് വിട്ടുമാറിയില്ല സൂര്യൻ മലകൾക്കപ്പുറത്തു നിന്ന് പുറത്തുവന്നിട്ടില്ല. വൈദ്യുതി വിളക്കുകളുടെ പ്രകാശം ബസ് സ്റ്റേഷനിൽ പരന്നു കിടക്കുന്നു. പല സ്ഥലങ്ങളിലേക്കു പോകാനുള്ള യാത്രക്കാരോരുത്തരായി വന്നു തുടങ്ങിയിട്ടേ ഉള്ളൂ. കട തുറന്ന് കടക്കാരൻ ചേട്ടൻ സാധനങ്ങൾ അടുക്കി വയ്ക്കുന്നു. സ്റ്റാന്റിൽ പാർക്ക് ചെയ്തിരിക്കുന്ന ബസുകൾക്കിടയിൽ ഒന്നോ രണ്ടോ ബസുകൾ യാത്ര പുറപ്പെടാൻ തയ്യാറായി ബോർഡും വയ്ച്ച് അകത്തെ ലൈറ്റുകളും തെളിയിച്ച് കിടക്കുന്നു. പുറത്ത് യാത്രക്കാരെ കാത്ത് കിടക്കുന്ന ഓട്ടോയിലെ ചേട്ടന്മാർ പാതി മയക്കത്തിലാണ്. എന്റെ കാത്തുനിൽപിനു വിരാമമിട്ട് സ്റ്റാന്റിലേക്കുള്ള പാതി വെളിച്ചം വീണ വഴിയിലൂടെ അവൾ വന്നു, വെളുത്ത സുന്ദരി, തൊടുപുഴയിൽ നിന്നും വരുന്ന ആലപ്പുഴ ഫെയർ സ്റ്റേജ് ലിമിറ്റഡ് സ...






























